മുംബൈ: എന്‍.സി.പി. വിമത നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകില്ലെന്നും ഏക്‌നാഥ് ഷിന്‍ഡെ തന്നെ സ്ഥാനത്ത് തുടരുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഏക്‌നാഥ് ഷിന്‍ഡെയെ മാറ്റുമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിഥ്വിരാജ് ചവാന്റെ പ്രസ്താവനക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആഗസ്റ്റ് പത്തിനുള്ളില്‍ ഷിന്‍ഡെയെ മാറ്റി ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിയമിക്കുമെന്നായിരുന്നു ചവാന്‍ പറഞ്ഞിരുന്നത്. തന്റെ ജില്ലയായ താനെക്ക് പുറത്ത് ഷിന്‍ഡെക്ക് വേണ്ടത്ര സ്വാധീനം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് കീഴില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും പ്രിഥ്വിരാജ് പറഞ്ഞിരുന്നു. ബി.ജെ.പി അജിത് പവാറിനെ മുഖ്യമന്ത്രിയാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചവാന്‍ പറഞ്ഞു.
എന്നാല്‍ പ്രിഥ്വിരാജ് ചവാന്റെ വാദം തള്ളികൊണ്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഫഡ്‌നാവിസ് ഇപ്പോള്‍. മുഖ്യമന്ത്രി സ്ഥാനത്ത് ഏക്‌നാഥ് ഷിന്‍ഡെ തന്നെ തുടരുമെന്നും അതില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിഥ്വിരാജിനെ പോലെയുള്ളവര്‍ അഭ്യൂഹങ്ങള്‍ പരത്തുകയാണെന്നും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജൂലൈ രണ്ടിന് ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. അധികാര വിഭജന ഫോര്‍മുലയെ കുറിച്ച് അജിത് പവാറുമായി സംസാരിച്ചതാണെന്നും അദ്ദേഹം അത് സമ്മതിച്ചതാണെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
‘പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ എപ്പോഴും പ്രകടിപ്പിക്കാം, അവര്‍ക്ക് അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്നും ഉണ്ടാകും. അത് സ്വാഭാവികമായ ഒരു കാര്യമാണ്. എന്നാല്‍ പ്രിഥ്വിരാജ് ചവാന്‍ നടത്തിയ പ്രവചനം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല. ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്ന ഒരു കാര്യമെന്ന് പറയുന്നത് മന്ത്രിസഭാ വിപുലീകരണമാണ്, അതിന്റെ തിയതി മുഖ്യമന്ത്രി തീരുമാനിക്കും’, ഫഡ്‌നാവിസ് പറഞ്ഞു.
ജൂലൈ രണ്ടിനായിരുന്നു എന്‍.സി.പിയെ പിളര്‍ത്തി കൊണ്ട് അജിത് പവാറും എട്ട് എം.എല്‍.എമാരും ഷിന്‍ഡെ സര്‍ക്കാരില്‍ എത്തിയത്. തുടര്‍ന്ന് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു. ധനകാര്യ വകുപ്പ് അജിത് പവാറിന് നല്‍കുകയും ചെയ്തിരുന്നു.
അജിത് പവാര്‍ തങ്ങളുടെ സര്‍ക്കാരിനൊപ്പം ചേര്‍ന്നത് തന്റെ മുഖ്യമന്ത്രി പദത്തിന് ഭീഷണിയാകില്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു.
Content Highlight: Ajit Pawar would not be elevated as the chief minister of maharashtra; Devendra fadnavis