തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തില്‍ പ്രതികരിച്ച് സഹോദരന്‍ അജിത് ആന്റണി രംഗത്ത്. തീര്‍ത്തും ദൗര്‍ഭാഗ്യകരമായ നടപടിയാണിതെന്നും എത്ര അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ബി.ജെ.പിയില്‍ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അജിത് ആന്റണി പറഞ്ഞു.
വാര്‍ത്ത പുറത്ത് വന്നതിന് ശേഷം അച്ഛന്‍ എ.കെ. ആന്റണി വളരെ ദുഖിതനാണെന്നും ഇതിന് മുമ്പ് അദ്ദേഹത്തെ ഇത്ര ദുര്‍ബലനായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാക്കളും അനിലും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നെന്നും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്തിനാണെന്ന് അറിയില്ലെന്നും അജിത് കൂട്ടിച്ചേര്‍ത്തു. ബി.ബി.സി വിഷയത്തിന് പിന്നാലെ അനിലിനെ തെറിവിളിച്ച് കൊണ്ട് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നെന്നും അതിലുള്ള മനോവിഷമം കാരണമാകാം പാര്‍ട്ടി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ സഹോദരന്‍ തീരുമാനിച്ചതെന്നും അജിത് കൂട്ടിച്ചേര്‍ത്തു.
‘വൃത്തികെട്ട ഭാഷയിലാണ് നിരവധി കോണ്‍ഗ്രസുകാര്‍ അനിലിനെ വിളിച്ച് സംസാരിച്ചത്. നേതാക്കളല്ല പാര്‍ട്ടി പ്രവര്‍ത്തകരാണ് തെറിവിളിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ദിവസവും കിട്ടിയിരുന്നു ചീത്ത. അത് അവന് ഫീല്‍ ചെയ്തിട്ടുണ്ടാകാം. അതായിരിക്കാം പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് അനില്‍ പറയാന്‍ കാരണം. പക്ഷെ ബി.ജെ.പിയിലേക്ക് പോവുമെന്ന് വിചാരിച്ചില്ല.
കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്ന് അവന് തോന്നിക്കാണണം. അതായിരിക്കാം ബി.ജെ.പിയിലേക്ക് പോയത്. അനിലിനെ ബി.ജെ.പി കറിവേപ്പില പോലെ ചവിട്ടിക്കൂട്ടി വെളിയില്‍ കളയും. ഇതിന് മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊക്കെ സംഭവിച്ചത് നമ്മള്‍ കണ്ടതാണല്ലോ, കോണ്‍ഗ്രസ് നടപ്പിലാക്കിയ പദ്ധതികള്‍ പേര് മാറ്റുക മാത്രമാണ് ബി.ജെ.പി ചെയ്ത് കൊണ്ടിരിക്കുന്നത്. അനിലത് മനസിലാക്കി തെറ്റ് തിരുത്തി തിരിച്ച് വരുമെന്നാണ് ഞാന്‍ കരുതുന്നത്.
വാര്‍ത്ത വന്നതോടെ പപ്പ വിഷമിച്ച് ഒരു മൂലക്കിരിക്കുന്നതാണ് ഞാന്‍ കണ്ടത്. ഇന്നുവരെ പപ്പ ഇത്രത്തോളം ദുര്‍ബലനായിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.’ അജിത് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ തലവനായിരുന്ന അനില്‍ ആന്റണി പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്ത് പോവുന്നത്. തുടര്‍ന്ന് ഇന്നലെ വൈകീട്ട് ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ചെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.
തുടര്‍ന്ന് അനിലിന്റെ തീരുമാനത്തെ തള്ളി അച്ഛനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയും രംഗത്തെത്തിയിരുന്നു. മകന്റേത് തെറ്റായ തീരുമാനമാണെന്നും തന്റെ കൂറ് എല്ലാകാലത്തും നെഹ്‌റു കുടുംബത്തോടായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം എ.കെ ആന്റണിയുടെ മകനെന്നതിനപ്പുറം അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആരുമല്ലെന്നും ബി.ജെ.പിയില്‍ ചേരുന്നത് പാര്‍ട്ടിയെ ബാധിക്കില്ലെന്നുമായിരുന്നു വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം.
Content Highlight: Ajith antony react to brother anil antonys news