മുംബൈ: നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിക്ക് ക്ലോക്ക് ചിഹ്നം ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. ശരത് പവാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ അനുമതി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത് അജിത് പവാര്‍ പക്ഷത്തെ ആണെന്നും സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളെ ചിഹ്നം പരസ്യപ്പെടുത്തുമ്പോള്‍ പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
അജിത് പവാര്‍ പക്ഷം ക്ലോക്ക് ചിഹ്നമുപയോഗിച്ച് വോട്ട് പിടിക്കുന്നുവെന്നും ലാഭമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ശരത് പവാര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
കക്ഷികള്‍ തങ്ങളുടെ ഉത്തരവുകള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാര്‍ച്ച് 19 ന് കോടതി പുറത്തിറക്കിയ ഇടക്കാല നിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
എന്‍.സി.പിയുടെ ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നത് നടപടികള്‍ക്കും കോടതിയുടെ അന്തിമ ഫലത്തിനും വിധേയമാണെന്നായിരുന്നു അജിത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയോട് ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നത്.
സുപ്രീം കോടതിയുടെ നിര്‍ദേശം ലംഘിക്കരുതെന്നും ഇക്കാര്യത്തില്‍ എന്‍.സി.പി പ്രവര്‍ത്തകര്‍ക്കും ഭാരവാഹികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ബോധവത്ക്കരണം നടത്തണമെന്നും കോടതി അജിത് പവാര്‍ പക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കൂറുമാറി ശിവസേന- ബി.ജെ.പി സഖ്യത്തില്‍ ചേര്‍ന്ന അജിത് പവാര്‍ പക്ഷത്തെ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ശരത് പവാര്‍ സുപ്രീം കോടതിയില്‍ മറ്റൊരു ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Ajit Pawar’s party can use clock symbol in Maharashtra assembly polls: Supreme Court