Malayalam Cinema
അജിത് കൂത്താട്ടുകുളം, സുമേഷ്, കൃഷ്ണ പ്രഭ; ദൃശ്യം 2 വില്‍ കൈയ്യടി നേടുന്ന മൂന്ന് 'മിമിക്രി' താരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 19, 03:21 pm
Friday, 19th February 2021, 8:51 pm

കൊച്ചി: കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 ആമസോണില്‍ റിലീസ് ചെയ്ത്. ആദ്യ ഭാഗത്തിന് ശേഷമുള്ള ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം പറഞ്ഞ ചിത്രത്തില്‍ നായക കഥാപാത്രങ്ങള്‍ക്ക് പുറമെ കൈയ്യടി നേടിയ മൂന്ന് താരങ്ങള്‍ കൂടിയുണ്ട്.

മിമിക്രിയിലൂടെ സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ റിയാലിറ്റി ഷോകളിലൂടെയും ഹിറ്റായ അജിത് കുത്താട്ടുകുളം, സുമേഷ് ചന്ദ്രന്‍, കൃഷ്ണ പ്രഭ എന്നിവര്‍ക്കും കൈയ്യടികള്‍ ഉയരുന്നുണ്ട്.

കോമഡി മാത്രം ചെയ്യാന്‍ സാധിക്കുന്ന, രണ്ടാം നിര താരങ്ങളായിട്ടാണ് ചിലരെങ്കിലും മിമിക്രി താരങ്ങളെ കാണാറുള്ളത്. എന്നാല്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചാല്‍ മികച്ച ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ സാധിക്കുന്നവരാണ് തങ്ങളെന്ന് ഇവര്‍ മൂന്ന് പേരും തെളിയിച്ചു.

ജോസ് എന്ന കഥാപാത്രമായിട്ടാണ് അജിത് കുത്താട്ടുകുളം സിനിമയില്‍ എത്തുന്നത്. ജീവിതത്തിലെ പ്രയാസമേറിയ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജോസിന്റെ റോള്‍ അജിത്തിന്റെ കൈവശം ഭദ്രമായിരുന്നു.

ജോസിന്റെ ഭാര്യയുടെ റോളിലാണ് കൃഷ്ണ പ്രഭ എത്തിയത്. തന്റെ സഹോദരനെ കൊലപ്പെടുത്തി ജയിലില്‍ പോയ ഭര്‍ത്താവ് തിരികെ എത്തുമ്പോള്‍ ഉള്ള കൃഷ്ണ പ്രഭയുടെ അഭിനയമെല്ലാം ഗംഭീരമായിരുന്നു.

ചാനല്‍ റിയാലിറ്റി ഷോയിലൂടെ ഹിറ്റായ സുമേഷ് നെഗറ്റീവ് ഷേഡുള്ള കുടിയന്‍ കഥാപാത്രമായി ദൃശ്യത്തില്‍ കൈയ്യടി നേടിയിരുന്നു. ഏറ്റവും വലിയ തമാശ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ ഷോയില്‍ ദൃശ്യത്തിന്റെ സ്പൂഫ് വീഡിയോയില്‍ സുമേഷ് ചന്ദ്രനും അജിത്ത് കൂത്താട്ടുകുളവും അഭിനയിച്ചിരുന്നു എന്നതാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഫെബ്രുവരി 18 രാത്രിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ 19 ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.

മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.

100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.

Content Highlights: Ajith Koothattukulam, Sumesh, Krishna Prabha; Three ‘Mimicry’ stars getting applause in Drishyam 2 Malayalam Movie