| Monday, 6th January 2025, 10:36 pm

സമ്മര്‍ റിലീസ് ഞാനിങ്ങെടുക്കുവാ എന്ന് അജിത് കുമാര്‍, ഒ.ജി ഈസ് ബാക്ക് എന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിടാമുയര്‍ച്ചിയുടെ റിലീസ് മാറ്റിവെച്ചതിന്റെ നിരാശ മറികടന്ന് അജിത് കുമാര്‍ ആരാധകര്‍. വിടാമുയര്‍ച്ചിക്ക് ശേഷം അജിത് പ്രധാനവേഷത്തിലെത്തുന്ന ഗുഡ് ബാഡ് അഗ്ലിയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഏപ്രില്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. തമിഴ് പുതുവര്‍ഷത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവന്നതു മുതല്‍ ആരാധകര്‍ ഓരോ അപ്‌ഡേറ്റും ആഘോഷമാക്കിയിരുന്നു. രണ്ട് ഗെറ്റപ്പിലാണ് അജിത് ഗുഡ് ബാഡ് അഗ്ലിയില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളെ തീപിടിപ്പിച്ചിരുന്നു. 2023ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മാര്‍ക്ക് ആന്റണി സംവിധാനം ചെയ്ത ആദിക് രവിചന്ദ്രനാണ് ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകന്‍.

അജിത് കുമാറിന്റെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ ആദ്യചിത്രം മുതല്‍ ആദിക് സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. തന്റെ ഇഷ്ടനടനെ ആദിക് എങ്ങനെയാകും അവതരിപ്പിക്കുക എന്ന് കാണാനാണ് സിനിമാലോകം കാത്തിരിക്കുന്നത്. സമ്മര്‍ റിലീസായ മുമ്പ് പ്രഖ്യാപിച്ച റെട്രോ മാര്‍ച്ച് ഒടുവിലോ മെയ് പകുതിയോ ആയി റിലീസ് മാറ്റിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ മൈത്രി മൂവി മേക്കേഴ്‌സാണ് ഗുഡ് ബാഡ് അഗ്ലി നിര്‍മിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ഗ്യാങ്സ്റ്റര്‍ ചിത്രമാകും ഇതെന്നാണ് പോസ്റ്ററുകള്‍ നല്‍കുന്ന സൂചന. ദേവി ശ്രീ പ്രസാദായിരുന്നു ചിത്രത്തിന് ആദ്യം സംഗീതം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് ഡി.എസ്.പിക്ക് പകരം ജി.വി. പ്രകാശ് ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രഭു, പ്രസന്ന, അര്‍ജുന്‍ ദാസ്, സുനില്‍ തുടങ്ങി വന്‍ താരനിര ഗുഡ് ബാഡ് അഗ്ലിയുടെ ഭാഗമാകുന്നുണ്ട്.

Content Highlight: Ajith Kumar’s Good Bad Ugly movie release date announced

We use cookies to give you the best possible experience. Learn more