ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ ആദ്യ പ്രതികരണവുമായി ശിവസേന. മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ച എന്‍.സി.പിയുടെ തീരുമാനത്തിന് പിന്നില്‍ ശരദ് പവാറല്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
അവസാന വട്ട ചര്‍ച്ചയില്‍ അടക്കം അജിത് പവാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ വ്യത്യാസം തോന്നിയിരുന്നു.
യോഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഒരു അഭിഭാഷകനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞ് അജിത് പവാര്‍ ഇറങ്ങി. അദ്ദേഹം ഏത് അഭിഭാഷകനോടൊപ്പമായിരുന്നുവെന്ന് ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കി.
അജിത് പവാറിനെ അഴിക്കുള്ളിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബി.ജെ.പി ഒപ്പം കൂട്ടിയത്. അജിത് പവാര്‍ എന്‍ഫോഴ്‌മെന്റ് ഡയരക്ട്രേറ്റിന്റെ അന്വേഷണത്തെ ഭയപ്പെട്ടിരുന്നു.
ബി.ജെ.പിക്കൊപ്പം ചേരാനുള്ള അജിത് പവാറിന്റെ തീരുമാനം അദ്ദേഹം തനിച്ച് എടുത്തതാണ്. ഇത്തരമൊരു നടപടിയിലൂടെ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയിരിക്കുകയാണ് അദ്ദേഹം.
ഉദ്ധവ് താക്കറെയും ശരദ് പവാറും ഇന്ന് രാവിലേയും സംസാരിച്ചിരുന്നു. അവര്‍ സംയുക്തമായി മാധ്യമങ്ങളെ കാണും. ബി.ജെ.പിയുമായി ചേരാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.