രണ്ട് ദിവസം മുമ്പാണ് ഇന്ത്യ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ നായകനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ രോഹിത്തിന്റെ ഡെപ്യൂട്ടിയായും ചുമതലയേല്‍പിച്ചാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍ റിഷബ് പന്തുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. ഐ.പി.എല്ലിലെ മികച്ച പ്രകടനം തന്നെയാണ് ഇരുവര്‍ക്കും ലോകകപ്പിലേക്കുള്ള വഴി തുറന്നത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനും സൂപ്പര്‍ താരവുമായ കെ.എല്‍. രാഹുല്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ 15 അംഗ സ്‌ക്വാഡിലോ റിസര്‍വ് താരങ്ങളുടെ പട്ടികയിലോ ഇടം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഇപ്പോള്‍ രാഹുലിനെ ടീമില്‍ നിന്നും എന്തുകൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അഗാര്‍ക്കര്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘രാഹുല്‍ ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത്. ഞങ്ങള്‍ തേടിയത് മിഡില്‍ ഓര്‍ഡറില്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ്. സഞ്ജുവിന് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി കളിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നി.
ഇത് സ്ലോട്ടുകള്‍ ഫില്‍ ചെയ്യുന്നതിനെ സംബന്ധിച്ച് മാത്രമാണ്. ഇക്കാരണത്താലാണ് ഞങ്ങള്‍ (റിഷബ്) പന്തിനെയും (സഞ്ജു) സാംസണെയും സ്‌ക്വാഡിന്റെ ഭാഗമാക്കിയത്,’ അഗാര്‍ക്കര്‍ പറഞ്ഞു.
ഇത് ആദ്യമായാണ് സഞ്ജു ഇന്ത്യക്കൊപ്പം ഒരു ബിഗ് ഇവന്റിന്റെ ഭാഗമാകുന്നത്.
വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ഇത്തവണ ലോകകപ്പിന് ആതിഥേയരാകുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.
നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.
അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് ഈസ്റ്റ് മെഡോയാണ് വേദി.
ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ജൂണ്‍ 05 vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ
ജൂണ്‍ 09 vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ
ജൂണ്‍ 12 vs യു.എസ്.എ – ഈസ്റ്റ് മെഡോ
ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്
Content highlight: Ajit Agarkar explains why he include Sanju Samson in World Cup squad