മുംബൈ: ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ നടത്തിയ നീക്കത്തില്‍ മാപ്പ് പറഞ്ഞ് എന്‍.സി.പി നേതാവ് അജിത് പവാര്‍.
തനിക്ക് തെറ്റ് പറ്റിയെന്നും മാപ്പ് തരണമെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനോട് അജിത് പവാര്‍ ആവശ്യപ്പെട്ടതായി എന്‍.സി.പി നേതാവ് നവാബ് മാലിക് പ്രതികരിച്ചു. എത്രയും പെട്ടെന്ന് തന്നെ പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ പദവി തീരുമാനിക്കുമെന്നും മാലിക് പറഞ്ഞു.
പാര്‍ട്ടിയിലെ തന്റെ പദവി തീരുമാനിക്കേണ്ടത് എന്‍.സി.പി നേതൃത്വമാണെന്ന് അജിത് പവാറും പ്രതികരിച്ചു. താന്‍ എന്‍.സി.പിക്കൊപ്പമുണ്ടാകും. ഇക്കാര്യം നേരത്തെ വ്യക്തമാക്കിക്കഴിഞ്ഞതാണ്.
അവര്‍ എന്നെ പുറത്താക്കിയിട്ടുണ്ടോ? നിങ്ങള്‍ അങ്ങനെ എവിടെയെങ്കിലും കേള്‍ക്കുകയോ വായിക്കുകയോ ചെയ്തിട്ടുണ്ടോ? ഞാന്‍ ഇപ്പോഴും എന്‍.സി.പിക്കൊപ്പം ഉണ്ട്. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനത്തിനും ഞാന്‍ കൂട്ടുനില്‍ക്കും. – എന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം അദ്ദേഹം പ്രതികരിച്ചത്.
‘നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയെ ബഹുമാനിക്കും. നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും ഐക്യവും കാത്തുസൂക്ഷിക്കും. എന്റെ കടമകളെല്ലാം ജാഗ്രതയോടെ നിറവേറ്റുമെന്ന് പ്രതിജ്ഞയെടുത്തു- പവാര്‍ പറഞ്ഞു.
സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് താന്‍ നിലപാട് മാറ്റാന്‍ തീരുമാനിച്ചതെന്നും അതിന് ശേഷം എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്നും പവാര്‍ പ്രതികരിച്ചു.