മലപ്പുറം: എ.ഡി.ജെ.പി എം.ആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും വീണ്ടും ആരോപണങ്ങളുമായി എം.എൽ.എ പി.വി അൻവർ. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് അജിത് കുമാർ അട്ടിമറിച്ചെന്ന ആരോപണമാണ് എം.എൽ.എ പി.വി അൻവർ ഉന്നയിച്ചത്.
ഈ കേസ് അന്വേഷിച്ച ഡി.വൈ .എസ്.പി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബൂത്ത് ഏജന്റ് ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് ഇന്ന് യോഗം ചേരാനിരിക്കുന്നതിന്റെ തൊട്ട് മുമ്പാണ് പി.വി അൻവർ എം.എൽ.എ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതോടൊപ്പം പൊലീസിലെ ആർ.എസ്.എസ് സംഘം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയുമായുള്ള റിപ്പോർട്ടുകൾ പൂഴ്ത്തിവെക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ശശിയും അജിത് കുമാറും ചേർന്നാണ് റിപ്പോർട്ട് പൂഴ്ത്തി വെച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ ഇന്റലിജന്റ്‌സ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു.
‘ഈ സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കാൻ വേണ്ടി ആർ.എസ്.എസ്സുകാരെ അറസ്റ്റ് ചെയ്ത നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമമുണ്ടായി. രണ്ടാമതായി എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ ഇന്റലിജന്റ്സ് റിപ്പോർട്ട് ആ സമയത്ത് തന്നെ ലഭിച്ചിരുന്നു. എന്നിട്ടും എന്താണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അതിൽ നടപടിയൊന്നും എടുത്തില്ല തുടങ്ങിയ വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി സംസ്ഥാനത്ത് ചർച്ചയാകുന്നത്. മുഖ്യമന്ത്രിക്ക് ആ വിവരം അറിയില്ലായിരുന്നു. ആ ഇന്റലിജന്റ്‌സ് റിപ്പോർട്ട് പൂഴ്ത്തി വെക്കപ്പെട്ടു.
സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുമ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത്. പൂഴ്ത്തി വെച്ചത് അജിത് കുമാറും പി.ശശിയുമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ അദ്ദേഹം തന്നെ ചതിച്ചവർക്കെതിരെ നടപടിയെടുക്കുകയുള്ളു. അതിന് അവരുടെ ചതി അദ്ദേഹത്തിന് ബോധ്യപ്പെടണം ആ ബോധ്യപ്പെടലിന്റെ അടുത്തേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഉടൻ തന്നെ അതിന്റെ മേലൊരു തീരുമാനം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ പി.വി അൻവർ പറഞ്ഞു.