മുംബൈ: മഹാരാഷ്ട്രയിലെ ജലസേചന അഴിമതിക്കേസില്‍ എന്‍.സി.പി നേതാവ് അജിത് പവാറിന് ക്ലീന്‍ ചിറ്റ്. ഹൈക്കോടതിയില്‍ മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അജിത് പവാറിനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചത്.
നവംബര്‍ 27 നാണ് ബോംബെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരുവശത്ത് ബി.ജെ.പിയും മറുവശത്ത് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യവും കരുനീക്കങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു അന്വേഷണ ഏജന്‍സി അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.
നവംബര്‍ 26 നാണ് രണ്ടാം ഫഡ്‌നാവിസ് സര്‍ക്കാര്‍ രാജിവെച്ചത്. സത്യവാങ്മൂലം സമര്‍പ്പിച്ച് പിറ്റേദിവസമാണ് (നവംബര്‍ 28) ത്രികക്ഷി സഖ്യം അധികാരമേറ്റത്.
‘അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച തെളിവുകളും രേഖകളും പരിശോധിക്കുമ്പോള്‍ ജലവിഭവമന്ത്രിയുടെ ഭാഗത്ത് നിന്ന് ക്രിമിനല്‍ കുറ്റമൊന്നും ഉണ്ടായതായി കാണുന്നില്ല.’- സത്യവാങ്മൂലത്തില്‍ പറയുന്നു.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഈ വിഷയം ആളിക്കത്തിച്ചിരുന്നു. പിന്നാലെ അധികാരത്തിലെത്തിയ ഫഡ്‌നാവിസ് സര്‍ക്കാര്‍ അജിത് പവാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
2018 ല്‍ അജിത് പവാറിനെ കുറ്റക്കാരനാക്കിയായിരുന്നു അഴിമതി വിരുദ്ധ ഏജന്‍സി സത്യവാങ്മൂലം നല്‍കിയിരുന്നത്.
മഹാരാഷ്ട്രയില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് അജിത് പവാറിനെ കുറ്റവിമുക്തനാക്കിയത്. നേരത്തെ ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അജിത് പവാര്‍ ശ്രമിച്ചിരുന്നു.