ഫെല്ലോഷിപ്പ് മുടങ്ങിയ ഒരു ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മ സംഘര്‍ഷങ്ങള്‍
DISCOURSE
ഫെല്ലോഷിപ്പ് മുടങ്ങിയ ഒരു ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മ സംഘര്‍ഷങ്ങള്‍
അജിത്ത് ശേഖരൻ
Monday, 4th September 2023, 1:12 pm
ആര്‍ക്ക് തുക അനുവദിക്കണം, എപ്പോള്‍ അനുവദിക്കണം, ആര്‍ക്ക് നിഷേധിക്കണം ആര്‍ക്കു നിഷേധിച്ചലാണ് ചോദ്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്തത് എന്ന് കൃത്യമായ കാഴ്ച്ചപ്പാടും ബോധ്യവും വെച്ച് പുലര്‍ത്തുന്നവര്‍. വ്യക്തിപരമായും, വിദ്യാര്‍ഥിസംഘടനകള്‍, മറ്റു സംഘടനകള്‍, മറ്റു അധികൃതര്‍ എല്ലാം ഇത്തരം ആവശ്യവുമായി സമീപിച്ചിട്ടും നീതിയുക്തമായ ഒരു സമീപനം ഉണ്ടാവാത്തതു മറ്റെന്ത് കൊണ്ടാവാം.

ജനാധിപത്യ സാമൂഹിക വ്യവസ്ഥിതിയില്‍ നിയമ വ്യവസ്ഥയായാല്‍ തന്നെ സംരക്ഷിക്കപ്പെടേണ്ടുന്ന ജനസമൂഹത്തിന്റെ മക്കള്‍ അനുഭവിക്കുന്ന വിദ്യാഭ്യസപരമായ അവകാശ നിഷേധങ്ങളുടെ കഥപറച്ചിലുകള്‍ ഇവിടെ തുടങ്ങിയതോ ഇവിടം കൊണ്ട് അവസാനിക്കുന്നതോ അല്ല.

വിദ്യാഭ്യസത്തിന് തുടര്‍ച്ചയില്ലാതെ ഇറങ്ങിപ്പോരേണ്ടിവരുന്ന ആദിവാസി-ദളിത് വിദ്യാര്‍ഥികളുടെ സാമ്പത്തിക മാനസികാവസ്ഥ പരിഗണിക്കപ്പെടേണ്ടതില്ലാത്തതുകൊണ്ടും അന്വേഷണവിധേയമല്ലാത്തതുകൊണ്ടും പാഠപുസ്തകങ്ങളുപേക്ഷിച്ച്, ഗവേഷണ പ്രബന്ധങ്ങളുപേക്ഷിച്ച് അധികാരവര്‍ഗ്ഗം കാലങ്ങള്‍ക്കൊണ്ടു പടുത്തുയര്‍ത്തിയ കോളനികളിലേക്കു അവര്‍ തിരിച്ചു മടങ്ങുന്ന സമയം വിദൂരമല്ല.

പറഞ്ഞു വരുന്നത് എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് മാസം തോറും ലഭിക്കേണ്ട ഇ ഗ്രാന്റ് തുകയെക്കുറിച്ചാണ്. ഒരുപാട് പ്രതീക്ഷകളോടെയും അഭിമാനത്തോടെയും കൂടെയായിരുന്നു ഗവേഷണമേഖലയിലേക്കുള്ള എന്റെ ചുവടുവെപ്പ്. അതിന്റെ പരമമായ യാഥാര്‍ത്യത്തിലേക്കെത്താന്‍ അധികനാള്‍ വേണ്ടിവന്നില്ല.

ഗവേഷണ കാലയളവിന്റെ രണ്ടാം വര്‍ഷം പാതി നില്‍ക്കുമ്പോള്‍ സാമ്പത്തിക അടിത്തറയില്ലാതെ, ഇ ഗ്രാന്റ് ഫെല്ലോഷിപ്പ് തുകയില്ലാതെ 12 മാസം അതിജീവിച്ചു. ഇത്തരത്തില്‍ നിരവധി ഗവേഷക വിദ്യാത്ഥികള്‍ ഉണ്ടെന്നാണ് മറ്റൊരു യാഥാര്‍ഥ്യം.

മലയാള പഠന വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥി എന്ന നിലയില്‍ ജീവനുള്ള ഒരു വസ്തുവിനും ഈ ഫെല്ലോഷിപ്പിന്‍മേല്‍ പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കാന്‍ കഴിയില്ല എന്നറിയാവുന്നതാണ്. അതിലുപരിയായി എന്നെ അത്ഭുതപെടുത്തുന്ന മറ്റൊരു കാര്യം സയന്‍സ് വിഷയങ്ങളെ സംബന്ധിച്ചതാണ്. ചെലവേറിയ ഗവേഷണമേഖലയായ സയന്‍സ് വിഷയങ്ങളില്‍ ഗവേഷണം ചെയ്യുന്ന ആളുകളുടെ നിലനില്‍പ്പ്, മാനസികാവസ്ഥകള്‍, എന്നിവ അന്വേഷണവിധേയമല്ലാത്തതുകൊണ്ടുതന്നെ അറിയാനുള്ള കൗതുകവും ഏറയാണ്.

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് അനുവദിച്ചിരുന്ന ഇ-ഗ്രാന്റ് തുക കേന്ദ്ര, സംസ്ഥാന സംയുകത ആഭിമുഖ്യത്തിലാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഡിഗ്രി, പി.ജി. കൂടാതെ പ്രൊഫഷണല്‍ കോഴ്സ്‌കാളായ ബി.എഡ്, എന്‍ജിനിയറിങ്, നഴ്‌സിംങ്, മറ്റു മെഡിക്കല്‍ കോഴ്‌സുകള്‍ എന്നീ മേഖലകളിലെല്ലാം പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അതാത് സ്ഥാപനം വഴിയായിരുന്നു ഇ-ഗ്രാന്റ് തുക മുമ്പ് ലഭ്യമായിരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനു മുകളിലായി വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്കാണ് ഈ തുകയെത്തുന്നത്. അതാകട്ടെ വലിയ കാലതാമസമെടുത്തും.

ഹോസ്റ്റല്‍ വാടക, മെസ് ബില്‍ മറ്റു പഠനാവശ്യങ്ങള്‍ എന്നിവ കൃത്യതയില്‍ നടപ്പിലാക്കാന്‍ പല സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും നിര്‍ബന്ധമുള്ളതിനാല്‍ എളുപ്പത്തില്‍ ഈ അന്തരീക്ഷങ്ങളെ ഉപേക്ഷിക്കേണ്ട ചിന്തകളാണ് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇത് കാര്യങ്ങളെ കുറച്ചുകൂടെ ലഘുവായി കാണാന്‍ ബന്ധപ്പെട്ട അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

വിദ്യാര്‍ത്ഥികളുടെ ശബ്ദങ്ങള്‍ ഹോസ്റ്റല്‍ മുറികളിലെ അടക്കം പറച്ചിലുകള്‍ മാത്രമാവും. വിദ്യാഭ്യാസ സ്ഥാനപനങ്ങക്ക് ഫീസ് അടക്കാന്‍ നിര്‍ബന്ധം പിടിക്കുന്നതിനുപരിയായി കുട്ടികളുടെ മേലുള്ള ഉത്തരവാദിത്തമില്ലാതാവും. മാസം പണമടക്കുന്ന കുട്ടികള്‍ മാത്രം വിദ്യാഭ്യാസം നേടിയാല്‍ മതിയെന്ന അവസ്ഥ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും സഹായത്താല്‍ വിദ്യാഭ്യാസം നേടേണ്ടി വരുന്ന അവസ്ഥ.

ഇത് രണ്ടുമില്ലാതാവുന്നവരുടെ ഒരു ലോകത്തു നിന്നുകൊണ്ടാണ് പലരും വിദ്യയുടെ വില്ലുവണ്ടികളോടിക്കുന്നത്.

ഇനി ഇ-ഗ്രാന്റ് സംവിധാനങ്ങളുടെ പ്രസക്തഭാഗങ്ങളിലേക്ക് വരാം. ഗവേഷണകാലയളവിന്റെ കുറച്ചുനാളുകള്‍ സെക്രട്ടേറിയേറ്റ് കയറി ഇറങ്ങുന്നതിനായി വിനിയോഗിച്ചിരുന്നു. അക്കാലയാളിവിലാണ് സാങ്കേതിക പ്രശ്‌നങ്ങളുടെ ഒരു ശൃംഖലയിലാണ് ഞാനടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പെട്ട് നില്‍ക്കുന്നത് എന്ന് മനസ്സിലാവുന്നതും. മുന്‍പും ഇതുപോലെ ഫെല്ലോഷിപ്പ് മുടങ്ങിയിട്ടുള്ളത് ഓര്‍മ്മിക്കുന്നു.

ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന എസ്.എന്‍.എ സംവിധാനം വഴി ആദ്യമായി ചെയ്യുന്നതിന്റെ പ്രശ്‌നങ്ങാളാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഡയറക്ടറേറ്റില്‍ നിന്നും ബില്ല് പാസാവുന്നത് പി.എസ്.എം.എസ് വഴിയും. സാങ്കേതികത പരിഹരിച്ച് വിദ്യാര്‍ത്ഥികളുടെ ലിസ്റ്റും ഓര്‍ഡറും ലഭിച്ചിട്ടുണ്ടെന്നും ആ ഓര്‍ഡറിലേ ലിസ്റ്റ് പ്രകാരം വിജയകരമായിത്തീര്‍ന്നാല്‍  അക്കൗണ്ടിലേക്ക് ക്യാഷ് എത്തുമെന്നും,  ട്രഷറിയില്‍ ബില്ല് പാസാവുന്ന സമയങ്ങളൊന്നും ഇനിയാവശ്യമായി വരില്ല എന്ന അറിയിപ്പും കിട്ടി.

വിദ്യാര്‍ത്ഥികളുടെ പേര്, സീഡിംഗ് നടത്തിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐ.എഫ്.എസ്.സി കോഡ്, എന്നിവ കൃത്യമായി ഈ സംവിധാനത്തിലേക്ക് നല്‍കുന്ന പക്ഷം സംസഥാന ഗവണ്മെന്റ് ഇ ഗ്രാന്റ് ഇനത്തില്‍ അനുവദിച്ച 29 കോടി രൂപ അക്കൗണ്ടിലേക്ക് യഥാക്രമം എത്തുമെന്നും അറിയിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സോഫ്റ്റ്‌വെയറുകള്‍ വളരെ സമഗ്രമായി ആവിഷ്‌ക്കരിക്കുന്നതുകൊണ്ട്തന്നെ തുക പാസായാല്‍ ഉടനെ തന്നെ വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്ക് എത്തും എന്നും അറിയാന്‍ കഴിഞ്ഞു.

മനസിലാക്കിയതും മനസിലാവാത്തതുമായ നിരവധി ടെക്നിക്കല്‍ പ്രശ്‌നങ്ങളുണ്ട്. മനസിലായത് വെച്ച് കുറെ സുതാര്യമാണെന്ന് തോന്നുമെങ്കിലും തുക എവിടെ എന്നുള്ള ചോദ്യം ബാക്കിയാവുന്നു.

ഇനി ഒരു ഗേവഷകന്‍ എന്ന നിലയില്‍ എസ്-ടി ഡിപ്പാര്‍ട്ടമെന്റിനെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ പറയാം. അതൊരു ബ്യൂറോക്രാറ്റിക് ശൃംഖലയാണ്. ശ്രേണിബദ്ധമായി ഫയലുകള്‍ കൈകാര്യം ചെയ്യുന്ന കൃത്യമായി തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ കഴിയാത്ത ഒരിടം ഇതിനകത്തുണ്ട്. എവിടെയാണ് തെറ്റ്, ആരാണ് ഇത്തരം വിദ്യാര്‍ഥികളോട് അനീതിപരമായ ഇടപെടല്‍ നടത്തുന്നത് എന്ന് പുറത്തു നിന്നൊരാള്‍ക്ക് ചൂണ്ടികാണിക്കാനോ ചോദ്യം ചെയ്യാനോ കഴിയാത്ത വിധം രൂപപ്പെടുത്തിയെടുത്തത്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെല്ലോഷിപ്പ് മുടങ്ങിയ സംഭവത്തില്‍ പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത്‌കൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പ്‌

അതിനാല്‍ത്തന്നെ നമ്മള്‍ ഒരു സിസ്റ്റത്തെ മുഴുവന്‍ എതിര്‍ക്കേണ്ടിവരുന്നു. ഭരണം മാറി മാറി വന്നിട്ടും ഈ ഒരു അവസ്ഥക്ക് മാറ്റം ഉണ്ടാവാത്തത് അതിനാലാണ് എന്നുള്ള മനസിലാക്കലിലാണ് ഇന്നിപ്പോള്‍ ഉള്ളത്. ഇതിനകത്ത് ഉള്ളവര്‍ക്കുള്ള അധികാരവും വരേണ്യതയും അതനുസരിച്ചുള്ള കാഴ്ചപ്പാടുകളും ഇത്തരം ചെയ്തികളെ സുരക്ഷിതസ്ഥാനത്ത് നിര്‍ത്തുന്നതാവാം.

ആര്‍ക്ക് തുക അനുവദിക്കണം, എപ്പോള്‍ അനുവദിക്കണം, ആര്‍ക്ക് നിഷേധിക്കണം ആര്‍ക്കു നിഷേധിച്ചലാണ് ചോദ്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്തത് എന്ന് കൃത്യമായ കാഴ്ച്ചപ്പാടും ബോധ്യവും വെച്ച് പുലര്‍ത്തുന്നവര്‍. വ്യക്തിപരമായും, വിദ്യാര്‍ഥിസംഘടനകള്‍, മറ്റു സംഘടനകള്‍, മറ്റു അധികൃതര്‍ എല്ലാം ഇത്തരം ആവശ്യവുമായി സമീപിച്ചിട്ടും നീതിയുക്തമായ ഒരു സമീപനം ഉണ്ടാവാത്തതു മറ്റെന്ത് കൊണ്ടാവാം.

കൃത്യമായി ലഭിക്കേണ്ട തുക ലഭിക്കുകയും മാസം പ്രതി ആദിവാസി-മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം എന്നുദ്ദേശിച്ചു നടപ്പിലാക്കുന്ന പ്രോജക്ടുകളുടെ തുകയുടെ ഒരു വിഹിതം മതിയാവും നാളേക്കുള്ള സമൂഹരൂപീകരണത്തിനുതകുന്ന തരത്തില്‍ ഇന്നുള്ള കുട്ടികള്‍ക്ക് പഠിച്ചു മുന്നേറാന്‍. നീണ്ട കാലങ്ങളുടെ അനുഭവസമ്പത്തില്‍ നിന്നുകൊണ്ടാണ് ഇത്തരമൊരു എഴുത്തിന് എന്നെ പ്രാപ്ത്തമാക്കിയതെന്നുള്ളത് കൊണ്ട് പറയട്ടെ, സുരക്ഷിതമായ ചുറ്റുപാടില്‍ ജീവിച്ചു കൊണ്ട് ഫെല്ലോഷിപ്പ് തുക വരുമ്പോള്‍ വരട്ടെ എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ആളുകള്‍ക്കുള്ള എഴുത്തായി ഇതിനെ കണക്കാക്കരുത്. ഇത് സമര്‍പ്പിക്കുന്നത് സാമ്പത്തിക അടിത്തറയില്ലാത്ത ഹോസ്റ്റല്‍ മുറികളില്‍ ചോര വറ്റിയ കുറെ ഉടലുകളുടെ പ്രതിഷേധമായിട്ടാണ്.

content highlights: Ajith Sekharan writes about the suspension of fellowships for SC category research students

അജിത്ത് ശേഖരൻ
ഗവേഷകൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി