വിജയ്‌യും അജിത്തും നേര്‍ക്കുനേര്‍ പോരിനിറങ്ങിയ ഈ പൊങ്കലില്‍ ദളപതിയുടെ വാരിസിനേക്കാള്‍ ബഹുദൂരം മുന്നിലാണ് തലയുടെ തുനിവ്. അങ്ങനെയൊരു താരതമ്യമില്ലായിരുന്നെങ്കില്‍ പോലും തുനിവിന് തന്റേതായ സ്ഥാനമുണ്ടാകുമെന്ന് ഉറപ്പാണ്.
ട്വിസ്റ്റുകളും ടേണുകളുമായി എത്തുന്ന തിരക്കഥയും അത് മാസ് ആക്ഷന്‍ മോഡില്‍ അവതരിപ്പിച്ചിരിക്കുന്ന സംവിധാനവുമാണ് തുനിവിന്റെ കരുത്ത്. എച്ച്. വിനോദ് ഈ രണ്ട് മേഖലകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്. അജിത്തിന് മാസ് ഡയലോഗും ആക്ഷനും തമാശ കൗണ്ടറുകളും കില്ലര്‍ ഡാന്‍സ് സ്റ്റെപ്പുകളും വരെയായി പൂണ്ട് വിളയാടാന്‍ അവസരം നല്‍കിയിട്ടുണ്ട്. അജിത്ത് പൂര്‍ണമായും സ്വാഗ് മോഡിലാണ് ചിത്രത്തിലെത്തുന്നത്. ഗംഭീരമായി അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തുനിവില്‍ എല്ലാത്തിനും മുകളില്‍ നില്‍ക്കുന്നത് സ്റ്റോറിലൈനും തിരക്കഥയും തന്നെയാണ്.
ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളും മറ്റ് ചില ഘടകങ്ങളും മണി ഹീസ്റ്റ് വെബ് സീരിസിനോട് വല്ലാത്തൊരു സാമ്യം പുലര്‍ത്തുന്നുണ്ടെങ്കിലും പിന്നീട് സിനിമ സഞ്ചരിക്കുന്നത് വ്യത്യസ്തമായ റൂട്ടിലാണ്. രാജ്യത്തെ ബാങ്കിങ് സംവിധാനം, ഓഹരി വിപണി, മ്യൂച്ചല്‍ ഫണ്ടടക്കമുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ ശേഷമായിരിക്കണം ഈ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രീ പ്രൊഡക്ഷനിലെ ആ ഹാര്‍ഡ് വര്‍ക്ക് തന്നെയാണ് ചിത്രത്തിന്റെ നിലവാരം ഉയര്‍ത്തുന്നത്.
വളരെ വേഗതത്തില്‍ നീങ്ങുകയും മാറിമറിയുകയും ചെയ്യുന്ന സ്റ്റോറിലൈനിനൊപ്പം, ഫ്‌ളാഷ് ബാക്കും ബോംബ് ബ്ലാസ്റ്റുകളുമായി എത്തുന്ന തുനിവ് പ്രേക്ഷകരുടെ മുഴുവന്‍ ഏകാഗ്രതയും ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് വളരെ നന്നായി തമിഴ് അറിയില്ലെങ്കില്‍ കഥാഗതി മനസിലാക്കാന്‍ കുറച്ചധികം ശ്രദ്ധിക്കേണ്ടി വന്നേക്കാം.
എങ്ങനെ വേണമെങ്കിലും പറന്നടിക്കാനും എത്ര വെടികൊണ്ടാലും മരിക്കാതിരിക്കാനും കഴിയുന്ന അതിമാനുഷനായ നായകനെ കാണിക്കുന്ന ചില സീനുകള്‍ ഉണ്ടെങ്കിലും, ആക്ഷന്‍ സീനുകളുടെ കൊറിയോഗ്രഫിയും അവിടെ കാത്തൂസൂക്ഷിച്ചിരിക്കുന്ന സൂക്ഷ്മതയും ഫൈറ്റ് സീനുകളെ മികച്ചതാക്കുന്നുണ്ട്.
കഥാപാത്രങ്ങള്‍ ഫൈറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ടെക്‌നിക്ക്‌സും അതിനുള്ള കപ്പാസിറ്റിയും ആ കഥാപാത്രസൃഷ്ടിയോട് ചേര്‍ന്നു നില്‍ക്കുന്നതായതിനാല്‍ അസഹനീയമായ അതിശയോക്തിയും തോന്നില്ല.
സമൂഹത്തിന് മെസേജ് നല്‍കുക എന്ന തമിഴ് മാസ് സിനിമകളുടെ പ്രഖ്യാപിത ലക്ഷ്യം ഈ സിനിമയും നിറവേറ്റുന്നുണ്ട്. പക്ഷെ അതിനുവേണ്ടി താരതമ്യേന ഇന്‍ട്രസ്റ്റിങ്ങായ പ്ലോട്ടും വലിയ ലാഗില്ലാത്ത എക്‌സിക്യൂഷനും ഒരുക്കാന്‍ എച്ച്. വിനോദിന് കഴിഞ്ഞിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള കണക്ഷനും, വാര്‍ത്തകള്‍ ചോരുന്നതും, ചാനലുകളുടെ അകത്ത് നടക്കുന്ന രീതികളും കാണിച്ചിരിക്കുന്നത് പുതുമയുള്ള കാഴ്ചയായിരുന്നു, പ്രത്യേകിച്ച് രാജേഷ് എന്ന പൊലീസുകാരനും മയ്യപ്പ എന്ന റിപ്പോര്‍ട്ടറും തമ്മിലുള്ള സംഭാഷണങ്ങള്‍. അതിനൊപ്പം മാധ്യമങ്ങള്‍ ഏതൊക്ക വാര്‍ത്തകള്‍ നല്‍കും, നല്‍കാതിരിക്കും അതിന് പണവും അധികാരവും രാഷ്ട്രീയവും ഉദ്യോഗസ്ഥരും തമ്മിലുള്ള കണക്ഷന്‍ എന്നിവ കൂടി സിനിമയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
‘ഇത് തമിഴ്‌നാടാണ്, നിങ്ങളുടെ ഇത്തരം പ്രവര്‍ത്തികളൊന്നും ഇവിടെ നടക്കില്ല’ എന്ന തമിഴ്‌നാട് പൊലീസ് കേന്ദ്ര സേനയോട് പറയുന്നതടക്കമുള്ള സീനുകളില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി പരാമര്‍ശിക്കപ്പെടുന്നുണ്ട്.
ചിത്രത്തില്‍ കുറച്ച് സമയത്തേക്ക് എത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രവും നല്ല പ്ലേസ്‌മെന്റായിരുന്നു. ബാങ്കില്‍ പണമിടുന്ന ഒരാള്‍ എന്ന നിലയില്‍, ആര്‍ക്കും ചെയ്യാവുന്ന ഒരു കഥാപാത്രത്തിലേക്ക് ട്രാന്‍സ് വ്യക്തിയെ വെച്ചത് സന്തോഷം നല്‍കുന്ന കാഴ്ചയാണ്.
നിലവിലെ സിസ്റ്റത്തിനെതിരെ ചോദ്യങ്ങളുയര്‍ത്തുന്നവരെയും വിസില്‍ബ്ലോവേഴ്‌സിനെയും വിമര്‍ശകരെയും തീവ്രവാദികളാക്കി ചിത്രീകരിക്കുന്നതിനെതിരെയും സിനിമ സംസാരിക്കുന്നുണ്ട്.
മഞ്ജു വാര്യരുടെ കണ്‍മണി നടിയുടെ കരിയറിലെ വ്യത്യസ്തമായ റോളുകളിലൊന്നായിരിക്കും. ആക്ഷന്‍ ത്രില്ലര്‍ സിനിമകളില്‍ നായകന്റെ നിഴലായി മാത്രമോ, റൊമാന്റിക് ഫില്ലറായോ മാത്രം വരുന്ന നായികമാരില്‍ നിന്നും വ്യത്യസ്തമായ കഥാപാത്ര സൃഷ്ടി കണ്‍മണിക്ക് നല്‍കിയിട്ടുണ്ട്.
ആക്ഷന്‍ സീനുകളില്‍ പെര്‍ഫെക്ടായി കൈകാര്യം ചെയ്തും, കുറച്ച് മാത്രമുള്ള ഡയലോഗുകള്‍ കൃത്യമായ പഞ്ചോടെ ഡെലിവര്‍ ചെയ്തുകൊണ്ടും തന്റെ റോള്‍ മഞ്ജു മികച്ചതാക്കി. അടുത്തിടെ ഇറങ്ങിയ പല മലയാള ചിത്രങ്ങളിലെയും അഭിനയവും കഥാപാത്ര തെരഞ്ഞെടുപ്പും ഏറ്റുവാങ്ങിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാകുന്നുണ്ട് തുനിവിലെ കണ്‍മണി.
സമുദ്രക്കനി, ജോണ്‍ കൊക്കന്‍, മോഹന സുന്ദരം, ഭഗവതി പെരുമാള്‍ എന്നിങ്ങനെ സിനിമയില്‍ മികച്ച പെര്‍ഫോമന്‍സുകള്‍ നല്‍കിയ ഒരുപാട് അഭിനേതാക്കളുണ്ട്.
ക്ലൈമാക്‌സ് സീനിലെ കടലിലെ രംഗങ്ങളിലെ ബോട്ടുകള്‍ വലം വെക്കുന്നതിന്റെ ടോപ്പ് ആംഗിളില്‍ നിന്നുള്ള വിഷ്വലുകളും മികച്ച തിയേറ്റര്‍ ട്രീറ്റായിരുന്നു. പടത്തിലുടനീളം മികച്ച അനുഭവം നല്‍കുന്ന നീരവ് ഷായുടെ ക്യാമറ ഏറ്റവും ഗംഭീരമായി ഭാഗങ്ങളിലൊന്നും ഇതായിരുന്നു.
പക്ഷെ, ഈ സീനിലെ വെടിവെപ്പുകള്‍ കുറച്ച് ഓവറായിരുന്നു. അതുവരെ കൊണ്ടുവന്ന തിരക്കഥയുടെ മുറുക്കം നഷ്ടപ്പെടുന്നതും ഇവിടെയായിരുന്നു. പിന്നെ, ഇത്രയും തോക്കും മറ്റ് ആയുധങ്ങളുമെല്ലാം വാങ്ങിയവര്‍ക്ക് ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങി ഇടാന്‍ പാടില്ലായിരുന്നോ എന്നൊരു ചോദ്യം തീര്‍ച്ചയായും ക്ലൈമാക്‌സ് സീനില്‍ തോന്നിയിരുന്നു.
തുനിവിലെ ജിബ്രാന്റെ ബി.ജി.എം സീനുകളെ എലവേറ്റ് ചെയ്യുന്നതില്‍ ഏറെ സഹായിക്കുന്നുണ്ട്. പിന്നെ, നായകന് ഇന്‍ട്രൊ സോങ്, ഫ്‌ളാഷ് ബാക്കില്‍ ഒരു സോങ് എന്നിവ തമിഴ് മാസ് പടങ്ങളില്‍ മാന്‍ഡേറ്ററി ആയതുകൊണ്ട് തുനിവിലും കാണാം. എന്നാലും പാട്ടുകളുടെ അതിപ്രസരമില്ല. ചിത്രത്തിലെ പേഴ്‌സണല്‍ ഫേവറിറ്റ് സോങ് അവസാനമെത്തുന്ന കാസേത്താന്‍ കടവുളഡേ ആണ്.
മൊത്തത്തില്‍, അതിഗംഭീരമായ സിനിമയെന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും ഒരുവിധം എല്ലാ മേഖലകളിലും മെച്ചപ്പെട്ട നിലവാരം പുലര്‍ത്തി താരതമ്യേന മികച്ച എന്റര്‍ടെയ്‌നറാകുന്ന ചിത്രമാണ് തുനിവെന്ന് നിസംശയം പറയാം.
Content Highlight: Ajith-Manju Warrier movie Thunivu Review | Video