മുംബൈ: എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന് പ്രായമേറുകയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ശരദ് പവാറിന് ഇപ്പോള്‍ തന്നെ 82-83 വയസുണ്ടെന്നും ബി.ജെ.പിയില്‍ നേതാക്കള്‍ 75ാം വയസില്‍ വിരമിക്കുകയാണെന്നും അജിത് പവാര്‍ പറഞ്ഞു. മുംബൈയിലെ സുബുര്‍ബന്‍ ബന്ദ്രയില്‍ ചേര്‍ന്ന അജിത് പവാര്‍ പക്ഷക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ 82-83 വയസുണ്ട്. ബി.ജെ.പിയില്‍ നേതാക്കള്‍ 75ല്‍ വിരമിക്കും. നിങ്ങള്‍ 100 വര്‍ഷം ജീവിക്കണം. ഇതൊക്കെ നിര്‍ത്താനുള്ള സമയമായി. നിങ്ങള്‍ ഞങ്ങളുടെ ആരാധനാമൂര്‍ത്തിയാണ്. ഞങ്ങളെ അനുഗ്രഹിക്കണം,’ അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ക്ക് എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ഉദാഹരണമായെടുക്കാം. നിങ്ങള്‍ക്ക് 83 വയസായി. ഇനിയും നിര്‍ത്താന്‍ ഉദ്ദേശമില്ലേ. നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണം. നിങ്ങളുടെ ദീര്‍ഘായുസിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം,’ അജിത് പവാര്‍ പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പിന് ശേഷം എന്തുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പി ബി.ജെ.പി പിന്തുണ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാനുള്ള തന്റെ ആഗ്രഹവും അദ്ദേഹം വേദിയില്‍ പങ്കുവെച്ചു.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ എട്ടില്‍ അഞ്ച് പേരും മുംബൈയിലെ സുബുര്‍ബന്‍ ബന്ദ്രയില്‍ ചേര്‍ന്ന അജിത് പവാറിന്റെ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പി.ടി.ഐയുടെ റിപ്പോര്‍ട്ട്.
’40ലധികം എം.എല്‍.എമാരും എം.എല്‍.സിമാരും ഞങ്ങളുടെ കൂടെയാണ്. സത്യപ്രതിജ്ഞക്ക് മുന്നേ തന്നെ ഞങ്ങള്‍ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നു,’ അജിത് പവാര്‍ പക്ഷക്കാരനായ ഛഗന്‍ ബുജ്പല്‍ പറഞ്ഞു.
അതേസമയം വൈ.ബി. ചവാന്‍ സെന്ററില്‍ വെച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ പക്ഷക്കാരും യോഗം ചേര്‍ന്നു. ’83 വയസുകാരനായ യോദ്ധാവ് ഒറ്റയ്ക്ക് യുദ്ധം ചെയ്യുന്നു’ എന്ന ബാനറേന്തിയാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.
എന്‍.സി.പിയെ പിളര്‍ത്തിയാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഏറെ നാളായി എന്‍.സി.പിയില്‍ തുടരുന്ന അധികാര തര്‍ക്കമാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്. ശരദ് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സമയത്ത് മരുമകന്‍ അജിത് പവാര്‍പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ മകള്‍ സുപ്രിയയെ പാര്‍ട്ടി നേതൃനിരയിലേക്ക് കൊണ്ടുവരുന്ന നീക്കങ്ങളാണ് പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.