| Tuesday, 16th January 2018, 9:06 am

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍; രാജ്‌നാഥ് സിങ് വിശദീകരണം നല്‍കണമെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ ചേര്‍ന്ന ബി.ജെ.പി-ആര്‍.എസ്.എസ് യോഗത്തില്‍ കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് നേതാവും ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമായ രാംമാധവ് അടക്കം പങ്കെടുത്ത യോഗം വരാനിരിക്കുന്ന ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ആര്‍.എസ്.എസ് വിളിച്ചുചേര്‍ത്തതാണെന്ന് സി.പി.ഐ.എം ആരോപിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പോലെ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തത് ഗുരുതരമായ ചട്ടലംഘനമാണെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിശദീകരണം നല്‍കണമെന്നും സി.പി.ഐ.എം പോളിറ്റ്ബ്യൂറോ പുറത്തു വിട്ട പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ വീഴ്ച ചൂണ്ടിക്കാട്ടി സി.പി.ഐ.എം ത്രിപുര സെക്രട്ടറി ബിജന്‍ ധര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കമ്മീഷണര്‍ എ.കെ ജോതിക്ക് കത്തെഴുതിയിട്ടുണ്ട്.

ഇന്‍ഡീജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി (ഐ.പി.ടി.എഫ്) ചേര്‍ന്നാണ് ബി.ജെ.പി ത്രിപുരയില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. സഖ്യം സംബന്ധിച്ച് ബി.ജെ.പി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് ഐ.പി.ടി.എഫ് പറഞ്ഞിരുന്നു.

ത്രിപുരയില്‍ 1993ല്‍ അധികാരത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കുമെന്നും അഴിമതിക്കാരായ മന്ത്രിമാരെ തുറുങ്കിലടയ്ക്കുമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more