പാര്‍ട്ടിയെ ഒറ്റുകൊടുക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നില്ല; ബി.ജെ.പിക്ക് പിന്തുണ നല്‍കിയതിനെ ന്യായീകരിച്ച് അജിത് പവാര്‍
India
പാര്‍ട്ടിയെ ഒറ്റുകൊടുക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നില്ല; ബി.ജെ.പിക്ക് പിന്തുണ നല്‍കിയതിനെ ന്യായീകരിച്ച് അജിത് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th February 2024, 1:27 pm

മുംബൈ: ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് പ്രവര്‍ത്തകര്‍ക്ക് കത്തെഴുതി മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍. തന്റെ നിലപാട് മഹാരാഷ്ട്രയിലെ പൗരന്മാരെ അറിയിക്കാനാണ് കത്തെഴുതിയതെന്ന് അജിത് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനവും അതിന്റെ സാഹചര്യങ്ങളും കത്തില്‍ അദ്ദേഹം വിശദീകരിച്ചു. മുതിര്‍ന്നവരെ അനാദരിക്കുകയെന്ന ഉദ്ദേശം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്‍.സി.പിയുടെ മുതിര്‍ന്ന നേതാവ് ശരദ് പവാറിനെ കുറിച്ച് ഒരു കാര്യവും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിലും ലക്ഷ്യങ്ങളിലും വിട്ടുവീഴ്ചകള്‍ വരുത്താതെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

‘പാര്‍ട്ടിയെ ഒറ്റുകൊടുക്കുക എന്ന ലക്ഷ്യം എനിക്കുണ്ടായിരുന്നില്ല. പകരം മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എല്ലാ ഇന്ത്യക്കാരും നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ട്. മഹാരാഷ്ട്രയുടെ ഭരണ സഖ്യത്തിനൊപ്പം ഈ ലക്ഷ്യത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കും,’ അജിത് പവാര്‍ പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് 400 സീറ്റുകള്‍ ലഭിക്കുമെന്നും അതിനുവേണ്ടി മഹാരാഷ്ട്ര സര്‍ക്കാരിന്റെ കൂടെ നിന്ന് പ്രവര്‍ത്തിക്കുമെന്നും അടുത്തിടെ നടന്ന ഒരു കര്‍ഷക റാലിയില്‍ അജിത് പവാര്‍ പറഞ്ഞിരുന്നു.

 

Content Highlight: Ajit Pavar writes open letter to workers explains his switch to BJP