Entertainment
ഇത്രേം ധൈര്യം ചാള്‍സ് ശോഭരാജിന് പോലുമില്ലല്ലോ: അജിതിന്റെ അപകടകരമായ സ്റ്റണ്ട് വീഡിയോ പങ്കുവെച്ച് വിടാമുയര്‍ച്ചി ടീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 04, 10:31 am
Thursday, 4th April 2024, 4:01 pm

റിസ്‌ക്കുള്ള ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്ന നടനാണ് അജിത്കുമാര്‍. സീനിന്റെ പെര്‍ഫക്ഷന് വേണ്ടി താരം നടത്തുന്ന പരിശ്രമങ്ങള്‍ പലപ്പോഴും വാര്‍ത്തയാവാറുണ്ട്. ഇത്തരം പരിശ്രമത്തിനിടക്ക് പല അപകടങ്ങളും താരം നേരിടേണ്ടി വരികയും അതുമൂലം സിനിമയുടെ ഷൂട്ട് നീണ്ടു പോകാറുമുണ്ട്. അജിതിന്റെ പുതിയ ചിത്രമായ വിടാമുയര്‍ച്ചിയുടെ ഷൂട്ടിനിടെ താരത്തിന് പരിക്ക് പറ്റിയതു കൊണ്ട് ഷൂട്ട് നിര്‍ത്തിവെച്ചുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴിതാ താരത്തിന് അപകടമേറ്റതിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. അസര്‍ബൈജാനിലെ ഷൂട്ടിനിടെ ചെയ്‌സിങ് സീനില്‍ അജിത് ഓടിച്ച വണ്ടി നിയന്ത്രണം തെറ്റി മറിയുന്നതിന്റെ വീഡിയോയാണ് സിനിമയുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടത്. മൂന്ന് ക്യാമറകളില്‍ നിന്നുള്ള വിഷ്വലുകളാണ് വീഡിയോയില്‍ ഉള്ളത്.

സിനിമയിലെ സുപ്രധാന ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഈ അപകടം ഉണ്ടായത്. വളരെ വേഗത്തില്‍ വന്ന വണ്ടി സ്‌കിഡ് ചെയ്ത് യു ടേണ്‍ എടുക്കുന്നതിനിടെ റോഡില്‍ നിന്ന് തെന്നിമാറി കീഴ്‌മേല്‍ മറിയുകയായിരുന്നു. നിസാര പരിക്കുകള്‍ പറ്റിയതിനാല്‍ ഷൂട്ട് താത്കാലികമായി നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.

ഇതിന് മുമ്പ് വലിമൈ എന്ന ചിത്രത്തിലെ ബൈക്ക് സ്റ്റണ്ട് സീനിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് അജിത് വീണതും അതിന് ശേഷം ഉടന്‍ തന്നെ ആ സീന്‍ ചെയ്തതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തടം എന്ന ചിത്രത്തിന് ശേഷം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന സിനിമയാണ് വിടാമുയര്‍ച്ചി. തൃഷ, അര്‍ജുന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. മങ്കാത്തക്ക് ശേഷം മൂവരും ഒന്നിക്കുന്ന സിനിമ കൂടിയാണ് വിടാമുയര്‍ച്ചി.

Content Highlight: Ajith’s risky stunt making video in Vidamuyarchi out