| Friday, 7th January 2022, 4:18 pm

'എത്ര കോടി തന്നിട്ടും കാര്യമില്ല തിയേറ്ററിലെ റിലീസ് ചെയ്യു'; 300 കോടി രൂപയുടെ ഒ.ടി.ടി ഓഫര്‍ നിരസിച്ച് അജിത്തിന്റെ വലിമൈ ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: അജിത് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് വലിമൈ. ജനുവരി 13 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ റിലീസ് മാറ്റുകയായിരുന്നു.

റിലീസ് മാറ്റിയതോടെ നിരവധി ഓഫറുകളാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവുമൊടുവില്‍ അജിത്ത് ചിത്രത്തിനായി 300 കോടി രൂപയാണ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം ഡയറക്ട് റിലീസിനായി നിര്‍മാതാവായ ബോണി കപൂറിന് വാഗ്ദാനം ചെയ്തത്.

എന്നാല്‍ ഈ ഓഫര്‍ ബോണി കപൂര്‍ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തമിഴിനൊപ്പം തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് വലിമൈ റിലീസിനൊരുങ്ങുന്നത്.

വലിമൈയില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് കുമാര്‍ എത്തുന്നത്. എച്ച്. വിനോദാണ് വലിമൈ സംവിധാനം ചെയ്യുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച വലിമൈയില്‍ ബോളിവുഡ് താരം ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, പേളി മാണി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം രാജ്യത്ത് ഒമിക്രോണ്‍ ഭീതി വര്‍ധിച്ചതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് നീട്ടിവെച്ചത്. ഷാഹിദ് കപൂര്‍ നായകനായ ജെഴ്സി, എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍, അക്ഷയ് കുമാര്‍ നായകനായ പൃഥ്വിരാജ് തുടങ്ങിയവയാണ് റിലീസ് മാറ്റിയ വമ്പന്‍ ചിത്രങ്ങളില്‍ ചിലത്.

We use cookies to give you the best possible experience. Learn more