കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച ശേഷം ആ വകുപ്പില്‍ മന്ത്രിമാരായ രണ്ടു പേരില്‍ ഒരാള്‍ എയ്ഡഡ് കോളേജിലേയും മറ്റൊരാള്‍ ദേവസ്വം ബോര്‍ഡ് കോളേജിലേയും അധ്യാപകരാണ്. ഈ ലേഖനത്തില്‍ പരാമര്‍ശിച്ച 'അഴിമതിക്കഥ' വകുപ്പുമന്ത്രിമാര്‍ക്കറിയാത്തതല്ല. എന്നിട്ടും തുടരുന്ന 'കുറ്റകരമായ മൗനം' കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലിനോടുള്ള വെല്ലുവിളിയാണ്. കഷ്ടപ്പെട്ട് പഠിച്ച്, വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയ ദുര്‍ബല വിഭാഗം ജനതയെ വഞ്ചിക്കലാണ്.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എയ്ഡഡ് നിയമനമേഖലയിലെ അഴിമതി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് എയ്ഡഡ് സ്‌കൂള്‍ / കോളേജ് നിയമനങ്ങള്‍ നടക്കുന്നതെന്ന് പരസ്യമായിട്ടും, പ്രസ്തുത വിഷയത്തില്‍ കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ തുടര്‍ന്ന മൗനം, വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക നീതി പൂര്‍ണമായും അട്ടിമറിക്കപ്പെട്ട് കച്ചവട ലോബിയുടെ നിയന്ത്രണത്തിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നു.
എന്താണ് എയ്ഡഡ് നിയമന അഴിമതി ?
സര്‍ക്കാര്‍ സ്‌കൂളിലേക്കോ / കോളേജിലേക്കോ ഉള്ള അധ്യാപകരേയും ജീവനക്കാരേയും തിരഞ്ഞെടുക്കുന്നതിന് നിഷ്‌കര്‍ഷിക്കപ്പെട്ട യോഗ്യതയുള്ളവരില്‍ നിന്നും സര്‍ക്കാരിന്റെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ പി.എസ്.സി അപേക്ഷ ക്ഷണിച്ച് ഒബ്ജക്ടീവ് / ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ നടത്തി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഭിമുഖ പരീക്ഷയും നടത്തി അതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് സംവരണം പാലിച്ച് വരുന്ന ഒഴിവുകളില്‍ ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്തുകയും ചെയ്യുന്നതാണ് രീതി. ഇങ്ങനെ നിയമനം ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട എയ്ഡഡ് കോളേജുകളിലൊന്നായ മമ്പാട് എം.ഇ.എസ് കോളേജ്
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സമാന രീതികള്‍ പിന്തുടര്‍ന്ന് സംവരണം പാലിച്ചാണ് നിയമനം നടത്തേണ്ടതെന്നിരിക്കെ, പലപ്പോഴും അഭിമുഖം മാത്രമാണ് നടത്താറുള്ളത്. നിയമനം നല്‍കേണ്ട ഉദ്യോഗാര്‍ത്ഥിയെ മുന്‍കൂട്ടി നിശ്ചയിക്കുകയും ലക്ഷങ്ങള്‍ മുന്‍കൂട്ടി കോഴവാങ്ങിക്കുകയും അഭിമുഖത്തില്‍ ഈ ഉദ്യോഗാര്‍ത്ഥിക്ക് മറ്റുള്ളവരേക്കാള്‍ മാര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ് രീതി.
90 ലക്ഷം വരെ കോഴ വാങ്ങിയ മാനേജ്‌മെന്റുകള്‍ കേരളത്തിലുണ്ട്.
ഇങ്ങനെ ജോലിക്ക് കയറുന്ന ആള്‍ക്കും സര്‍ക്കാര്‍ സ്‌കൂളിലെ / കോളേജിലെ അതേ ശമ്പളം ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും സര്‍ക്കാര്‍ നല്‍കുന്നു.
അതായത്, ഒരു സ്വകാര്യ വ്യക്തി അയാളുടെ ചില താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ചില ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. അതില്‍ ആ വ്യക്തിയുടെ ബന്ധുക്കളുണ്ടാവാം, സ്ഥാപനത്തിന്റെ നടത്തിപ്പ് സുഗമമായി നടപ്പിലാക്കാന്‍ സ്ഥലത്തെ പ്രധാന രാഷ്ട്രീയക്കാര്‍ നിര്‍ദ്ദേശിച്ചവരുണ്ടാവാം, ഒരു പക്ഷേ പൊതു പ്രവര്‍ത്തകര്‍ തന്നെയുണ്ടാവാം.
സ്ഥലത്തെ പ്രധാന ജാതി -മത- ബിസിനസ് നേതാക്കളുടെ ശുപാര്‍ശയുണ്ടാവാം. നിയമനം നല്‍കിയതിനെല്ലാം ആ സ്വകാര്യ മുതലാളി ലക്ഷങ്ങള്‍ കോഴ വാങ്ങിക്കുന്നതും നിയമനം നേടിയവര്‍ക്കെല്ലാം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളവും ആനുകൂല്യവും നല്‍കുകയും ചെയ്യുന്നു.
എയ്ഡഡ് മേഖലയില്‍ ജോലി നേടാന്‍ ഒരാള്‍ നല്‍കുന്ന ലക്ഷങ്ങള്‍ ”കൈക്കൂലിയാണ് ‘ അത് നല്‍കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണെന്നിരിക്കെ കേരളത്തിലെ ”’കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ പിടിയില്‍ ‘ എന്ന വാര്‍ത്തയുടെ നൂറിലൊന്ന് ശതമാനം ചര്‍ച്ച പോലും എയ്ഡഡ് മേഖലയുമായി ബന്ധപ്പെട്ട് കേരള സമൂഹത്തില്‍ രൂപപ്പെടാറില്ല എന്നതാണ് ഈ അഴിമതിയുടെ ആഴം.
എന്താണ് എയ്ഡഡ് മേഖലയിലെ അനീതി ?
സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ജോലികളിലേക്ക് നീതിയും സംവരണവും ഉറപ്പുവരുത്തി സുതാര്യമായാണ് നിയമനങ്ങള്‍ നടക്കേണ്ടതെന്നിരിക്കേ, യാതൊന്നും പാലിക്കാതെ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് – സര്‍ക്കാര്‍ ഒത്താശയോടെ നിലനില്‍ക്കുന്ന ‘പാരലല്‍ സംവിധാനമാണ്’ എയ്ഡഡ് മേഖല’.
ദേവഗിരി സെന്റ് ജോസഫ് കോളേജ്
എയ്ഡഡ് മേഖലയില്‍ ജോലി ചെയ്യുന്ന എസ്.സി, എസ്.ടി, പിന്നോക്ക വിഭാഗങ്ങളിലുള്ളവരുടെ പ്രാതിനിധ്യവും മറ്റ് സമുദായങ്ങളുടെ പ്രാതിനിധ്യവും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന അന്തരത്തിന്റെ കണക്കുകള്‍ പുറത്ത് വന്നത് ഈയടുത്താണ്.
സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന, രാഷ്ട്രീയ-ജാതി-മത സംഘടനകളില്‍ സ്വാധീനശേഷിയുള്ളവര്‍ തമ്മിലുള്ള ലേലം വിളിയെ തുടര്‍ന്ന് നടക്കുന്ന കച്ചവടമുറപ്പിക്കലാണ് എയ്ഡഡ് മേഖല നിയമന രീതി. അവിടേക്ക് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്കു മുന്നേ വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മുന്നേറ്റമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സ്വകാര്യ വ്യക്തികളോ, സംഘടനകളോ സ്ഥലവും സൗകര്യങ്ങളും നല്‍കുകയും പ്രാദേശികമായി അധ്യാപകരേയും ജീവനക്കാരെയും ലഭ്യമാക്കുകയും അവര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്ന, വിദ്യാഭ്യാസത്തെ സാമൂഹിക മൂലധനമായി കരുതിയിരുന്ന ഒരു വ്യവസ്ഥയായിരുന്നു എയ്ഡഡ് സംവിധാനം.
അതുപീന്നീട്, സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള തുക എന്ന തരത്തില്‍ ഡൊണേഷനായി നിയമന സമയത്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്നതിലേക്കും, രണ്ടായിരത്തിന് ശേഷം നിയമനത്തിനുള്ള കോഴയായി ലക്ഷങ്ങള്‍ വാങ്ങുന്നതിലേക്കും എത്തിച്ചേര്‍ന്നതാണ് എയ്ഡഡ് മേഖലയിലെ അഴിമതി.
അന്ന് അധ്യാപക നിയമനത്തിന് പണം ചോദിക്കുന്നത് അധാര്‍മ്മികമായിരുന്നെങ്കില്‍ ഇന്നങ്ങനെയല്ലാതായി. ആവശ്യമായ നിയമ നിര്‍മ്മാണം നടത്താത്തതാണ് ഈ അനീതി ഇന്നും തുടരാന്‍ കാരണം.
എം.ഇ.എസ്. പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍
സത്യത്തില്‍ ഈ അഴിമതി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട മാത്രം പ്രശ്‌നമേയല്ല. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകരോളമോ അതിലേറെയോ ജീവനക്കാരും ഉണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ കേരളത്തിലെ എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷ എഴുതുന്ന തൊഴില്‍രഹിതരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് പശോധിക്കുമ്പോഴാണ് ‘കോഴ ‘ നിയമനത്തിലൂടെ എയ്ഡഡ് മേഖല നടത്തുന്ന ‘ഷുവര്‍ എന്‍ട്രി’ അഴിമതിയുടെ വ്യാപ്തി മനസ്സിലാവുക.
ആരാണ് ഗുണഭോക്താക്കള്‍? ആരാണ് ഇരകള്‍?
കേരളത്തിലെ വലിയ ശതമാനം എയ്ഡഡ് സ്ഥാപനങ്ങളും വിവിധ മത-സാമുദായിക സംഘടനകളുടെ ഭാരവാഹികള്‍ മാനേജര്‍മാരായുള്ളതാണ്. പണം വാങ്ങാതെ നിയമനം നടത്തുന്ന എയ്ഡഡ് സ്ഥാപനങ്ങളുടെ എണ്ണം നാമമാത്രമാണ്. അവിടെയും നിയമനത്തിന് ഉദ്യോഗാര്‍ത്ഥിയുടെ ജാതി-മത- ജന്‍ഡര്‍ ഘടകങ്ങള്‍ക്ക് തന്നെയാണ് പ്രഥമ പരിഗണനയെന്നത് പരസ്യമായ രഹസ്യമാണ്.
എന്തുകൊണ്ടാണ് കൊള്ളത്തരത്തിലധിഷ്ഠിതമായ എയ്ഡഡ് വ്യവസ്ഥ ഇന്നും കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായി നിലനില്‍ക്കുന്നത് എന്നതിന് ഒരൊറ്റ ഉത്തരമേയുള്ളൂ: വലിയ ശതമാനം രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന നമ്മുടെ മധ്യവര്‍ഗ സമൂഹമാണ് എയ്ഡഡ് വ്യവസ്ഥയുടെ സമ്പൂര്‍ണ ഗുണഭോക്താക്കള്‍.
പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് നേരിട്ട് സൗഹൃദമുള്ള സ്‌കൂള്‍ / കോളേജ് മാനേജര്‍മാരാണ് ബഹുഭൂരിപക്ഷവും. കോഴവാങ്ങലും നിലനില്‍പ്പും പ്രധാനമായതിനാല്‍ മാനേജര്‍മാര്‍ ഒരിക്കലും രാഷ്ട്രീയക്കാരെ പിണക്കാറുമില്ല. പലപ്പോഴും പണം നല്‍കാതെ തന്നെ ഇങ്ങനെ രാഷ്ട്രീയക്കാരുടെ അടുത്ത ബന്ധുക്കളെ നിയമിക്കുന്നതിലൂടെ ഈ നെക്‌സസ് പരസ്പര സഹകരണ സംഘമായി നിലനില്‍ക്കുന്നു.
കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍/കോളേജ് എന്നിവിടങ്ങളില്‍ ബന്ധുനിയമനം സാധാരണമാണ്.
നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ക്കും ബന്ധപ്പെട്ട ഓഫീസിലുള്ളവര്‍ക്കും വരാന്‍ പോവുന്ന അധ്യാപക ഒഴിവുകള്‍ നേരത്തേ അറിയാന്‍ കഴിയും. രണ്ടോ മൂന്നോ വര്‍ഷം മുന്നേ തന്നെ ”ആദ്യഘടു ‘ കോഴ നല്‍കി സീറ്റ് ഉറപ്പുവരുത്തുന്നതുമാണ് പതിവ്.
സ്വന്തം റിട്ടയര്‍മെന്റ് കണക്കാക്കി മക്കളെ അതേ വിഷയം തന്നെ പഠിപ്പിച്ച് ‘ജോലി’ യില്‍ പ്രവേശിപ്പിച്ച് പാരമ്പര്യം കാക്കുന്നതും ഈ മേഖലയില്‍ സര്‍വ്വ സാധാരണം. കേരളത്തിലെ എയ്ഡഡ് മേഖല സമ്പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രണ്ടാം തലമുറക്കാരും രാഷ്ട്രീയ- മുന്നോക്ക ജാതി-മത നേതാക്കളുടെ ബന്ധുക്കളും കൈയടക്കിയിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ പി.എച്ച്.ഡി വരെ നേടി ചെന്നാലും ഈ കച്ചവടത്തില്‍ പുറന്തള്ളപ്പെടുന്നു.
കോഴപ്പണത്തിന്റെ കണക്കെത്ര?
എങ്ങനെയാണ് ഈ അഴിമതി പ്രവര്‍ത്തിക്കുന്നത്? വിദ്യാഭ്യാസ മേഖലയാണ് എന്ന് പോലും പറയാനറയ്ക്കുന്ന തരത്തിലുള്ള കൂട്ടുകച്ചവടമാണ് എയ്ഡഡ് മേഖലയില്‍ നടക്കുന്നത്. എയ്ഡഡ് മാനേജര്‍മാരില്‍ സ്‌കൂള്‍ മാത്രമുള്ളവരും,സ്‌കൂളുകളും കോളേജും ഉള്ളവരും പുറമേ എന്‍ജിനീയറിംഗ് കോളേജും ബി.എഡ്-ഡി.എഡ് പോളി ടെക്‌നിക് കോളേജുകളുമുള്ളവരുണ്ട്.
നിലവില്‍ എല്‍.പി – യു പിസ്‌കൂള്‍ അധ്യാപകരാവാന്‍ ഒരു ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും ശരാശരി 40 ലക്ഷം രൂപയാണ് മാനേജര്‍ വാങ്ങുന്നത്. ഇത് ഹൈസ്‌കൂളില്‍ 50 ലക്ഷവും ഹയര്‍ സെക്കന്ററിയില്‍ 60 ലക്ഷവും കോളേജില്‍ 80 ലക്ഷം വരെയുമെത്തുന്നു. നിയമനത്തിന് മുന്നേയോ ശേഷമോ ഉദ്യോഗാര്‍ത്ഥി അംഗീകൃത റസീപ്റ്റ് പോലുമില്ലാതെ ഈ പണം മാനേജര്‍ക്കു നല്‍കുന്നു.
എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍
എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ നിലവില്‍ ഉന്നയിക്കുന്ന പ്രധാന കാര്യം ഈ പണമൊന്നും സ്‌കൂള്‍ / കോളേജ് അടിസ്ഥാന വികസനത്തിന് തികയുന്നില്ല എന്നതാണ്. കേരളത്തിലെ സ്‌കൂള്‍ / കോളേജ് ഉടമമാരുടെ ‘പട്ടിണി ‘ മാറ്റാന്‍ ‘ എയ്ഡഡ് കോഴ’ യെന്ന പ്രിവി പഴ്‌സ് സംവിധാനം മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഉറപ്പു നല്‍കി കൊണ്ടിരിക്കുന്നു.
പണം വാങ്ങിയെന്ന് മുതലാളിയോ പണം നല്‍കിയെന്ന് തൊഴിലാളിയോ പരാതിപ്പെടാത്ത വെള്ളരിക്കാപ്പട്ടണമായി തുടരുന്ന എയ്ഡഡ് നിയമന അഴിമതി കേരളം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ക്കാകെ അപമാനമാണ്.
എയ്ഡഡിന് സമാനമായ നിയമന രീതിയാണ് സര്‍ക്കാരിന്റെ തന്നെ കീഴിലുള്ള ദേവസ്വം ബോര്‍ഡ് സ്‌കൂള്‍ /കോളേജുകളിലേക്കുമുള്ളത്.
നിര്‍ഭാഗ്യവശാല്‍ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ നോമിനികളാണ് മിക്ക സമയങ്ങളിലും ഇത്തരം സ്ഥാപനങ്ങളിലും കയറുന്നത്.
എന്തുകൊണ്ട് നിയമപരമായി നേരിടാന്‍ കഴിയുന്നില്ല?
എയ്ഡഡ് മേഖലയിലെ എത് നിയമനം നടന്നാലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേസിന് പോവേണ്ടി വരുന്ന ദുര്‍ഗതിയാണുള്ളത്. എല്‍. പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള എയ്ഡഡ് ഒഴിവുകള്‍ പലപ്പോഴും പൊതു അറിയിപ്പുകളോ ഏതെങ്കിലും തരത്തിലുള്ള പരീക്ഷകളോ ഇല്ലാതെയാണ് നടക്കുന്നത്.
‘നിര്‍ദ്ദിഷ്ഠ യോഗ്യത + കോഴ നല്‍കിയവരെ’ അധ്യാപകരായി നിയമിക്കുന്നു.
ഹയര്‍സെക്കന്ററിയിലും കോളേജിലും ഗവണ്‍മെന്റ് നോമിനി ഉള്‍പ്പെടുന്ന ഒരു ബോഡിയാണ് അഭിമുഖം നടത്തുന്നതെങ്കിലും മാനേജര്‍ തീരുമാനിച്ച ഉദ്യോഗാര്‍ത്ഥിക്ക് ഗവണ്‍മെന്റ് നോമിനിയും കൂടുതല്‍ മാര്‍ക്ക് നല്‍കി നിയമനം ഉറപ്പിച്ച് പിരിയുന്നതാണ് പതിവ്.
നിയമന ബ്രോക്കര്‍മാര്‍ മുതല്‍ മാനേജര്‍ വരെ ഏതൊക്കെ തലത്തില്‍ ആരൊക്കെ പണം വാങ്ങുന്നു എന്നത് നിഗൂഢമാണ്. അനധ്യാപക നിയമനങ്ങളിലും ഇതേ കൊള്ളയാണ് നടക്കുന്നത്.
പി. എച്ച്.ഡി / പോസ്റ്റ് ഡോക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് അടിസ്ഥാന യോഗ്യത മാത്രമുള്ളവര്‍ക്ക് നിയമനമുറപ്പിക്കാനുള്ളതാണ് അഭിമുഖ പരീക്ഷയിലെ അട്ടിമറി. ബോര്‍ഡിന്റെ തീരുമാനം അന്തിമമായതിനാല്‍ കുറവ് മാര്‍ക്ക് നല്‍കി മാനേജ്‌മെന്റ് പുറത്താക്കിയ ഉദ്യോഗാര്‍ത്ഥികള്‍ കേസിന് പോയാല്‍ പോലും വിജയിക്കില്ല.
അനീതിക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ സംവിധാനം
എയ്ഡഡ് മേഖലയില്‍ സാമൂഹിക നീതി അട്ടിമറിക്കപ്പെടുന്നുണ്ടെന്നും നിയമനത്തിന് കോഴ വാങ്ങുന്നുണ്ടെന്നതും കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് വ്യക്തമായതാണ്. ഭരണകക്ഷിയിലേയും പ്രതിപക്ഷത്തേയും പല രാഷ്ട്രീയ നേതാക്കള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ ഈ മേഖലയില്‍ പങ്കുമുണ്ട്. എയ്ഡഡ് മേഖല സര്‍ക്കാരുകള്‍ പാലൂട്ടി വളര്‍ത്തിയ ഭീമന്‍ വോട്ട് ബാങ്കാണെന്നതിനാലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ അനീതിക്കു നേരെ കണ്ണടക്കുന്നു.
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച ശേഷം ആ വകുപ്പില്‍ മന്ത്രിമാരായ രണ്ടു പേരില്‍ ഒരാള്‍ എയ്ഡഡ് കോളേജിലേയും മറ്റൊരാള്‍ ദേവസ്വം ബോര്‍ഡ് കോളേജിലേയും അധ്യാപകരാണ്. ഈ ലേഖനത്തില്‍ പരാമര്‍ശിച്ച ‘അഴിമതിക്കഥ’ വകുപ്പുമന്ത്രിമാര്‍ക്കറിയാത്തതല്ല.
മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍
എന്നിട്ടും തുടരുന്ന ‘കുറ്റകരമായ മൗനം’ കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലിനോടുള്ള വെല്ലുവിളിയാണ്. കഷ്ടപ്പെട്ട് പഠിച്ച്, വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയ ദുര്‍ബല വിഭാഗം ജനതയെ വഞ്ചിക്കലാണ്.
ഭരണ വ്യവസ്ഥയില്‍ വ്യക്തമായ സ്വാധീനമുള്ള യുവജന സംഘടനകളോ, സ്‌കൂള്‍ കോളേജ് അധ്യാപക സംഘടനകളോ ‘എയ്ഡഡ് നിയമനങ്ങളില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുക, അഴിമതി നിര്‍ത്തലാക്കുക’ എന്നീ ആവശ്യങ്ങള്‍ മുന്നോട്ടു വെക്കാത്തതും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരാത്തതും എയ്ഡഡ് മേഖലയുമായുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ബാന്ധവം വ്യക്തമാക്കുന്നതാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളായ ഉദ്യോഗാര്‍ത്ഥികളുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാനും ആത്മഹത്യകള്‍ ഉണ്ടാകാതിരിക്കാനും കേരള സര്‍ക്കാര്‍ ഈ പകല്‍ക്കൊള്ളക്ക് ഇനിയെങ്കിലും അറുതി വരുത്തിയേ മതിയാവൂ.