ഫോര്‍മുല 2 റേസിങ്ങിലെ 24 എച്ച് ചാമ്പ്യന്‍ഷിപ്പിന് ദുബായില്‍ തിരശ്ശീല വീണിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കിയ മത്സരമായിരുന്നു. സിനിമാക്കാര്‍ക്ക് റേസിങ്ങില്‍ എന്ത് കാര്യമെന്ന് ചിന്തിക്കുന്നവര്‍ മത്സരഫലം നോക്കുക. മൂന്നാം സ്ഥാനം നേടിയത് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അജിത് കുമാര്‍ റേസിങ് ടീമാണ്.
സിനിമയെ പ്രൊഫഷനായും റേസിങ്ങിനെ പാഷനായും കാണുന്ന താരമാണ് അജിത് കുമാര്‍. വെറുമൊരു ബൈക്ക് മെക്കാനിക്കില്‍ നിന്ന് തമിഴ് സിനിമയുടെ ഗതിമാറ്റിയ താരമായി മാറിയപ്പോഴും അജിത് ഒരിക്കലും തന്റെ പാഷനെ കൈവിട്ടിരുന്നില്ല. ഷൂട്ടിനിടയിലും തന്റെ പാഷനെ അയാള്‍ ഫോളോ ചെയ്തിരുന്നു. 2003ലും 2010ലും സിനിമകളുടെ തിരക്ക് മാറ്റിവെച്ച് റേസിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ അജിത് പങ്കെടുത്തിരുന്നു. എന്നാല്‍ ആ സൈക്കിള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് തവണയും അദ്ദേഹത്തിന് സാധിച്ചില്ല.
വീണ്ടും സിനിമകളുടെ തിരക്കിലേക്ക്. തമിഴിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായി മാറിയ അജിത് സിനിമ മുഴുവനായി ഉപേക്ഷിച്ച് റേസിങ്ങിനും വേള്‍ഡ് ടൂറിനും വേണ്ടി ഇറങ്ങുന്നെന്ന തരത്തില്‍ അഭ്യൂഹങ്ങളുയര്‍ന്നുവന്നു. എന്നാല്‍ സിനിമയും റേസിങ്ങും തനിക്ക് ഒരുപോലെ പ്രധാനമാണെന്ന് അയാള്‍ പറയാതെ പറഞ്ഞുകൊണ്ടിരുന്നു.
2024ല്‍ ഒരേസമയം രണ്ട് ചിത്രങ്ങളില്‍ അജിത് അഭിനയിച്ചു. രണ്ട് ചിത്രങ്ങളിലും തന്റെ ഭാഗം പൂര്‍ത്തിയായ ശേഷം സ്വന്തമായി ഒരു റേസിങ് ടീമിനെ അയാള്‍ പ്രഖ്യാപിച്ചു. അജിത് കുമാര്‍ റേസിങ് എന്ന ടീം 2025ലെ റേസിങ് സൈക്കിള്‍ പൂര്‍ത്തിയാക്കുമെന്ന് അജിത് അറിയിച്ചു. റേസിങ് ടീമിനായി അയാള്‍ മികച്ച കാറുകള്‍ തന്നെയാണ് തെരഞ്ഞെടുത്തത്.
ദുബായിലെ ഓട്ടോഗ്രാമില്‍ നടന്ന പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍ പെട്ടിരുന്നു. എന്നാല്‍ താരം അതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഒടുവില്‍ അയാളുടെ ടീം മത്സരത്തില്‍ പങ്കെടുക്കുന്നു. മത്സരത്തില്‍ മൂന്നാം സ്ഥാനം അജിത് കുമാര്‍ റേസിങ് സ്വന്തമാക്കുകയും ചെയ്തു. വിജായാഘോഷത്തില്‍ തന്റെ പങ്കാളിക്കൊപ്പം അജിത് സന്തോഷവാനായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. രജിനികാന്ത്, അശ്വിന്‍ തുടങ്ങിയവര്‍ അജിത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
തന്റെ 53ാം വയസില്‍ റേസിങ് സര്‍ക്യൂട്ടില്‍ നിന്ന് അജിത് നേടുന്ന വിജയത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. പല താരങ്ങളും റേസിങ്ങില്‍ നിന്ന് 40 വയസ് കഴിയുമ്പോള്‍ തന്നെ വിരമിക്കുന്നതാണ് പതിവ്. അവിടെയാണ് പ്രായം തന്റെ പാഷന് തടസമല്ലെന്ന് അജിത് തെളിയിക്കുന്നത്. മറ്റ് കായികയിനങ്ങളില്‍ നിന്ന് താരതമ്യേന ചെലവ് കൂടുതലുള്ള മത്സരയിനമാണ് റേസിങ്.
വണ്ടികളുടെ ചെലവ്, അതിന്റെ പരിചരണം, പരിശീലനം തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം വലിയ ചെലവാണ് വരുന്നത്. മികച്ചൊരു സ്‌പോണ്‍സറെ കിട്ടിയാല്‍ തന്നെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ അധികം ആളുകള്‍ക്ക് കഴിയാറില്ല. ഇന്ത്യയില്‍ പൊതുവേ റേസിങ്ങിനോട് വിമുഖത വരാനുള്ള കാരണവും ഇതാണ്. അവിടെയാണ് 50 കഴിഞ്ഞ ഒരു സിനിമാനടന്‍ സ്വന്തമായി ഒരു ടീം തുടങ്ങുകയും മത്സരത്തില്‍ പങ്കെടുക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്യുന്നത്.
തന്റെ പാഷന്‍ എന്താണോ അതിന്റെ പിന്നാലെ പോവുക, കുടുംബത്തിന്റെ സന്തോഷത്തിനായി പ്രവര്‍ത്തിക്കുക. അനാവശ്യമായി മറ്റ് കാര്യങ്ങളില്‍ ഇടപെടാതെ സ്വന്തം ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ആരാധകര്‍ക്കായി അജിത് നല്‍കിയ സന്ദേശം അയാള്‍ സ്വന്തം ജീവിതത്തിലും പാലിച്ചുപോരുകയാണ്. അയാള്‍ ഇനിയും മുന്നേറും, നല്ലൊരു നടനായും അതിനോടൊപ്പം നല്ലൊരു സ്‌പോര്‍ട്‌സ്മാനായും.
Content Highlight: Ajith Kumar Racing team won 3rd place in 24 hour endurance race