മുംബൈ: സത്യപ്രതിജ്ഞയ്ക്ക് മുമ്പേ ഇടഞ്ഞ് എന്‍.സി.പി അജിത് പവാര്‍ പക്ഷം. മന്ത്രിസഭയിലേക്ക് എന്‍.സി.പി എം.പിമാരെ പരിഗണിക്കാത്തത് അജിത് പവാര്‍ വിഭാഗത്തെ പ്രകോപിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
എന്‍.സി.പിക്ക് വാഗ്ദാനം നല്‍കിയ സഹമന്ത്രി സ്ഥാനം അജിത് പവാര്‍ പക്ഷം നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ തീരുമാനമെടുക്കാന്‍ ബി.ജെ.പിക്കും മോദിക്കും കുറച്ചുസമയം കൂടി നല്‍കുമെന്ന് അജിത് പവാര്‍ പറഞ്ഞു. അതേസമയം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അജിത് പക്ഷത്ത് നിന്ന് രണ്ട് എം.പിമാര്‍ക്കാണ് പാര്‍ട്ടി മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നത്. മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലിന്റെ പേരാണ് മോദി ആദ്യമായി തള്ളിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പ്രഫുല്‍ പട്ടേലിനെ കാബിനറ്റിലേക്ക് പരിഗണിക്കാന്‍ മോദി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര അധ്യക്ഷനും പാര്‍ട്ടിയുടെ ഏക എം.പിയുമായ സുനില്‍ തത്കരയെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല. ഇതിനെ തുടര്‍ന്നാണ് എന്‍.സി.പി അജിത് പവാര്‍ വിഭാഗം ബി.ജെ.പിയോട് ഇടഞ്ഞത്.
പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം കനത്ത പരാജയം നേരിട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്ത്യാ സഖ്യം വലിയ മുന്നേറ്റമാണ് മഹാരാഷ്ട്രയില്‍ നടത്തിയത്. ശിവസേന ഉദ്ധവ് താക്കറെ പക്ഷവും എന്‍.സി.പി ശരത് പവാര്‍ പക്ഷവും കോണ്‍ഗ്രസും ചേര്‍ന്നുള്ള പോരാട്ടത്തില്‍ എന്‍.ഡി.എ സഖ്യകക്ഷികള്‍ സംസ്ഥാനത്ത് വെട്ടിലാവുകയാണ് ഉണ്ടായത്.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്രത്തിന്റെ സമ്മര്‍ദം മൂലം തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നു.
ഒഡിഷയിൽ ബി.ജെ.ഡിയുടെ തോൽവിയിൽ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ വിശ്വസ്തനായ വി.കെ. പാണ്ഡ്യന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിൻവാങ്ങുകയാണെന്നും ഞായറാഴ്ച പ്രഖ്യാപിച്ചു.
Content Highlight: Ajit Pawar NCP fell out with BJP before taking oath