ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ആധികാരികമായ വിജയം നേടിയ ടീം ഇന്ത്യ, മൂന്നാം ടെസ്റ്റില്‍ ഇന്‍ഡോറില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ രണ്ട് ടെസ്റ്റിലും ബൗളിങ് നിരയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
ബാറ്റിങ് നിരയുടെ പ്രകടനം പ്രശംസനീയമായിരുന്നില്ല. മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും മോശം പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവെച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 109 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 163 റണ്‍സിനുമാണ് ഇന്ത്യ പുറത്തായിരിക്കുന്നത്.
ഇന്ത്യയുടെ പതനത്തിന് കാരണം രോഹിത് ശര്‍മയുടെ മണ്ടത്തരമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിത്ത് അഗര്‍ക്കര്‍.
അശ്വിനെ രോഹിത് തുടക്കത്തിലേ ഉപയോഗിക്കാതിരുന്നത് വലിയ മണ്ടത്തരമായിപ്പോയെന്നും ഇത് ഇന്ത്യന്‍ നായകന്റെ പോരായ്മയാണെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
‘ഇന്ത്യ അവരുടെ ടാക്ടിക്കുകളില്‍ ശ്രദ്ധാലുക്കള്‍ ആണെന്ന് കരുതരുത്. ആദ്യത്തെ മണിക്കൂറില്‍ അശ്വിന്‍ ഇല്ല? അദ്ദേഹം നേരത്തെ ബൗള്‍ ചെയ്തയാളാണ്. ആകെ 16 ഓവര്‍ ആണ് ബൗള്‍ ചെയ്തിരിക്കുന്നത്.
അക്‌സര്‍ പട്ടേല്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറായാണ് കളിക്കുന്നതെന്ന് എനിക്കറിയാം. പക്ഷെ അശ്വിനിലേക്ക് പോകേണ്ടതുണ്ട്. അവിടെയാണ് രോഹിത്തിന് വലിയ പിഴവ് സംഭവിച്ചത്,’ അഗര്‍ക്കര്‍ പറഞ്ഞു.
ആര്‍. അശ്വിനെ ഉപയോഗിക്കാന്‍ വൈകിയതുപോലെ ഉമേഷ് യാദവിനെ വൈകിയെത്തിച്ചതിനും രോഹിത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ആദ്യ രണ്ട് മത്സരത്തിലെയും ജയം പോലെ മൂന്നാം മത്സരവും ജയിക്കാമെന്ന അമിത ആത്മവിശ്വാസമാണ് ഇന്ത്യയെ ചതിച്ചതെന്നും വിലയിരുത്തലുകള്‍ ഉണ്ട്.
Content Highlights: Ajit Agarkar criticizes Rohit Sharma