കോഴിക്കോട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിയെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തക കെ. അജിത.
ഒരു സാക്ഷി പോലും മൊഴി മാറ്റാതിരുന്നിട്ടും ഈ കേസിന് എന്തു സംഭവിച്ചുവെന്ന് അവര്‍ ചോദിച്ചു. ‘അന്വേഷണ ഉദ്യോഗസ്ഥരുടെ ഇന്നത്തെ പ്രസ്താവനകള്‍ പ്രകാരം ഒരു സാക്ഷി പോലും മൊഴിമാറിയിട്ടില്ല. ഈ കേസില്‍ പരമാവധി തെളിവുകള്‍ പൊലീസ് നല്കിയെന്ന് അവര്‍ തന്നെ പറയുന്നു. എന്നിട്ടെന്താണ് സംഭവിച്ചത്?,’ അജിത കുറിച്ചു.
ഈ നാട്ടിലെ സ്ത്രീകളെല്ലാം ഇനി ബിന്ദു അമ്മിണി പറഞ്ഞതുപോലെ നാടുവിടണോയെന്നും നീതിയെന്നത് പുരുഷന്, അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക്, കയ്യൂക്കുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ട ഒരു കാര്യമാണോയെന്നും അജിത ചോദിച്ചു.
നമ്മുടെയൊക്കെ വോട്ടുകള്‍ കൊണ്ട് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സര്‍ക്കാറിനും ഒന്നും പറയാനില്ലേയെന്ന് സര്‍ക്കാരിനോടും അജിത ചോദ്യമുന്നയിച്ചു.
പോരാട്ടത്തിന്റെ വഴിയില്‍ ഉറച്ചുനില്ക്കുന്ന ആ കന്യാസ്ത്രീയോടും അവരെ പിന്തുണയ്ക്കുന്ന മറ്റു കന്യാസ്ത്രീ സഹോദരിമാരോടും ഒപ്പമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്.
ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയിലാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണ് ഹാജരായത്.
സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. 2019 ഏപ്രില്‍ നാലിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 സെപ്റ്റംബറിലാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. കേസിലെ 84 സാക്ഷികളില്‍ 39 പേരെ കോടതി വിസ്തരിച്ചു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക.
പ്രോസിക്യൂഷന്‍ 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഈ മാസം പത്തിനാണ് വിചാരണ പൂര്‍ത്തിയായത്.
2018 ജൂണ്‍ 29നാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസെടുക്കുന്നത്. വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
ഇത് ചോദ്യം ചെയ്ത് പരാതിക്കാരുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ സമരം ആരംഭിക്കുകയും ഒടുവില്‍ സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
25 ദിവസത്തിനുശേഷം ഒക്ടോബര്‍ 15നാണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിക്കുന്നത്. പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ആ ആവശ്യം തള്ളുകയായിരുന്നു.
അജിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ
കന്യാസ്ത്രീമഠങ്ങളില്‍ നടക്കുന്ന അതിഭീകരമായ ലൈംഗികപീഡനങ്ങളുടെ കഥകളില്‍ അടുത്ത കാലത്ത് ഏററവും കുപ്രസിദ്ധിയാര്‍ജ്ജിച്ച കേസാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍േറത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസിലും നടിയെ ആക്രമിച്ച കേസിലും സാക്ഷികളുടെ മൊഴിമാറ്റം ഒരു പ്രധാന കാരണമായിരുന്നുവെങ്കില്‍ ഈ കേസില്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ ഇന്നത്തെ പ്രസ്താവനകള്‍ പ്രകാരം ഒരു സാക്ഷി പോലും മൊഴിമാറിയിട്ടില്ല. ഈ കേസില്‍ പരമാവധി തെളിവുകള്‍ പൊലീസ് നല്കിയെന്ന് അവര്‍ തന്നെ പറയുന്നു. എന്നിട്ടെന്താണ് സംഭവിച്ചത്?
ഈ നാട്ടിലെ സ്ത്രീകളെല്ലാം ഇനി ബിന്ദു അമ്മിണി പറഞ്ഞതുപോലെ നാടുവിടണോ? അതോ അതി നീചമായ ഇത്തരം നീതിനിഷേധങ്ങള്‍ക്കെതിരെ കൂട്ടത്തോടെ ഹരാക്കിരി ചെയ്യണോ? നീതിയെന്നത് പുരുഷന്, അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക്,
കയ്യൂക്കുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ട ഒരു കാര്യമാണോ?
അത്രമാത്രം പ്രതിഷേധവും അമര്‍ഷവും നിരാശയുമുണ്ട് ഞങ്ങള്‍ക്ക്. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇങ്ങനെ കരിങ്കല്‍ ഭിത്തിയോട് തലതല്ലിച്ചാവുകയേ വഴിയുള്ളോ? നമ്മുടെയൊക്കെ വോട്ടുകള്‍ കൊണ്ട് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സര്‍ക്കാറിനും ഒന്നും പറയാനില്ലേ?
ഞങ്ങള്‍, കേരളത്തിലെ സ്ത്രീകള്‍ അവര്‍ക്കൊപ്പമാണ്–ഫ്രാങ്കോയുടെ പീഡനങ്ങളേററ് മുറിവേററ ശരീരവും മനസ്സുമായി ഇന്നും പോരാട്ടത്തിന്റെ വഴിയില്‍ ഉറച്ചുനില്ക്കുന്ന ആ കന്യാസ്ത്രീയോടും അവരെ പിന്തുണയ്ക്കുന്ന മററു കന്യാസ്ത്രീ സഹോദരിമാരോടും ഒപ്പം!
ഇത്തരം പരാജയങ്ങളിലൂടെയാണ് നമ്മള്‍ വിജയത്തിന്റെ പടവിലെത്തുക. ഈ ചരിത്രനിയമം നാം മറക്കാതിരിക്കുക!
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: ajitha criticizing the judgement of franco mulakkal case