| Thursday, 27th June 2019, 9:47 pm

"ദളിതര്‍ക്ക് സാമൂഹിക നീതി എന്നൊക്കെ അവര്‍ പറയുമെങ്കിലും അതിനകത്ത് യാതൊരു സാമൂഹിക നീതിയുമില്ല"; വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അജിത് കൊല്ലങ്കോട് സംസാരിക്കുന്നു

ജംഷീന മുല്ലപ്പാട്ട്

ദളിത് വിരുദ്ധത മൂലം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച  അജിത് കൊല്ലങ്കോട് ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു

‘നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേരുന്നത്. പ്രദീപ് നെമ്മാറയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു കൂട്ടം ആളുകള്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടക്കത്തില്‍ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസമായിട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയിലെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ രാധാകൃഷണന്‍ പുത്തൂരിനോട് വിവേചനപരമായി ഇവര്‍ പെരുമാറുകയും വളരെ പ്രകടമായി തന്നെ അദ്ദേഹത്തിന് നേരെ ഒരു ജാതി വിവേചനസമീപനം തുടരുന്നതായും അനുഭവപ്പെട്ടു. സ്വാഭാവികമായും ഞങ്ങള്‍ അത് ചോദ്യം ചെയ്തു. തുടര്‍ന്ന്, ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ജാതി വിവേചനം നിലനില്‍ക്കുന്നുവെന്നും എന്ത് വിലകൊടുത്തും തടയണമെന്നും അല്ലാത്ത പക്ഷം പാര്‍ട്ടിയുടെ ഒരു സ്ഥാനങ്ങളിലും തുടരാന്‍ ഞാനാഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് പാര്‍ട്ടി നേതൃത്വത്തിന് ഒരു കത്ത് കൊടുത്തിരുന്നു. എന്നാല്‍ എന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഞാന്‍ ലീവ് ചോദിച്ചിരിക്കുന്നു എന്ന രീതിയിലാണ് നേതൃത്വം അത് മറ്റുള്ളവരെ ധരിപ്പിച്ചത്. ഞാനുന്നയിച്ച ദളിത് വിവേചനം എന്ന വിഷയത്തെ കൈകാര്യം ചെയ്യാന്‍ അവര്‍ തയ്യാറായില്ല. അതെ തുടര്‍ന്ന്, ഞാന്‍ പാര്‍ട്ടിയുടെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിയുന്നു എന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇക്കാരണത്താല്‍, സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന കാരണം കാണിച്ച് അവര്‍ എന്നെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ഈ സംഭവങ്ങള്‍ക്ക് ശേഷം നിരവധി രാജികള്‍ വേറെയും പാലക്കാട് ജില്ലയില്‍ നടന്നു.

ദളിതര്‍ക്ക് സാമൂഹിക നീതി എന്നൊക്കെ അവര്‍ പറയുമെങ്കിലും അതിനകത്ത് യാതൊരു സാമൂഹിക നീതിയുമില്ല. ജമാഅത്തെ ഇസ്‌ലാമിന് പുറത്ത് നിന്ന് പോലും ഒരു മുസ്‌ലിം സമുദായക്കാര്‍ അതിനകത്ത് വരുന്നില്ല. ദളിത് കോളനികളില്‍ അരിയും പച്ചക്കറിയുമെല്ലാം കൊണ്ടുപോയി കൊടുത്ത് അവിടെ സ്വീകാര്യത നേടിയെടുക്കണമെന്ന് അവര്‍ക്കുണ്ട്. അതിനവര്‍ക്ക് ദളിതരെ ആവശ്യവുമുണ്ട്. അത്തരം ഉപകരണങ്ങള്‍ മാത്രമായാണ് പലപ്പോഴും അവര്‍ ദളിത് നേതാക്കളെ കണക്കാക്കുന്നത്.

പൊതുവില്‍ രാഷ്ട്രീയ വേദികളില്‍ ബഹുസ്വരതയ്ക്ക് വേണ്ടി ദളിത് നേതാക്കളെ ഇരുത്തുകയും എന്നാല്‍ ഗൗരവമുള്ള ഒരു കാര്യത്തിനും ഞങ്ങളെ അടുപ്പിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. തീരുമാനങ്ങളെടുക്കുന്ന ഒരു കമ്മിറ്റിയിലും ഞങ്ങള്‍ ഉണ്ടാകാറില്ല. പക്ഷേ, തീരുമാനങ്ങള്‍ അവതരിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന യോഗങ്ങളിലും വേദികളിലും ഞങ്ങളെ ഇരുത്തും.

ജില്ലയിലെ സാധാരണക്കാര്‍ക്കിടയിലും ദളിത് ആദിവാസികോളനികള്‍ക്കിടയിലും പാര്‍ട്ടിക്ക് വേരുണ്ടാക്കാനുള്ള ശ്രമത്തിന് ഞങ്ങളുടെയൊക്കെ അടിസ്ഥാനതലങ്ങളില്‍ നിന്നുള്ള രാഷ്ട്രീയപ്രവര്‍ത്തന രീതിയെ ഉപയോഗിക്കുക മാത്രമാണ് അവര്‍ ചെയ്തത്. നേരിട്ട് ഇത്തരം സ്ഥലങ്ങളില്‍ ചെന്ന് പ്രവര്‍ത്തിക്കാന്‍ മടിയുള്ളവരാണ് ബാക്കിയുള്ളവര്‍. ബഹുഭൂരിപക്ഷവും സവര്‍ണ മനോഭാവമുള്ളവരുമാണ്. ദളിത് ആദിവാസി മുസ്ലിം ഏകോപനത്തിന്റെ രാഷ്ട്രീയം നിരന്തരം പൊതുവേദികളില്‍ സംസാരിക്കുകയും, എന്നാല്‍ ആന്തരികമായി വലിയ രീതിയിലുള്ള ജാതിവിവേചനം നിലനിര്‍ത്തുകയും ചെയ്യുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും അതിന്റെ ഉന്നത നേതൃത്വവും.

വെല്‍ഫെയര്‍ പാര്‍ട്ടി എന്നത് ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമാണെന്നറിഞ്ഞിട്ടും ഞങ്ങള്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ദളിതരും മുസ്ലിങ്ങളും ഒന്നിച്ചുനില്‍ക്കേണ്ട ആവശ്യകത മനസ്സിലാക്കിയാണ്. രാജ്യത്ത് സമീപഭാവിയില്‍ ദളിതരുടെയും മുസ്ലിങ്ങളുടെയും മുന്‍കൈയില്‍ വലിയ മുന്നേറ്റങ്ങള്‍ സാധ്യമാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ തന്നെ വലിയ വിവേചനമാണ് നേരിട്ടത്.

അയിത്തപ്രശ്‌നമുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സമരം നടത്തിയ പാലക്കാട് ഗോവിന്ദാപുരത്തെ ചക്ലിയ കോളനികള്‍ക്കകത്തേക്ക് പ്രവേശിക്കാന്‍ മടിയുണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്കാരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. അവരുടെ ഉള്ളിലും ഉണ്ടായിരുന്നത് ഒരു തരം അയിത്തവും സവര്‍ണ മനോഭാവവും തന്നെയായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുെട വിദ്യാര്‍ത്ഥി സംഘടനയാണ് എസ്.ഐ.ഒ. വെയല്‍ഫെയര്‍ പാര്‍ട്ടിയുടേത് ഫ്രട്ടേണിറ്റിയും. രണ്ടിലും പ്രവര്‍ത്തിക്കുന്നത് ഭൂരിപക്ഷവും ഒരേ ആളുകളാണ്. എന്നാല്‍ എസ്.ഐ.ഒ യുടെ മീറ്റിംഗ് വിളിച്ചാല്‍ മുഴുവന്‍ ആളുകളും ഉണ്ടാകും. അതേ സമയം ഫ്രറ്റേണിറ്റി അഞ്ച് തവണ മീറ്റിംഗ് വിളിച്ചാല്‍ പോലും മീറ്റിംഗിന് വേണ്ട മിനിമം ആളുകളുണ്ടാവില്ല. രാഷ്ടീയമായ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി മാത്രമാണ് അവര്‍ ഫ്രറ്റേണിറ്റി രൂപീകരിക്കുന്നത്. ഈ പറഞ്ഞ കാര്യങ്ങളില്‍ പലതും പാലക്കാട് ജില്ലയില്‍ നടന്നതാണെങ്കിലും കേരളത്തിലെ മിക്ക ജില്ലയിലെയും അവസ്ഥ ഇത് തന്നെയാണ്.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more