| Monday, 30th December 2019, 8:36 am

മഹാരാഷ്ട്രയില്‍ ഇന്ന് മന്ത്രിസഭാ വിപുലീകരണം; അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; സാധ്യതകളിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പി സഖ്യത്തില്‍ നിന്നും മടങ്ങി വന്ന അജിത് പവാര്‍ തിങ്കളാഴ്ച ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നും സൂചനയുണ്ട്. ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.

വിധാന്‍ സഭയില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. ഞായറാഴ്ച മൂന്നു പാര്‍ട്ടികളും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് എന്‍.സി.പി നേതാവ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുക്കുന്നത്.

പേരുകള്‍ നിര്‍ദേശിക്കുന്നതിനായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുതിര്‍ന്ന പാര്‍ട്ടി എം.എല്‍.എ മാരുടെ മീറ്റിംഗ് വിളിച്ചു ചേര്‍ത്തിരുന്നു. മന്ത്രിമാരുടെ പേര് തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാലാസാഹേബ് തോറാട്ടിനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. വൈകുന്നേരം പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

36 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസില്‍ നിന്ന് പത്ത് മന്ത്രിമാര്‍ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും. മുന്‍ മുഖ്യ മന്ത്രി അശോക് ചവാന്‍, അമിത് ദേശ്മുഖ്, വിജയ് വഡേട്ടിവാര്‍, യശോമതി താക്കൂര്‍, സുനില്‍ കേദാര്‍, സങ്ക്രം തോപ്‌തേ, സതേജ് പാട്ടീല്‍, വിശ്വജീത് കാദം, കെ.സി പത്വി, അമിന്‍ പട്ടേല്‍ തുടങ്ങിയവരായിരിക്കും മന്ത്രിമാരാവുക.

എന്‍.സി.പിയില്‍ നിന്നും ദിലിപ് വാല്‍സേ പാട്ടീല്‍, ഹാസന്‍ മുഷ്‌രിഫ്, ബാലാസാഹേബ് പാട്ടീല്‍, ദത്താത്രേയ് ഭാര്‍ണേ, അനില്‍ ദേശ്മുഖ്, ഡോ. രാജേന്ദ്ര ഷിംഗന്‍, ജിതേന്ദ്ര അവ്ഹാദ്, നവാബ് മാലിക്ക്, ധനഞ്ജയ് മുണ്ടെ, രാജേഷ് തോപേ, അതിഥി താത്കറേ, കിരണ്‍ ലഹാമ്‌തേ തുടങ്ങിയവരായിരിക്കും മന്ത്രിസഭയിലെത്തുക.

80 മണിക്കൂറുകള്‍ മാത്രം നിലനിന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സര്‍ക്കാരിലും അധികാരത്തിലെത്തിയത് അജിത് പവാറിന്റെ പിന്തുണയോടെയായിരുന്നു. ഫഡ്‌നാവിസ് സര്‍ക്കരിലും ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

എന്നാല്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ രാജിവെച്ചതിന് ശേഷം ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സഖ്യം നവംബര്‍ 28ന് അധികാരത്തില്‍ വരികയായിരുന്നു.

ഉദ്ധവ് താക്കറെയും ഓരോ പാര്‍ട്ടിയില്‍ നിന്നും രണ്ട് മന്ത്രിമാര്‍ എന്ന നിലയ്ക്ക് ആറു മന്ത്രിമാരുമാണ് അന്നേദിവസം സത്യ പ്രതിജ്ഞ ചെയ്തത്. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം മന്ത്രിസഭാ വിപുലീകരണം നടന്നിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മന്ത്രിസഭാ വികസനത്തിന് സ്വാഭിമാനി ശേക്താരി സംഘടന, പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയവരെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സഖ്യത്തില്‍ തര്‍ക്കമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more