| Saturday, 7th December 2019, 8:31 pm

'ശരദ് പവാറിന്റെ പിന്തുണയുണ്ടെന്ന് അജിത് പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്'; സര്‍ക്കാരുണ്ടാക്കാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി ഫഡ്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ പിന്തുണയുണ്ടെന്ന് അജിത് പവാര്‍ പറഞ്ഞതുകൊണ്ടാണു തങ്ങള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചതെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ഒപ്പം ചേര്‍ന്നാല്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പി പിന്തുണയുള്ള സ്ഥിരതയാര്‍ന്ന സര്‍ക്കാരാണു സംസ്ഥാനത്ത് ആവശ്യമെന്നും അജിത് പവാര്‍ പറഞ്ഞതായി ഫഡ്‌നാവിസ് പറഞ്ഞു.

സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഫഡ്‌നാവിസ് ഇക്കാര്യം പറഞ്ഞത്. ‘ബി.ജെ.പി-എന്‍.സി.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുന്‍പ് അജിത് പവാറിനൊപ്പമുള്ള ചില എം.എല്‍.എമാര്‍ എന്നോടു സംസാരിച്ചിരുന്നു. അവര്‍ അദ്ദേഹത്തിനുള്ള പിന്തുണ ഉറപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്തു കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമിച്ചെന്ന ആരോപണം തെറ്റാണ്. ബി.ജെ.പി ആരുമായും ധാരണയിലെത്തിയിരുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ രണ്ടരവര്‍ഷം മുഖ്യമന്ത്രിപദം ആവശ്യപ്പെട്ടിരുന്ന ശിവസേനയുമായി ചേര്‍ന്നു ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കുമായിരുന്നു.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെയുമായുള്ള വ്യക്തിബന്ധത്തിന് ഇപ്പോഴും ഉലച്ചില്‍ തട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ക്കിടയില്‍ മതിലുകളില്ല. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തു തുടക്കമിട്ട ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നിലവിലെ സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പാകുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യമുണ്ട്.’- ഫഡ്‌നാവിസ് വിശദീകരിച്ചു.

തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളയുകയുണ്ടായി. അതെല്ലാം മാധ്യമ സൃഷ്ടികളാണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നതകള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടിയുടെ 105 എം.എല്‍.എമാരില്‍ 15 പേര്‍ ഇപ്പോള്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഉടന്‍ അവരുടെ തീരുമാനം അറിയാനാകുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ പങ്കജ മുണ്ടെ പാര്‍ട്ടി വിട്ടേക്കും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് എം.എല്‍.എമാരുടെ നീക്കം സജീവമായത്.

We use cookies to give you the best possible experience. Learn more