ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചെടുക്കാനായി ബി.ജെ.പി ധാര്‍മികതയും പ്രത്യയശാസ്ത്രവും മാറ്റിവെച്ചെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ഇക്കാര്യം പറയുന്നത്. ബി.ജെ.പി സഖ്യത്തില്‍ നിന്നു പിന്മാറുക വഴി ഒന്നുമില്ലാതാകുന്നതില്‍ നിന്ന് അജിത് പവാര്‍ സ്വയം രക്ഷപ്പെടുകയാണു ചെയ്തതെന്നും എഡിറ്റോറിയലില്‍ പറയുന്നു.
‘എന്തിനാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി ഇത്രയധികം ത്വര കാണിച്ചത്? ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ വേണ്ടി എല്ലാ പ്രത്യയശാസ്ത്രങ്ങളും അവര്‍ മാറ്റിവെച്ചു. അടല്‍ ബിഹാരി വാജ്‌പേയിയും ശ്യാമപ്രസാദ് മുഖര്‍ജിയും നിലനിര്‍ത്തിപ്പോന്ന കാര്യങ്ങളാണു ദൗര്‍ഭാഗ്യവശാല്‍ അവര്‍ മാറ്റിനിര്‍ത്തിയത്.
അഴിമതിയിലൂടെ നിയമവിരുദ്ധമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചതിലൂടെ രാജ്യത്തിന്റെ ഭരണഘടനയെയാണ് ബി.ജെ.പി കൊന്നത്. മഹാരാഷ്ട്രാ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഭരണഘടനാ ദിനത്തില്‍ സുപ്രീം കോടതി ഉത്തരവിട്ടത് മണി പവറും മസില്‍ പവറും ഉപയോഗിച്ചവരുടെ മുഖത്തേറ്റ അടിയാണ്. ഈ ദിവസം തന്നെ കോടതി ഉത്തരവിട്ടത് സന്തോഷകരമായ യാദൃശ്ചികതയാണ്.
ഗവര്‍ണറുടെ ഉദ്ദേശ്യങ്ങളെ ജനങ്ങള്‍ വരെ ചോദ്യം ചെയ്തുകഴിഞ്ഞതാണ്. ഗവര്‍ണറുടെ നയങ്ങളെയും ഉദ്ദേശ്യങ്ങളെയും സുപ്രീം കോടതിയും ചോദ്യം ചെയ്തുകഴിഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടപ്പോള്‍ത്തന്നെ ഫഡ്‌നാവിസിന്റെ സര്‍ക്കാരിനു പുറത്തുപോകേണ്ടി വന്നു.
ഒന്നും ഇല്ലാതാകുന്നതില്‍ നിന്ന് അജിത് പവാര്‍ സ്വയം രക്ഷപ്പെടുകയാണു ചെയ്തത്. പക്ഷേ ബി.ജെ.പി ഇപ്പോള്‍ പൂര്‍ണമായി തുറന്നുകാണിക്കപ്പെട്ടുകഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ ചെയ്യാനാവില്ല.
രണ്ടു കുറ്റകൃത്യങ്ങളാണ് ഫഡ്‌നാവിസ് ചെയ്തത്. ഒന്ന്, ഭൂരിപക്ഷമില്ലാതെ അജിത്തിനൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചത്. രണ്ട്, അജിത്തിന്റെ പേരിലുള്ള അഴിമതിക്കേസുകള്‍ അവസാനിപ്പിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയുടെ സ്ഥിരതയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ മൂവരും കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കിയത്. 2014-ല്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത് എന്‍.സി.പിയുടെ സഹായത്തോടെയാണ്. അതേ കാര്യം തന്നെ ഞങ്ങള്‍ ചെയ്യുമ്പോള്‍ എന്തിനാണു പിന്നെ ചോദ്യങ്ങളുന്നയിക്കുന്നത്?’- എഡിറ്റോറിയലില്‍ ചോദിച്ചു.