തോക്കേന്തി മാസ് ആയി തല; വിടാമുയര്‍ച്ചിയുടെ സെക്കന്റ് ലുക്ക് പുറത്ത്
Entertainment
തോക്കേന്തി മാസ് ആയി തല; വിടാമുയര്‍ച്ചിയുടെ സെക്കന്റ് ലുക്ക് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th July 2024, 10:04 pm

തമിഴ് സൂപ്പര്‍ താരം അജിത് കുമാറിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ മഗിഴ് തിരുമേനി ഒരുക്കുന്ന ബിഗ് ബജറ്റ് മാസ് ആക്ഷന്‍ ചിത്രമായ വിടാമുയര്‍ച്ചിയുടെ സെക്കന്റ് ലുക്ക് റിലീസ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വിട്ട ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററിനേക്കാള്‍ മാസ് പരിവേഷത്തിലാണ് സെക്കന്റ് ലുക്ക് പോസ്റ്ററുകളില്‍ അജിത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. അത് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിക്കുന്ന ഈ വമ്പന്‍ ചിത്രം ഇപ്പോഴതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്.

മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റര്‍ വെങ്കട് പ്രഭു ചിത്രത്തിന് ശേഷം, അജിത് കുമാര്‍- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും അതിന് ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലൈക്ക പ്രൊഡക്ഷന്‍സ് ഹെഡ് എം.കെ.എം. തമിഴ് കുമരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത് എന്‍.ബി. ശ്രീകാന്ത് എന്നിവരാണ്. മിലന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന വിടാമുയര്‍ച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പന്‍ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സണ്‍ ടി.വിയും ഒ.ടി.ടി അവകാശം നെറ്റ്ഫ്‌ളിക്‌സും സ്വന്തമാക്കിയിട്ടുണ്ട്. അനു വര്‍ദ്ധന്‍ വസ്ത്രാലങ്കാരം, ഹരിഹരസുധന്‍ വി.എഫ്.എക്‌സ്, ആനന്ദ് കുമാര്‍ സ്റ്റില്‍സ്, പി.ആര്‍.ഒ: ശബരി.

Content Highlight: Ajith Kumar’s Vidamuyarchi Second Look Out