| Wednesday, 16th January 2019, 3:28 pm

നോട്ട് നിരോധനത്തിന് ശേഷം അജിത്ത് ദോവലിന്റെ മകന് നികുതി രഹിത രാജ്യങ്ങളില്‍ ധനകാര്യ സ്ഥാപനങ്ങള്‍; ലുലു ഗ്രൂപ്പിന്റെ റീജ്യണല്‍ ഡയറക്ടറും പങ്കാളിയെന്ന് 'കാരവന്‍'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ അജിത്ത് ദോവലിന്റെ മകന്‍ വിവേക് ദോവലിന് നികുതിരഹിത രാജ്യങ്ങളില്‍ ദുരൂഹമായ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്ളതായി കാരവന്‍ റിപ്പോര്‍ട്ട്.

ബ്രിട്ടന്‍, അമേരിക്ക, സിംഗപ്പൂര്‍, കെമാന്‍ ദ്വിപ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വ്യാപാര
രേഖകളാണ് കാരവന്‍ പുറത്തുവിട്ടിരിക്കുന്നത്.

വിവേക് ദോവലാണ് കെമാന്‍ ദ്വീപിലെ ഹെഡ്ജ് ഫണ്ടിന്റെ മേധാവി. പ്രധാനമന്ത്രി നരേന്ദ്രമോദി 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ നിരോധിച്ച് 13 ദിവസത്തിനുള്ളിലാണ് വിവേക് ദോവലിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി സ്ഥാപിക്കുന്നത്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നികുതി വെട്ടിക്കാന്‍ വേണ്ടി ഇത്തരം രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാറുണ്ട്. അത്തരത്തിലാണ് വിവേക് ദോവലിന്റെ കമ്പനിയുടെ പ്രവര്‍ത്തനവും.

വിവേക് ദോവലിന്റെ ബിസിനസ് സംരംഭങ്ങളില്‍ സഹോദരന്‍ ശൗര്യ ഡോവലിനും പങ്കുണ്ട്. വിവേക് ദോവല്‍ സ്ഥാപിച്ച ജി.എന്‍.വൈ ഏഷ്യ ഫണ്ട് എന്ന പേരിലുള്ള ഹെഡ്ജ് ഫണ്ടില്‍ വിവേകിനെ കൂടാതെ ഡോണ്‍ ഡബ്ല്യു ഇബാങ്ക്‌സ്, മുഹമ്മദ് അല്‍ത്താഫ് മുസ്ല്യാംവീട്ടില്‍ എന്നിവരും ഡയറക്ടര്‍മാരാണ്.


കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗം; ഉന്നതശ്രേണികളിലെ പിന്നാക്ക വിഭാഗത്തിന്റെ പ്രാതിനിധ്യം അപകടകരമാം വിധം കുറവെന്ന് വിവരാവകാശ രേഖകള്‍


ഇതില്‍ ഇബാങ്ക്‌സ് നിരവധി നികുതിവെട്ടിപ്പു വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന പാരഡൈസ് പേപ്പറില്‍ കുടുങ്ങിയ ആളാണ്. കെമാന്‍ ദ്വീപിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്നു. മറ്റൊരു ഡയറക്ടറായ മുഹമ്മദ് അല്‍ത്താഫ് മുസ്‌ല്യാം വീട്ടില്‍ ലുലു ഗ്രൂപ്പിന്റെ റീജ്യണല്‍ ഡയറക്ടറും പ്രമുഖ മലയാളി വ്യവസായി യൂസഫലിയുടെ ബന്ധുവുമാണ്.

പനാമ, പാരഡൈസ് പേപ്പറുകളില്‍ പരാമര്‍ശിക്കപ്പെട്ട വാക്കേഴ്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അഡ്രസ്സില്‍ തന്നെയാണ് ജി.എന്‍.വൈ ഏഷ്യ ഫണ്ടും പ്രവര്‍ത്തിക്കുന്നത്. വിവേകിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്നവരില്‍ പലരും ഇന്ത്യയിലുള്ള ശൗര്യയുടെ കമ്പനിയില്‍ ജോലിക്കാരാണ്.

മോദിയോടൊപ്പം ബിജെപി സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന ഇന്ത്യ ഫൗണ്ടേഷന്റെ മേധാവിയാണ് ശൗര്യ ദോവല്‍. മോദി പ്രധാനമന്ത്രിയായ ശേഷം നയപരമായ കാര്യങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള സംഘടനയായാണ് ഇന്ത്യ ഫൗണ്ടേഷന്‍ അറിയപ്പെടുന്നത്.

പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും ഇവര്‍ തന്നെയാണ്.

സംഘടനയുടെ ഡയറക്ടര്‍മാരില്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്നു. ഇപ്പോഴത്തെ ബിജെപി ജനറല്‍ സെക്രട്ടറിയും ആര്‍എസ്എസ് നേതാവുമായ രാം മാധവും ഫൗണ്ടെഷനമുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. അദ്ദേഹം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലെ പ്രമുഖ അംഗമാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപി വിനയ് സഹസ്രബദ്ധ, ആസാം ഗവണ്‍മെന്റില്‍ ധനമന്ത്രിയായ ഹിമാന്ത ബിസ്വ ശര്‍മ എന്നിവരും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍ ഉള്‍പ്പെടുന്നു.

കെമാന്‍ ദ്വീപില്‍ കോര്‍പ്പറേറ്റ് ടാക്സ് ഇല്ല എന്നതാണ് ആഗോളതലത്തില്‍ തന്നെ വ്യവസായികളെ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

നികുതി രഹിത രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ വ്യക്തി കൂടിയാണ് അജിത്ത് ദോവല്‍.

We use cookies to give you the best possible experience. Learn more