| Friday, 17th February 2023, 3:23 pm

സ്മൃതി മന്ദാനയുടെ പ്രതിഫലം ബാബര്‍ അസമിനേക്കാള്‍ കൂടുമ്പോള്‍; മെയില്‍ ഈഗോയും ദേശീയതയും

അജിത് ഇ.എ

‘വുമണ്‍’ പ്രീമിയര്‍ ലീഗില്‍ (WPL) ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയ്ക്ക് പാകിസ്താനി ക്രിക്കറ്റര്‍ ബാബര്‍ അസമിന് പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (PSL) കിട്ടിയതിനേക്കാള്‍ കൂടിയ ലേലത്തുക കിട്ടിയതുമുതല്‍ ഇന്ത്യന്‍ ‘ദേശീയത’ ആഘോഷത്തിലാണ്. സംഗതി ശരിയാണ്, പുരുഷാധിപത്യ ലോകത്ത് പുരുഷന് തുല്യമോ അതിലധികമോ മൂല്യം സ്ത്രീകള്‍ക്ക് കിട്ടുന്നത് ആഘോഷിക്കേണ്ടത് തന്നെ.

പക്ഷെ ഇവിടെ താരതമ്യം ഇന്ത്യന്‍ സ്ത്രീ-പുരുഷ കളിക്കാരുടെ കൂലിയിലല്ല. ആഘോഷിക്കപ്പെടുന്നത് ഒരു ഇസ്‌ലാമിക രാഷ്ട്രത്തെ പരിഹസിക്കാന്‍ കിട്ടിയ അവസരത്തെ മാത്രമാണ് എന്നതാണ് യാഥാര്‍ഥ്യം. അതുമാത്രമല്ല സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലിക്കേ യോഗ്യതയുള്ളൂ എന്ന് ഇന്ത്യന്‍ ദേശീയതയിലെ മനുവിസ്റ്റ് വിഭാഗം അന്തസ്സായി തന്നെ പ്രഖ്യാപിക്കുന്നുമുണ്ട്.

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് കളിക്കാര്‍ക്ക് സ്ത്രീകളേക്കാള്‍ കൂടിയ കൂലി ലഭിക്കുന്നുണ്ട്. പക്ഷേ പാകിസ്ഥാനികള്‍ക്ക് അതിനുള്ള യോഗമില്ല എന്ന പുരുഷമേല്‍ക്കോയ്മയുടെ പരിഹാസ മനസുകള്‍ തന്നെയാണ് ഇവിടെ സ്മൃതി മന്ദാനയെ ദേശീയതയായി ആഘോഷിക്കുന്നതും.

ഇവിടെ ആഘോഷിക്കാനായി എന്താണ് ഉള്ളത്? ഇന്ത്യയിലെ താരലേലത്തില്‍ പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് ലഭിക്കുന്ന തുകയേക്കാള്‍ തുല്യമായോ അധികമായോ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോ? പരസ്യ വരുമാനം പുരുഷ ക്രിക്കറ്റിനും വനിതാ ക്രിക്കറ്റിനും തുല്യമായാണോ ലഭിക്കുന്നത്? ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഡിസിഷന്‍ മേക്കിങ്ങില്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും റോളുണ്ടോ? ബി.സി.സി.ഐയില്‍ തുല്യ പ്രാതിനിധ്യമുണ്ടോ?

അതൊക്കെ പോട്ടെ, നിങ്ങളുടെ തൊട്ടടുത്ത പറമ്പില്‍ ഓലമടലെടുത്ത് കളിക്കുമ്പോഴെങ്കിലും നമ്മള്‍ പെണ്‍കുട്ടികളെ പങ്കെടുപ്പിക്കാറുണ്ടോ? ആദ്യം നമുക്ക് നമ്മുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാം. സ്വന്തം വീട്ടിലെ മാലിന്യം വൃത്തിയാക്കിയിട്ട് പോരേ അന്യന്റെ പറമ്പിലേക്ക് എത്തിനോക്കുന്നത്?

ഏറ്റവും വലിയ തമാശ ഇന്ത്യന്‍ പുരുഷ ലീഗ് ക്രിക്കറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്നും വനിതാ ലീഗ് ക്രിക്കറ്റ് വുമണ്‍ പ്രീമിയര്‍ ലീഗെന്നും അറിയപ്പെടുന്നതാണ്. ‘ഇന്ത്യന്‍’ ക്രിക്കറ്റ് എന്ന് പറഞ്ഞാല്‍ പുരുഷ ക്രിക്കറ്റിനെയാണ് സൂചിപ്പിക്കുന്നത് എന്ന പൊതുബോധം പോലെ ഇവിടെയും സംഭവിക്കുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറായും നയന്‍താര ‘ലേഡി’ സൂപ്പര്‍ സ്റ്റാറായും അറിയപ്പെടുന്നതില്‍ നിന്ന് ഒരു വ്യത്യാസവും ലീഗ് ക്രിക്കറ്റിലെ ലിംഗവിവേചനങ്ങള്‍ക്ക് ഇല്ല. അത് പേരില്‍ തന്നെ തുടങ്ങുന്നു.

താരതമ്യേന ‘വിലകുറഞ്ഞ’ താരങ്ങളായി കളിക്കളങ്ങളില്‍ വനിതകള്‍ മാറുന്നുണ്ടെങ്കില്‍ അതിന് തക്ക ഒരു സാമൂഹ്യ വ്യവസ്ഥയും ഇന്ത്യയില്‍ ഉണ്ടായിരിക്കണം. ഒരു കായിക താരമായി വളര്‍ന്നു വരാനുള്ള സാമൂഹ്യ സാഹചര്യം ഇന്ത്യയില്‍ സ്ത്രീകള്‍ക്കുണ്ടോ? പൊതു ഇടങ്ങളെപ്പോലെ കളിക്കളങ്ങളും സ്ത്രീകളെ ഉള്‍ക്കൊള്ളുന്നതല്ല.

മനുവിന്റെ ഇന്ത്യയില്‍ നിന്നും നമ്മുടെ രാജ്യം ഒട്ടും വളര്‍ന്നിട്ടില്ല. എക്‌സ്ട്രാ കരിക്കുലര്‍ പരിശീലങ്ങള്‍ക്ക് കുട്ടികളെ പറഞ്ഞു വിടുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കോച്ചിങ്ങും പെണ്‍കുട്ടികള്‍ക്ക് പാട്ടും ഡാന്‍സും ഒരു നാച്ചുറല്‍ ചോയ്‌സ് ആണ്.

കായികപരിശീലനങ്ങള്‍ക്കായുള്ള സന്ധ്യകളും രാത്രികളും സ്ത്രീകള്‍ക്ക് അസമയങ്ങളാവുന്നു. എന്തിന് കളിക്കളങ്ങള്‍ വരെ സ്ത്രീകള്‍ക്ക് അന്യമാണ്. സ്‌കൂളിലെ ഡ്രില്‍ പീരിയഡുകളില്‍ എന്റെ സ്‌കൂള്‍ കാലത്ത് പെണ്‍കുട്ടികള്‍ക്ക് റബ്ബര്‍ വട്ട് എറിഞ്ഞ് കളിക്കാനുള്ള സ്വാതന്ത്ര്യമേ ഉണ്ടായിരുന്നുള്ളൂ. കളിക്കളങ്ങളില്‍ ആണ്‍മേധാവിത്വം തന്നെ, സ്‌കൂളിന് പുറത്തും.

അതിനൊക്കെ ഇന്ന് എത്ര മാറ്റം വന്നിട്ടുണ്ട് എന്നറിയില്ല. ഇങ്ങനെയുള്ള അസ്വാതന്ത്ര്യങ്ങളിലും സ്ത്രീകള്‍ കായികരംഗത്ത് ശോഭിക്കുന്നുണ്ടെങ്കില്‍ അത് എക്‌സ്ട്രാ ഓര്‍ഡിനറി തന്നെയാണ്.

ലോക സാമ്പത്തിക ഫോറം (World Economic Forum) പുറത്തിറക്കിയ ലിംഗ സമത്വ സൂചിക (Gender Gap Index) അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം 146 രാജ്യങ്ങളില്‍ 135ാമതാണ്. ഒരു ജനാധിപത്യ രാജ്യത്തിന് ഇത്രയും പിറകിലുള്ള സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കില്‍ എന്ത് ജനാധിപത്യമാണ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് എന്ന ചോദ്യം ഉയര്‍ന്നുവരും.

ഒരേ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ കൂലി നല്‍കുന്നതിന്റെ റാങ്ക് അടിസ്ഥാനത്തില്‍ ജനാധിപത്യ ഇന്ത്യയുടെ സ്ഥാനം മതരാഷ്ട്രമായ പാകിസ്ഥാനും (86) പുറകില്‍ 122ാമതാണ് എന്നുകൂടി ഇന്ന് പാകിസ്ഥാനെ പരിഹസിക്കുന്ന ഹൈപ്പര്‍ ദേശീയതക്കാര്‍ മനസ്സിലാക്കണം.

ലോകപ്രശസ്ത സാമ്പത്തികശാസ്ത്ര വിദഗ്ദ്ധന്‍ തോമസ് പിക്കറ്റി നേതൃത്വം നല്‍കി ഐക്യരാഷ്ട്രസഭ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ (UNDP) സഹകരണത്തോടെ പുറത്തിറക്കിയ ലോക അസമത്വ റിപ്പോര്‍ട്ട് (World Inequality Report) അനുസരിച്ച് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മൊത്തം വരുമാനത്തിന്റെ 18% മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. ബാക്കി 82%വും പുരുഷന്‍മാര്‍ കയ്യടക്കി വെച്ചിരിക്കുന്നു.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫ് ഇന്ത്യ (NSSO) കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഒരേ ജോലിക്ക് പുരുഷന്‍മാരേക്കാള്‍ മൂന്നിലൊന്ന് കുറഞ്ഞ കൂലിയേ ലഭിക്കുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നു. കണക്കുകള്‍ ഇങ്ങനെയാണെന്നിരിക്കേ ആഘോഷിക്കാന്‍ നമുക്കെന്താണുള്ളത്?

ഒരു മുതലാളിത്ത സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം തൊഴിലിന്റെ സാമൂഹ്യ പുനരുത്പാദനത്തിന് വേണ്ടിയുള്ളതാണ്. നല്ല കുടുംബിനികള്‍ പെറ്റുപോറ്റി കുടുംബത്തെയും സമൂഹത്തെയും നിലനിര്‍ത്തും, തൊഴിലിടങ്ങള്‍ക്ക് വേണ്ടവിധത്തില്‍ തൊഴിലാളികളെ സജ്ജരാക്കും. ഓള്‍മോസ്റ്റ് അണ്‍പെയ്ഡ് ജോലി.

അതുമാത്രമല്ല സ്ത്രീ തൊഴിലിനെ ഒരു റിവര്‍വ് ലേബര്‍ ആയി മാത്രം കാണുന്നതാണ് വ്യവസ്ഥ. സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനം കൊടുത്താന്‍ മതി എന്ന ബോധം വ്യവസ്ഥയിലുടനീളം സ്ഥാനം പിടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ റെഗുലേഷനുകളില്ലാത്ത തൊഴിലുകളിലെല്ലാം സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലി മതി എന്ന് മാര്‍ക്കറ്റ് തീരുമാനിക്കും. ഇന്ത്യയും ഇതില്‍നിന്ന് മുക്തമല്ലല്ലോ!

ചെയ്ത ജോലിക്ക് കൂലി കിട്ടണം. അതില്‍ ലിംഗവ്യത്യാസങ്ങള്‍ ഒരു മാനദണ്ഡമാക്കരുത്. സ്മൃതി മന്ദാനക്ക് പുരുഷ താരങ്ങളേക്കാള്‍ കുറഞ്ഞ തുകയാണ് താരലേലത്തില്‍ ലഭിച്ചത് എന്നുള്ളതല്ല ഇവിടുത്തെ വിഷയം. അത് പ്രശ്‌നമാണെന്ന് ഒരു ദേശീയവാദിക്കും തോന്നുകയുമില്ല. മറിച്ച് ‘ശത്രു രാജ്യത്തെ’ പുരുഷ കളിക്കാരേക്കാള്‍ കൂടിയ കൂലി നമ്മുടെ രാജ്യത്തെ വനിതകള്‍ക്ക് ഉണ്ടെന്നാണ് ഇവിടെ ആഘോഷിക്കാന്‍ കാരണം ആവുന്നത്.

കണ്ടില്ലെടാ ഞങ്ങടെ ‘പെണ്ണുങ്ങള്‍ പോലും’ നിങ്ങളെക്കാള്‍ ഉയര്‍ന്ന കൂലി വാങ്ങുന്നു എന്ന മനോഭാവം. പാട്രിയാര്‍ക്കി ഹര്‍ട്ട് ആവുന്നത് സ്ത്രീകളെക്കാള്‍ തങ്ങള്‍ പുറകിലാണ് എന്ന മെയില്‍ ഈഗോ പ്രവര്‍ത്തിക്കുമ്പോഴാണല്ലോ. സ്ത്രീക്ക് മുന്നില്‍ തോല്‍ക്കാന്‍ ശക്തിയില്ലാത്ത മനസുകള്‍ തന്നെയാണ് ബാബര്‍ അസമിനെയും പാകിസ്ഥാനെയും ട്രോളുന്നത്. തങ്ങള്‍ ഹര്‍ട്ട് ആവുന്ന മെയില്‍ ഈഗോയില്‍ അവരും ഹര്‍ട്ട് ആവും എന്നായിരിക്കണം ഈ പരിഹാസങ്ങള്‍ക്ക് പിറകിലുള്ള ചേതോവികാരം.

ഹൈപ്പര്‍ ഹിന്ദുത്വ ദേശീയവാദികള്‍ പോട്ടെ, ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങള്‍ വരെ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു എന്നതാണ് പ്രതീക്ഷിച്ചിരുന്ന ആശ്ചര്യം. കേരളത്തിലെ മനോരമയുമുണ്ട് ആ ഹൈപ്പര്‍ ദേശീയതയുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്.

ദേശീയതയക്ക് ഇന്ത്യയില്‍ വന്‍ മാര്‍ക്കറ്റ് ആണല്ലോ! അത് കച്ചവടം ചെയ്ത് അധികാരത്തില്‍ വരെ എത്തിയ ഭരണകക്ഷിയുള്ള ഒരു രാജ്യത്തെ മാധ്യമങ്ങളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാനാണ്?

സ്വന്തം തെറ്റുകാണാതെ മറ്റുള്ളവരെ പരിഹസിക്കുന്ന മനോഭാവമാണ് ഇന്ത്യന്‍ ഹൈപ്പര്‍ ദേശീയവാദികള്‍ ബാബര്‍ അസമിനോടും പാകിസ്ഥാനോടും ചെയ്തുകൊണ്ടിരിക്കുന്നത്. കാര്യങ്ങളിവിടെയും വെടിപ്പല്ല. എന്നിട്ടും എന്ത് കണ്ടിട്ടാണാവോ ഈ പരിഹാസം.

ഈ പരിഹാസത്തില്‍ തന്നെയാണ് സംഘപരിവാറിന്റെ പ്രതീക്ഷ. ആളുകള്‍ പട്ടിണി കിടന്ന് ചത്താലും കുഴപ്പില്ല, വന്ദേമാതരം ബി.ജി.എം ഇട്ട് രണ്ടോ മൂന്നോ ദേശീയതാ സ്റ്റാറ്റസ് വീഡിയോകള്‍ ഇട്ടുകൊടുത്താല്‍ മതി. നോട്ട് നിരോധനവും കര്‍ഷക രോഷവും ഒക്കെ ഒലിച്ച് പോയത് അങ്ങനെ ആണല്ലോ.

Content highlight: Ajith EA Smriti Mandhana and Babar Azam

അജിത് ഇ.എ

ജെ.എന്‍.യുവില്‍ കനേഡിയന്‍ സ്റ്റഡീസില്‍ ഗവേഷകന്‍

We use cookies to give you the best possible experience. Learn more