| Tuesday, 26th November 2019, 4:14 pm

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് ബന്ധത്തെ ഊട്ടിയുറപ്പിച്ചത് അജിത് പവാര്‍ എപ്പിസോഡ്; ത്രികക്ഷി സഖ്യം ശക്തിപ്പെട്ടത് ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് കരുത്തുപകര്‍ന്നത് അജിത് പവാര്‍ എപ്പിസോഡ്.

എന്‍.സി.പി നേതാവ് അജിത് പവാറിനെ ഒപ്പം കൂട്ടി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലേറ്റതിന് പിന്നാലെയാണ് ത്രികക്ഷി സഖ്യം സംസ്ഥാനത്ത് കൂടുതല്‍ ബലപ്പെട്ടത്.

മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചും അല്ലാതെയും കൂടിക്കാഴ്ചകള്‍ നടത്തിയിട്ടും പൊതുമിനിമം പരിപാടി പ്രഖ്യാപിച്ച് വീണ്ടും പല വട്ടം ചര്‍ച്ച നടത്തിയിട്ടും തീരുമാനത്തില്‍ എത്താതിരുന്ന കാര്യമാണ് അജിത് പവാറിന്റെ കൂറുമാറ്റത്തോടെ വേഗതയിലായത്.

മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകുമ്പോഴും കാത്തിരുന്ന് കാണാം എന്ന സമീപനമായിരുന്നു ബി.ജെ.പി സ്വീകരിച്ചത്. ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ചില നേതാക്കള്‍ ഒട്ടും ആശങ്കയില്ലാതെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ബി.ജെ.പിക്ക് എല്ലാ പിന്തുണയും നല്‍കി ഗവര്‍ണര്‍ ഒപ്പം നില്‍ക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ഒക്ടോബര്‍ 24 ന് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും ബി.ജെ.പി-ശിവസേന സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതെ സഖ്യം പിളരുന്നത് വരെ ഗവര്‍ണര്‍ കാത്തിരിക്കുകയായിരുന്നു. അതിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ഇരുകക്ഷികളേയും ക്ഷണിച്ചാല്‍ ബി.ജെ.പിയെ അത് പ്രതിസന്ധിയിലാക്കുമെന്ന തിരിച്ചറിവിന് പിന്നാലെയായിരുന്നു ഇത്. ഫലം വന്ന് 16 ാം ദിവസമാണ് ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചത്. രണ്ട് ദിവസത്തെ സമയവും നല്‍കി.

എന്നാല്‍ ശിവസേനയ്ക്കും എന്‍.സി.പിക്കും 24 മണിക്കൂര്‍ മാത്രമാണ് ഗവര്‍ണര്‍ അനുവദിച്ചത്. മാത്രമല്ല എന്‍.സി.പിക്ക് നല്‍കിയ സമയം പാലിച്ചുമില്ല. മാത്രമല്ല എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക പോലും ചെയ്യാതെ കേന്ദ്രസര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയായിരുന്നു.

നവംബര്‍ 23 ന് കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ കാണാനിരിക്കെ തികച്ചും അപ്രതീക്ഷിതമായി അജിത് പവാര്‍ ബി.ജെ.പി പാളയത്തിലെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുലര്‍ച്ചെ 5.47ന് രാഷ്ട്രപതി ഭരണം പിന്‍വലിക്കുന്ന വിജ്ഞാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെക്കുകയും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേല്‍ക്കുകയും ചെയ്തു.

ഇതോടെ ശരദ് പവാര്‍ അജിത് പവാറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും എന്‍.സി.പിക്ക് പങ്കില്ലെന്നും ശരദ് പവാര്‍ ആവര്‍ത്തിച്ചു.

എന്നാല്‍ പൊടുന്നനെയുണ്ടായ ഈ രാഷ്ട്രീയ നീക്കം എന്‍.സി.പിക്കും ശിവസേനയ്ക്കും കോണ്‍ഗ്രസിനും കനത്ത ആഘാതമായിരുന്നു ഏല്‍പ്പിച്ചത്. അതിലുപരി അഭിമാനക്ഷതമായി എന്‍.സി.പിയും ശിവസേനയും കോണ്‍ഗ്രസും ഇതിനെ കണ്ടു.

മുഖ്യമന്ത്രി പദവി പങ്കിട്ടെടുക്കുന്നതിലും മറ്റ് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന ത്രികക്ഷി സഖ്യം അജിത് പവാര്‍-ബി.ജെ.പി സഖ്യം മഹാരാഷ്ട്രയില്‍ അധികാരമേറ്റതോടെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒരുമിച്ചു.

അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ഫഡ്‌നാവിസ് മഹാരാഷ്ട്ര പിടിച്ചതിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് പാര്‍ട്ടികളും സംയുക്തമായി സുപ്രീ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.

മൂന്ന് പാര്‍ട്ടിയിലുമുള്ള എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുന്നതിനോടൊപ്പം തന്നെ അജിത് പവാറിനൊപ്പം പോയ എം.എല്‍.എമാരേയും മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തിക്കാന്‍ ശരദ് പവാറിനായി.

സുപ്രീം കോടതിയില്‍ തങ്ങള്‍ക്കൊപ്പമുള്ള എം.എല്‍.എമാരുടെ കണക്കുകള്‍ സത്യവാങ്മൂലമായി സമര്‍പ്പിച്ചായിരുന്നു എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തങ്ങളുടെ അവകാശം ഉയര്‍ത്തിക്കാട്ടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂരിപക്ഷമുണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരുണ്ടാക്കിയ ബി.ജെ.പിക്ക് 24 മണിക്കൂറില്‍ കൂടുതല്‍ സമയം വിശ്വാസ വോട്ടെടുപ്പിനായി അനുവദിക്കരുതെന്നും ത്രികക്ഷി സഖ്യത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയും വാദിച്ചു.

എന്നാല്‍ ഗവര്‍ണര്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചെന്നും ഗവര്‍ണറുടെ അധികാരത്തില്‍ സുപ്രീം കോടതി കൈകടത്തരുതെന്നുമായിരുന്നു ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.

ഇരുകൂട്ടരുടേയും വാദം കേട്ട സുപ്രീം കോടതി വിധി ഇന്ന് പറയാന്‍ മാറ്റിവെക്കുകയും ബി.ജെ.പിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് നാളെ അഞ്ച് മണിക്കുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിര്‍ദേശം നല്‍കുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more