തിരുവനന്തപുരം: അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ പൈലറ്റിനെതിരെയുള്ള നടപടി റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം തീരുമാനിക്കാമെന്ന് വ്യോമയാനമന്ത്രി അജിത് സിങ്ങ്. []
സിവില്‍ വ്യോമയാന സുരക്ഷാ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും അജിത് സിങ് വ്യക്തമാക്കി.
സിവില്‍ വ്യോമയാന സുരക്ഷാ കമ്മീഷന്റെ റീജണല്‍ ഡയറക്ടര്‍ ശരത് ശ്രീനിവാസനാണ് തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി
ഡയറക്ടര്‍ക്കും സിവില്‍ ഏവിയേഷന്‍ ബ്യൂറോയ്ക്കും നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.
കൊച്ചിയില്‍ ഇറക്കുന്നതിന് പകരം തിരുവനന്തപുരത്ത് വിമാനം ഇറക്കിയതിനെ തുടര്‍ന്നുണ്ടായ യാത്രക്കാരുടെ പ്രതിഷേധവും വൈമാനികരുടെ നടപടികളുമാണ് വെള്ളിയാഴ്ച വിമാനത്താവളത്തില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചത്.
കാലാവസ്ഥ മെച്ചപ്പെട്ടുകഴിഞ്ഞാലുടന്‍ വിമാനം കൊച്ചിയിലേക്ക് പോകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ യാത്രക്കാര്‍ സ്വന്തം ചെലവില്‍ കൊച്ചിയിലേക്ക് പോകണമെന്നായി അധികൃതര്‍.
എന്നാല്‍ ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. വിമാനത്തില്‍ നിന്നും തങ്ങള്‍ പുറത്തിറങ്ങില്ലെന്നും പൈലറ്റിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നുമായിരുന്നു യാത്രക്കാരുടെ നിലപാട്.
ഇതേ തുടര്‍ന്ന് പൈലറ്റ് വിമാനത്തിലുള്ള ട്രാന്‍സ്‌പോണ്ടര്‍ കോഡ് അമര്‍ത്തി. വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുവെന്ന സന്ദേശവും അവര്‍ എയര്‍ട്രാഫിക് കണ്‍ട്രോളിന് നല്‍കി.
പൈലറ്റിന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള അതോറിറ്റിയുടെ അഗ്‌നിശമന വാഹനങ്ങള്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍, സി.ഐ.എസ്.എഫിന്റെ ക്വിക്ക് റസ്‌പോണ്‍സ് ടീം എന്നിവര്‍വിമാനത്തെ വളഞ്ഞു.
തുടര്‍ന്ന് യാത്രക്കാരുമായി ചര്‍ച്ച നടത്തുകയും അതിന് ശേഷം. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേര്‍ന്നു. പതിനൊന്നുമണിയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ മറ്റൊരു പൈലറ്റായ പോള്‍ ജേക്കബ് അടക്കമുള്ള വിമാന ജീവനക്കാരെ വിളിച്ചുവരുത്തി. ഉച്ചയ്ക്ക് 2.05ന് വിമാനം കൊച്ചിയിലേക്ക് പോവുകയായിരുന്നു.