ഒരിക്കലും അവന്റെ തെറ്റല്ല, അവന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല; ലോകകപ്പ് സ്‌ക്വാഡില്‍ നിന്നുള്ള സൂപ്പര്‍ താരത്തിന്റെ ഒഴിവാക്കലിനെ കുറിച്ച് അഗാര്‍ക്കര്‍
രണ്ട് ദിവസം മുമ്പാണ് ഇന്ത്യ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ നായകനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ രോഹിത്തിന്റെ ഡെപ്യൂട്ടിയായും ചുമതലയേല്‍പിച്ചാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
മധ്യനിരയില്‍ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ് സൂപ്പര്‍ താരം റിങ്കു സിങ്ങിന് ഇടമുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഫിനിഷറുടെ റോളില്‍ പല മത്സരങ്ങളിലും കൊല്‍ക്കത്തക്കായി തിളങ്ങുകയും മത്സരങ്ങള്‍ വിജയിപ്പിക്കുകയും ചെയ്ത റിങ്കു ഇന്ത്യക്കായും ഫിനിഷറുടെ റോളിലെത്തുമെന്നാണ് ആരാധകര്‍ കരുതിയത്.
എന്നാല്‍ റിങ്കുവിനെ 15 അംഗ സ്‌ക്വാഡില്‍ അപെക്‌സ് ബോര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നില്ല. ട്രാവലിങ് റിസര്‍വായാണ് താരം ഇന്ത്യക്കൊപ്പം വിന്‍ഡീസിലേക്ക് പറക്കുക.
ഇപ്പോള്‍ റിങ്കുവിനെ എന്തുകൊണ്ട് 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അജിത് അഗാര്‍ക്കര്‍.
റിങ്കുവിന്റെ തെറ്റ് കാരണമല്ല തങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും കൂടുതല്‍ ബൗളിങ് ഓപ്ഷന്‍ വേണം എന്നുള്ളതിനാലുമാണ് താരത്തെ ഒഴിവാക്കേണ്ടി വന്നതെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. പത്രസമ്മേളനത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഇതൊരിക്കലും റിങ്കു സിങ്ങിന്റെ തെറ്റെല്ല. അവന്‍ തെറ്റായി ഒരു അടി പോലും വെച്ചിട്ടില്ല. പക്ഷേ ഞങ്ങള്‍ക്ക് കൂടുതല്‍ ബൗളിങ് ഓപ്ഷന്‍ വേണമായിരുന്നു. ഇക്കാരണത്താലണ് അവനെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വന്നത്. എന്നിരുന്നാലും അവന്‍ ട്രാവലിങ് റിസര്‍വിന്റെ ഭാഗമാണ്,’ അഗാര്‍ക്കര്‍ പറഞ്ഞു.
ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പിന് കളമൊരുങ്ങുന്നത്. 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കാനെത്തുന്നത്.
വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ഇത്തവണ ലോകകപ്പിന് ആതിഥേയരാകുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.