തമിഴ് സിനിമ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. രണ്ട് വര്‍ഷത്തോളമായി തിയേറ്റര്‍ റിലീസുകളില്ലാതിരിക്കുന്ന അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഈ വര്‍ഷം പൊങ്കലിന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നു. തമിഴ് ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന ഫെസ്റ്റിവലുകളില്‍ ഒന്നാണ് പൊങ്കല്‍.
എന്നാല്‍ പുതുവര്‍ഷത്തലേന്ന് ആരാധകരെ നിരാശയിലാക്കിക്കൊണ്ട് വിടാമുയര്‍ച്ചിയുടെ റിലീസ് മാറ്റിവെക്കുകയാണെന്ന് ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകര്‍ ലൈക്കക്കെതിരെ തിരിഞ്ഞത്. തമിഴ്‌നാട് സര്‍ക്കാര്‍ ജനുവരി 17 വരെ പൊങ്കലിന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. ഫെസ്റ്റിവല്‍ സീസണില്‍ ഒരു ബിഗ് ബജറ്റ് സിനിമക്ക് ഇതിലും നല്ല റിലീസ് ഡേറ്റ് കിട്ടിലെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.
ജനുവരി 10ന് തുടങ്ങുന്ന അവധി 17ാം തിയത് വരെ നീണ്ടുനില്‍ക്കുന്നതിനാല്‍ ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിക്കും. റിലീസ് ഡേറ്റ് മാറ്റിയത് ലൈക്ക പ്രൊഡക്ഷന്‍സ് ചെയ്ത ഏറ്റവും വലിയ വിവരക്കേടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ചില ആരാധകര്‍ വളരെ രൂക്ഷമായ ഭാഷയില്‍ വരെ പ്രതികരിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ലൈക്കക്കെതിരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നടക്കുകയാണ്.
‘ഇത്രയും നല്ല ഫെസ്റ്റിവല്‍ സീസണ്‍ കിട്ടിയിട്ടും സിനിമ റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നീയൊന്നും ഇനി സിനിമ ചെയ്യണ്ട’ എന്നാണ് പല ആരാധകരും ലൈക്കക്കെതിരെ പ്രതികരിച്ചത്. ‘ഇത്രയും കാലം സിനിമാഫീല്‍ഡില്‍ നിന്നിട്ടും നല്ലൊരു അവസരം ഉപയോഗിക്കാനറിയാത്തത് ലൈക്കയുടെ തോല്‍വിയാണ്’ എന്നും പലരും പ്രതികരിക്കുന്നുണ്ട്.
ലൈക്കയെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് സിനിമകള്‍ സാമ്പത്തികമായി നഷ്ടമുണ്ടാക്കിയവയാണ്. കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തിയ ചന്ദ്രമുഖി 2, ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ വന്ന ഇന്ത്യന്‍ 2, രജിനികാന്ത് നായകനായ വേട്ടൈയന്‍ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. മൂന്ന് ചിത്രങ്ങള്‍ക്കും കൂടി ഏതാണ്ട് 650 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതെല്ലാം മറികടക്കാന്‍ കിട്ടിയ നല്ലൊരു അവസരമായിരുന്നു വിടാമുയര്‍ച്ചിയുടെ പൊങ്കല്‍ റിലീസ്.
2022ലാണ് ചിത്രം അനൗണ്‍സ് ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ അജിത്തിന് അപകടം സംഭവിച്ചതെല്ലാം വലിയ വാര്‍ത്തയായിരുന്നു. വിടാമുയര്‍ച്ചിക്ക് ശേഷം ഷൂട്ടിങ് ആരംഭിച്ച അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി ഈ വര്‍ഷം ഏപ്രിലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇത്രയും വൈകി റിലീസ് ചെയ്യുന്നതും ആരാധകരുടെ രോഷവും വിടാമുയര്‍ച്ചി ബാധിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Ajith fans got angry on Lyca Productions after Vidamuyrachi release postpone