ഒടുവിലത് സംഭവിച്ചു; ശരത് പവാറിനെ കാണാന്‍ വീട്ടിലെത്തി അജിത് പവാര്‍
national news
ഒടുവിലത് സംഭവിച്ചു; ശരത് പവാറിനെ കാണാന്‍ വീട്ടിലെത്തി അജിത് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 10:29 pm

മുംബൈ: ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം എന്‍.സി.പി നേതാവ് അജിത് പവാര്‍ പാര്‍ട്ടി മേധാവി ശരത് പവാറിനെ വസതിയിലെത്തി കണ്ടു.

ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയും മീറ്റിംഗില്‍ പങ്കെടുത്തു. മഹാരാഷ്ട്ര നിയമസഭയില്‍ നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ച. അജിത് പവാറിന്റെ അമ്മാവന്‍ കൂടിയാണ് ശരത് പവാര്‍.

ബി.ജെ.പി പിന്മാറിയതോടെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് മുന്നണി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കും. സേനയുടെ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയായിരിക്കും മുഖ്യമന്ത്രി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാവാന്‍ തന്നെ തെരഞ്ഞെടുത്തതിന് സോണിയ ഗാന്ധിക്ക് ഉദ്ധവ് താക്കറെ നന്ദി പറഞ്ഞിരുന്നു. ‘മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും സ്വപ്നം കണ്ടിരുന്നില്ല. സോണിയാ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. പരസ്പരം വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് നമ്മള്‍ രാജ്യത്തിന് ഒരു പുതിയ ദിശാബോധം നല്‍കുന്നു.’ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ ഒന്നാം തിയ്യതി മുംബൈ ശിവജി പാര്‍ക്കില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ നടന്ന സേന-എന്‍.സി.പി-കോണ്‍ഗ്രസ് സംയുക്ത മീറ്റിംഗില്‍ ത്രികക്ഷി സഖ്യത്തിന്റെ നേതാവായി ഉദ്ധവ് താക്കറയെ തെരഞ്ഞെടുക്കും. സഖ്യത്തെ മഹാരാഷ്ട്ര വികാസ് അഘാടി എന്ന് വിളിക്കുമെന്ന് സംയുക്ത യോഗത്തില്‍ മൂന്നു പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു.

പരസ്യ ബാലറ്റിലൂടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെക്കുകയും ചെയ്തിരുന്നു. ഫഡ്‌നാവിസിന്റെ രാജിക്ക് അല്‍പ്പം മുന്‍പ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.