കുപ്പുദേവരാജും അജിതയും കീഴടങ്ങാന്‍ തയ്യാറായിരുന്നു; മാവോയിസ്റ്റ് നേതാവ് രൂപേഷ് കുമാര്‍ കത്തയച്ചതായി രമേശ് ചെന്നിത്തല
Kerala
കുപ്പുദേവരാജും അജിതയും കീഴടങ്ങാന്‍ തയ്യാറായിരുന്നു; മാവോയിസ്റ്റ് നേതാവ് രൂപേഷ് കുമാര്‍ കത്തയച്ചതായി രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th February 2017, 7:37 pm

തിരുവനന്തപുരം:  കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് കുമാര്‍ തനിക്ക് കത്ത് അയച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുപ്പുദേവരാജ്, അജിത എന്നിവരുടെ മരണവും സംസ്ഥാനത്തെ പൊലീസിന്റെ മാവോയിസ്റ്റ് വേട്ടയും വിഷയമാക്കിയാണ് കത്ത്.

കടുത്ത പ്രമേഹ രോഗിയായിരുന്ന കുപ്പുരാജും കണ്ണിനു കാഴ്ച കുറഞ്ഞു വരുന്ന അജിതയും കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ ഇവരെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും രൂപേഷ് കത്തില്‍ പറഞ്ഞതായി ചെന്നിത്തല പറയുന്നു.

രൂപേഷിന്റെ കത്ത് ശുഭസൂചകമാണെന്നും ആയുധം ഉപേക്ഷിക്കുകയാണെങ്കില്‍ രൂപേഷിനോടും സഹപ്രവര്‍ത്തകരോടും
ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നും ചെന്നിത്തല പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

rupesh

 

ഫേസ്ബുക്ക് പോസ്റ്റ്

കോയമ്പത്തൂര്‍ ജയിലില്‍ നിന്നും രൂപേഷ് എനിക്ക് കത്തെഴുതിയിരുന്നു. മാവോയിസ്റ്റ് വേട്ട സംസ്ഥാന പോലീസ് ശക്തമാക്കിയതും കുപ്പുരാജ് ,അജിത എന്നിവര്‍ വെടിയേറ്റ് മരിക്കാനിടയായ സാഹചര്യവും ചൂണ്ടിക്കാട്ടി ശക്തമായ ഭാഷയിലായിരുന്നു കത്ത്. കടുത്ത പ്രമേഹ രോഗിയായിരുന്ന കുപ്പുരാജ് , കണ്ണിനു കാഴ്ച കുറഞ്ഞു വരുന്ന അജിത എന്നിവര്‍ കീഴടങ്ങാന്‍ തയാറായിരുന്നിട്ടും വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് രൂപേഷ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇടത് പക്ഷസര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളെ എണ്ണിയെണ്ണി വിമര്‍ശിക്കുമ്പോള്‍ തന്നെ പുതിയ ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നിടാനും രൂപേഷ് തയാറാകുന്നത് ശുഭ സൂചകമായിട്ടാണ് കാണുന്നത്. ചര്‍ച്ചകള്‍ക്കു മുന്‍കൈ എടുക്കണമെന്നും എന്റെ പിന്തുണ ആവശ്യപ്പെട്ടുമാണ് കത്ത് എഴുതിയത്.

രാജ്യത്തു വളര്‍ന്നു വരുന്ന അസമത്വവും സാമൂഹ്യ നീതി നിഷേധവും നമ്മെ പിന്നോട്ട് അടിക്കുന്നു എന്നത് സത്യമാണ്. സ്വാതന്ത്ര്യം ലഭിച്ച കാലത്തെ അപേക്ഷിച്ചു നിരവധിപേര്‍ പട്ടിണി പട്ടികയില്‍ നിന്നും പുറത്തു വന്നിട്ടുണ്ടെങ്കിലും ഗതിവേഗം പോരാ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഈ അഭിപ്രായത്തില്‍ രൂപേഷിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നു എങ്കിലും ഇതിനു പരിഹാരം തേടുന്ന കാര്യത്തില്‍ എനിക്ക് വ്യത്യസ്ത കാഴ്ചപ്പാടാണ് ഉള്ളത്. ലോകത്ത്ഏറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത് . ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് വേണം പരിഹാരം കണ്ടുപിടിക്കേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

മനുഷ്യകുലത്തിന്റെ പക്കലുള്ളതില്‍ ഏറ്റവും മഹത്തായ ശക്തിയാണ് അഹിംസ. മനുഷ്യന്‍, അവന്റെ വൈഭവത്താല്‍ കണ്ട് പിടിച്ചിട്ടുള്ള ഏറ്റവും വിനാശകരമായ ആയുധത്തെക്കാളും ശക്തമാണത്.ഭഭഎന്ന രാഷ്ട്രപിതാവിന്റെ വാക്കുകളെ മുറുകെ പിടിച്ചു നീങ്ങണം. പോരാടാനുള്ള വഴിയാണ് മഹാത്മാഗാന്ധി നമ്മുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്നു . ഇതൊരു വിജയിച്ച പാത കൂടിയാണ് എന്നോര്‍ക്കണം.

രാജ്യത്ത് മുപ്പത് കോടിയിലേറെ ആളുകളുടെ ദിവസ വരുമാനം ഇരുപത് രൂപയില്‍ താഴെയാണ്.
ഗ്ലോബര്‍ ഹങ്കര്‍ ഇന്‍ഡക്‌സിലും നിരാശയാണ് . പോഷകാഹാര കുറവ് കൊണ്ട് സംഭവിക്കുന്ന കുഞ്ഞുങ്ങളുടെ മരണം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. തൊഴിലില്ലായ്മ 17.8 മില്യണ്‍ ആയി ഉയര്‍ന്നു. ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ ആണ് രാജ്യത്ത് സംഭവിക്കുന്നത് . എന്നാല്‍ ആയുധം എടുത്ത് അടരാടുകയല്ല പോംവഴി. സമാധാനപൂര്‍ണമായ അന്തരീക്ഷം നിലനിര്‍ത്തി പൊതുപ്രവര്‍ത്തനത്തിലേക്ക് താങ്കളും സഹപ്രവര്‍ത്തകരും കടന്നുവരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരുകൈയില്‍ സമാധാനവും മറുകൈയില്‍ തോക്കുമേന്തിയ ചര്‍ച്ച പാഴാണ്. ആയുധം താഴെ വച്ചശേഷമുള്ള ചര്‍ച്ച എന്ന വ്യവസ്ഥകൂടി മുന്നോട്ടു വയ്ക്കുന്നു.

രൂപേഷിന്റെ വാക്കുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ സഹപ്രവര്‍ത്തകരെ അറിയിച്ച ശേഷം പറയു . ആയുധം ഉപേക്ഷിച്ച ശേഷം അറിയിക്കു.നമുക്ക് ചര്‍ച്ച വേദിയില്‍ കണ്ടുമുട്ടാം.ചര്‍ച്ചയ്ക്ക് ഞാന്‍ തയാര്‍.