| Sunday, 13th March 2022, 11:59 pm

നിങ്ങള്‍ റീമേക്ക് ചെയ്യൂ, ഞങ്ങള്‍ സ്പൂഫ് ഉണ്ടാക്കാം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അജിത്ത് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയായിരുന്നു അനശ്വര രാജന്‍ പ്രധാന കഥാപാത്രത്തിലെത്തിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രം. ഒരു പെണ്‍കുട്ടിയുടെ കോളേജ് കാലവും പിന്നീട് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും കാണിക്കുന്ന കമിംഗ് ഓഫ് ഏജ് മൂവി ആയിരുന്നു സൂപ്പര്‍ ശരണ്യ.

സാധാരണ കാമ്പസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പെണ്‍കുട്ടികളുടെ കോളേജ് ജീവിതത്തെ മനോഹരമായി ആവിഷ്‌കരിച്ച ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ.

കഴിഞ്ഞ മാര്‍ച്ച് 11ന് ചിത്രം ഒ.ടി.ടി റിലീസായി സീ ഫൈവിലും എത്തിയിരുന്നു. ഇതോടെ ചിത്രം വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്ന ഒരു കഥാപാത്രം വിനീത് വാസുദേവന്‍ അവതരിപ്പിച്ച അജിത്ത് മേനോനാണ്.

ഇന്ത്യയാകെ ശ്രദ്ധ നേടുകയും വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതുമായ അര്‍ജുന്‍ റെഡ്ഡിക്ക് ഒരു സ്പൂഫ് എന്ന നിലയിലാണ് അജിത്ത് മേനോന്റെ കഥാപാത്രം ചിത്രത്തിലെത്തുന്നത്. ടോക്‌സിക് കാമുകനെ അജിത്ത് മേനോനിലൂടെ കണക്കിന് കളിയാക്കുക കൂടിയായിരുന്നു സൂപ്പര്‍ ശരണ്യ എന്ന ചിത്രം.

സിനി ഫില്‍ മൂവി ഗ്രൂപ്പില്‍ രാജീവ് രവി ചന്ദ്രന്‍ എഴുതിയ കുറിപ്പ് ഇങ്ങനെ

‘അര്‍ജുന്‍ റെഡ്ഡി എന്ന കഥാപാത്രത്തിന് കൊടുക്കാവുന്ന മികച്ച ട്രിബൂട്ട് ആയിരുന്നു അജിത്ത് മേനോന്‍ എന്ന കഥാപാത്രം. അത് മലയാള സിനിമ എന്തിലും ഏതിലും കുറ്റം കാണുന്നത് കൊണ്ടല്ല. ഒറ്റ നോട്ടത്തില്‍ അല്ലേലും രണ്ടാമതൊരു നോട്ടത്തില്‍ സാമാന്യബുദ്ധിക്ക് നിരക്കാത്ത തോന്ന്യാസം ആണല്ലോ ഞാനടക്കമുള്ള യുവതലമുറ സ്റ്റാറ്റസ് ഇട്ടും അര്‍ജുന്‍ റെഡ്ഡിയുടെ ആറ്റിറ്റിയൂഡ് അനുകരിച്ചു തലയില്‍ വെച്ചു നടന്നത് എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടാണ് അജിത്ത് മേനോന്‍ എന്ന കഥാപാത്രം സ്വീകരിക്കപെടുന്നത്,’

അതുപോലെ അര്‍ജുന്‍ റെഡ്ഡി, തമിഴ് റീമേക്കായ ആദിത്യ വര്‍മ്മ, ഹിന്ദി റീമേക്കായ കബീര്‍ സിങ്ങ് എന്നിവയിലെ നായകന്മാര്‍ക്കൊപ്പം അജിത്ത് മേനോനെ ചേര്‍ത്തുള്ള ചിത്രവും പ്രചരിക്കുന്നുണ്ട്. നിങ്ങള്‍ റീമേക്ക് ചെയ്യുമ്പോള്‍ ഞങ്ങള്‍ സ്പൂഫ് ഉണ്ടാക്കാം എന്നാണ് ഇതിനൊപ്പം വരുന്ന കമന്റ്.

2022 ജനുവരി 7നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, മമിത ബൈജു, നെസ്‌ലന്‍, വിനീത് വിശ്വം, നെസ്‌ലന്‍, അന്റണി വര്‍ഗീസ് പെപ്പെ എന്നവരാണ് അഭിനയിച്ചത്.


Content Highlight: ajith menon becaeme a discussion in social media

Latest Stories

We use cookies to give you the best possible experience. Learn more