| Tuesday, 14th June 2022, 9:06 pm

ഭാവികേരളത്തെ രൂപപ്പെടുത്തുന്ന ജനകീയപോരാട്ടങ്ങളുടെ ചരിത്രം

അജിത് പ്രിന്റക്സ്

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ, പലപ്പോഴും അവരുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച്, നിരവധി ജനകീയപോരാട്ടങ്ങള്‍ നടക്കുന്ന പ്രദേശമാണ് കേരളം. അവയില്‍ പലതും വിജയിക്കുന്നു. പലതും പരാജയപ്പെടുന്നു. എന്തായാലും അവ മിക്കവാറും രേഖപ്പെടുത്തി വെക്കാറില്ല. സമരങ്ങള്‍ മിക്കവാറും പ്രാദേശികവിഷയങ്ങളുമായി ബന്ധപ്പെട്ടവയായതിനാല്‍ അവയുടെ വിജയത്തിനോ പരാജയത്തിനോ ശേഷം ആരുമതിനു തുനിയാറില്ല. സംസ്ഥാനത്തെ ഏതുഭാഗത്തുമുള്ള ജനകീയസമരങ്ങളിലും ഓടിയെത്തുന്നവരും അത്തരമൊരു ശ്രമം നടത്തിയില്ല.

അപ്പോഴും സൈലന്റ് വാലി, മാവൂര്‍, എന്‍ഡോസള്‍ഫാന്‍, ചങ്ങറ, പ്ലാച്ചിമട തുടങ്ങി പല സമരങ്ങളുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ തന്നെ ഇറങ്ങിയിട്ടുണ്ട്. പലതുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററികളും. എന്നാല്‍ മൊത്തത്തില്‍ ജനകീയ സമരങ്ങളെ പ്രമേയമാക്കിയ ആദ്യപുസ്തകം ഏതാനും വര്‍ഷം മുമ്പ് പുറത്തിറങ്ങിയ, മാധ്യമപ്രവര്‍ത്തകനായ ആര്‍.കെ. ബിജുരാജ് എഴുതിയ ‘സമരകേരള’ മാണ്.

അതില്‍ പക്ഷെ മറ്റു സമരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ വളരെ വിപുലമായി, ജനകീയ സമരങ്ങളില്‍ പൂര്‍ണ്ണമായും കേന്ദ്രീകരിച്ച് ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’ എന്ന പേരില്‍. സ്വതന്ത്രമാധ്യമപ്രവര്‍ത്തനും സാമൂഹ്യപ്രവര്‍ത്തകനുമായ ഐ ഗോപിനാഥാണ് രചയിതാവ്.

ഐ ഗോപിനാഥ്

സംഘടിതപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ ഈ പുസ്തകത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യുന്നില്ല എന്ന് അവതാരികയില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നു. കാരണം അവയെല്ലാം രേഖപ്പെടുത്താനുള്ള സംവിധാനം നിലവിലുള്ളതുകൊണ്ടും അതു നടക്കുന്നതുകൊണ്ടുമാണ്. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ സില്‍വര്‍ലൈന്‍ വരെ നൂറുകണക്കിനു പ്രക്ഷോഭങ്ങള്‍ 960 പേജുള്ള പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു.

നടന്ന സമരങ്ങള്‍ മാത്രമല്ല, നടക്കേണ്ട സമരങ്ങളേയും നടക്കാത്ത സമരങ്ങളേയും സമരമെന്നു പറയാനാകാത്ത മുന്‍കൈകളേയും കുറിച്ചുള്ള പരാമര്‍ശങ്ങളും പുസ്തകത്തിലുണ്ട്. ഏതാനും സമരങ്ങള്‍ മാത്രം വിപുലമായി ചര്‍ച്ച ചെയ്യണമോ അതോ പരമാവധി സമരങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തണോ എന്ന ചിന്തയില്‍ തെരഞ്ഞെടുത്തത് രണ്ടാമത്തെ ഓപ്ഷനായിരുന്നു എന്നും ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പ്രാഥമികവിവരങ്ങള്‍ കിട്ടുന്നതും പരമാവധി സമരങ്ങള്‍ ഉണ്ടാകുന്നതുമാണ് ഇപ്പോഴാവശ്യമെന്നും വിശദമായ പഠനങ്ങള്‍ ഇനിവരുന്നവര്‍ ചെയ്യട്ടെ എന്നും ഗ്രന്ഥകര്‍ത്താവ് പറയുന്നു.

പരിസ്ഥിതി, ലിംഗനീതി, ദളിത്, ആദിവാസി, അസംഘടിതവിഭാഗങ്ങള്‍, മനുഷ്യാവകാശം തുടങ്ങി പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മേഖലകള്‍ക്കുപുറമെ ഇനിയും പോരാട്ടങ്ങള്‍ കാര്യമായി നടക്കാത്ത, എന്നാല്‍ നടക്കേണ്ട, ദുര്‍ബലവിഭാഗങ്ങളുടെ പ്രശ്നങ്ങളും പുസ്തകത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു. ഉദാഹരണമായി കുട്ടികള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ തുടങ്ങി മൃഗാവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളും മൃതദേഹങ്ങളുടെ അവകാശങ്ങളും ദയാവധവും വരെയും അവയില്‍ ഉള്‍പ്പെടുന്നു.

ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടേയും ലൈംഗികത്തൊഴിലാളികളുടേയും പോരാട്ടങ്ങളും കപടസദാചാരഗുണ്ടകള്‍ക്കെതിരായ ചുംബനസമരമടക്കമുള്ള മുന്നേറ്റങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള സമരങ്ങളും സ്വതന്ത്ര സോഫ്റ്റ് വെയര്‍ മുന്‍കൈകളും സൈബര്‍ അക്രമണങ്ങള്‍, ഭീകരനിയമങ്ങള്‍, ഇസ്ലാമോഫോബിയ എന്നിവക്കെതിരായുള്ള പോരാട്ടങ്ങളും പുസ്തകത്തില്‍ ഇടം പിടിക്കുന്നു. മൂന്നാര്‍, നഴ്സ്, മാധ്യമജീവനക്കാര്‍, ഇരിപ്പുസമരം, മത്സ്യത്തൊഴിലാളികള്‍, കന്യാസ്ത്രീകള്‍, വിമന്‍ ഇന്‍ സിനിമ, അണ്‍ എയ്ഡഡ് അധ്യാപകര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, കറുപ്പു നിറവും ബോഡി ഷെയിമിങ്ങും തുടങ്ങിയ പ്രശ്നങ്ങളും പോരാട്ടങ്ങളും വിശദമായി വിവരിക്കുക വഴി തന്റെ പക്ഷം തന്നെയാണ് ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുന്നത്.

മദനി, ചേകന്നൂര്‍ മൗലവി, സിറാജുന്നീസ, ജോസഫ് മാസ്റ്റര്‍, ബീമാപള്ളി സംഭവം തുടങ്ങിയവക്കും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വരെ എത്തിനില്‍ക്കുന്ന പൊലീസ് അതിക്രമങ്ങള്‍ക്കും കക്ഷിരാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും കാമ്പസുകളിലെ ഗുണ്ടാ രാഷ്ട്രീയത്തിനുമെതിരേയും ഏറെ പേജുകള്‍ നീക്കി വെച്ചിട്ടുണ്ട്.

സ്വാഭാവികമായും പരിസ്ഥിതി, സ്ത്രീ, ദളിത്, ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടന്ന ജനകീയ പോരാട്ടങ്ങളാണ് പുസ്തകത്തിന്റെ കൂടുതല്‍ പേജുകളും അപഹരിച്ചിരിക്കുന്നത്. സൈലന്റ് വാലി മുതല്‍ സില്‍വര്‍ലൈന്‍ വരെ നടന്ന നൂറുകണക്കിന് പാരിസ്ഥിതിക സമരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇന്ന് കുറച്ചെങ്കിലും കേരളീയ ജനത നേടിയ പരിസ്ഥിതി ബോധത്തിന്റെ പ്രഭവസ്ഥാനം വ്യക്തമാകും. മലിനീകരണത്തിനെതിരായ ജനകീയസമരങ്ങളില്‍ ട്രേഡ് യൂണിയനുകളും സംഘടിത പ്രസ്ഥാനങ്ങളുമെല്ലാം എതിര്‍ പക്ഷത്തായിരുന്ന നിരവധി ഉദാഹരണങ്ങള്‍ പുസ്തകത്തിലുണ്ട്.

ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ട എണ്‍പതുകളില്‍ മുഖ്യധാരാപ്രസ്ഥാനങ്ങള്‍ അവയെ എങ്ങനെയൊക്കെയാണ് അധിക്ഷേപിച്ചിരുന്നതെന്നും ഇന്ന് ലിംഗനീതി വിഷയം സാധാരണക്കാര്‍ വരെ സംസാരിക്കുന്ന അവസ്ഥയിലെത്തിയതെങ്ങനെയെന്നും നിരവധി പോരാട്ടങ്ങളിലൂടെ പുസ്തകം വിവരിക്കുന്നു. അപ്പോഴും ജനകീയ പോരാട്ടങ്ങളിലെല്ലാം സ്ത്രീകള്‍ നേതൃത്വം നല്‍കുമ്പോള്‍ മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം തുച്ഛമാണെന്നും ഉദാഹരണങ്ങളിലൂടെ ചൂണ്ടികാട്ടുന്നു.

സമാനമാണ് ആദിവാസി- ദളിത് പോരാട്ടങ്ങളുടേയും പ്രശ്നം. ആദ്യകാലങ്ങളില്‍ ഇവയെല്ലാം സ്വത്വവാദമെന്നു വിശേഷിപ്പിച്ചിരുന്നവര്‍ പിന്നീട് ആ മേഖലകളില്‍ സംഘടനകള്‍ ഉണ്ടാക്കാന്‍ നിര്‍ബന്ധിതരായ സാഹചര്യവും ഇതിലൂടെ കടന്നു പോകുമ്പോള്‍ വ്യക്തമാകും. ഇപ്പോഴും ജനകീയ സമരങ്ങളുടെ എതിര്‍ വശത്ത് മിക്കവാറും ഇടതുപക്ഷമാണെന്നും അതിനു കാരണം വര്‍ഗ്ഗസമരത്തിലൂടെ എല്ലാം പരിഹരിക്കാമെന്ന പരമ്പരാഗതസങ്കല്‍പ്പവും തങ്ങളാണ് ജനങ്ങളെ നയിക്കേണ്ടവരെന്ന കാലഹരണപ്പെട്ട ധാരണയുമാണെന്നും ഗ്രന്ഥകര്‍ത്താവ് പറയുന്നു. 2002ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനെതിരെ നടന്ന ജനകീയ സമരത്തെ കുറിച്ചുള്ള അധ്യായവും പുസ്തകത്തിലുണ്ട്.

വിനയ, മേരിറോയ്, അനുപമ, ഈച്ചരവാര്യര്‍, ഹാദിയ, പൊക്കുടന്‍, വി.പി. സുഹ്റ, പ്രീതാഷാജി, പി.ഇ. ഉഷ, സംവിധായകന്‍ ശരത് ചന്ദ്രന്‍ തുടങ്ങി പലരും നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങളും പുസ്തത്തിന്റെ ഭാഗമാണ്. സാംസ്‌കാരിക രംഗത്തിന്റെ പ്രാധാന്യം ലേഖകന്‍ ചൂണ്ടികാട്ടുന്നു എങ്കിലും അതിലേക്ക് കൂടുതല്‍ പോയിട്ടില്ല. ആത്യന്തികമായി, കൊട്ടിഘോഷിക്കപ്പെടുന്ന കേരളമോഡല്‍ പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഗ്രന്ഥകര്‍ത്താവ് പുസ്തകത്തെ എത്തിക്കുന്നത്. അതിനായിട്ടായിരിക്കാം കേരളത്തെ ഏറെ നൊമ്പരപ്പെടുത്തിയ നെയ്യാറ്റിന്‍കരയിലെ ബാലന്റെ ചൂണ്ടുവിരലില്‍ പുസ്തകം അവസാനിപ്പിക്കുന്നത്.

സി.ആര്‍. നിലകണ്ഠന്‍

അവതാരികയെഴുതിയ സി.ആര്‍. നിലകണ്ഠന്‍, മൂലധനം ഇന്ന് ലാഭമുണ്ടാക്കുന്നത് തൊഴിലാളിയുടെ അധ്വാനത്തില്‍ നിന്നുള്ള മിച്ചമൂല്യത്തില്‍ നിന്നല്ല എന്നും വരും തലമുറകള്‍ക്കു കൂടി അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളുടെയും പൊതു ആസ്തികളുെടെയും കൊള്ള വഴിയാണെന്നും ഉദാഹരണങ്ങളോടെ സമര്‍ത്ഥിക്കുന്നു. അതിനെതിരായ സമരങ്ങളാണ് നടക്കുന്നത്. കേരള വികസന മാതൃകയുടെ പൊള്ളത്തരങ്ങള്‍ ഈ സമരങ്ങള്‍ തുറന്നു കാട്ടുന്നു.

ഉദാഹരണണായി സമ്പൂര്‍ണ ഭൂപരിഷ്‌ക്കരണം നടന്ന സംസ്ഥാനമെന്ന അവകാശ വാദത്തിന്റെ പെള്ളത്തരമാണ് ചെങ്ങറ, അരിപ്പ, തൊവേരി മല തുടങ്ങിയ സമരങ്ങളിലൂടെയും മൃതശരീരം അടുക്കളയില്‍ കുഴിച്ചിടേണ്ട അവസ്ഥയിലൂടേയും നാം കണ്ടത്. ജലത്തിന്റെ ജൈവരാഷ്ട്രീയം കേരളത്തെ ബോധ്യപ്പെടുത്തിയത് പ്ലാച്ചിമട സമരമാണ്. മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിക്കാനും അവരുടെ നിലപാട് തിരുത്തിക്കാനും ജനകീയ സമരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും നീലകണ്ഠന്‍ പറയുന്നു.

പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍, നെല്‍വയല്‍, വനം, പുഴ, കായല്‍ തുടങ്ങിയവയുടെ സംരക്ഷണം തുടങ്ങി നിരവധി പരിസ്ഥിതി വിഷയങ്ങള്‍, ആദിവാസി ഭൂമി, ദളിത് സമൂഹത്തിനു ഭൂമിയിലുള്ള അവകാശം (ഭാഗികമായെങ്കിലും), കുടിയൊഴിക്കലുമായി ബന്ധപ്പെട്ട നയങ്ങള്‍, മാലിന്യം, കാലാവസ്ഥാമാറ്റം, സ്ത്രീപുരുഷബന്ധങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ പോലുള്ള വിഷയങ്ങള്‍ എന്നങ്ങനെ പലതും മുഖ്യധാരയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നത് ഈ സമരങ്ങളാണ്. അതിനാല്‍ തന്നെ സാങ്കേതികമായി പരാജയപ്പെട്ട സമരങ്ങള്‍ പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിജയകരമാണെന്നും അവ രേഖപ്പെടുത്തുക എന്ന ചരിത്രപരമായ ഉത്തരവാദിത്തമാണ് ഈ പുസ്തകത്തിലൂടെ ഗോപിനാഥ് നിര്‍വഹിക്കുന്നതെന്നും നീലകണ്ഠന്‍ കൂട്ടിചേര്‍ക്കുന്നു.

കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം
ഐ. ഗോപിനാഥ്
പ്രസാധനം ഡി.സി. ബുക്സ്- പേജ് 960- വില 999

Content Highlight: Ajith Printex review of ‘Keralathile Janakeeya Samarangalude Charithram’ by I Gopinath

അജിത് പ്രിന്റക്സ്

We use cookies to give you the best possible experience. Learn more