| Monday, 22nd July 2024, 8:22 pm

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യന്‍ അവനായിരുന്നു: അജിത് അഗാക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പും സിംബാബവെ പര്യടനവും സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍. ഇതോടെ ഇന്ത്യയുടെ ഏകദിന സ്‌ക്വാഡും ടി-20യും ഇന്ത്യ പുറത്ത് വിട്ടിരുന്നു.

ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലെ ആദ്യ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നതിന് മുന്നോടിയായി ചീഫ് സെലക്ടര്‍ അജിത് അഗാക്കറും ഗംഭീറും പ്രസ് മീറ്റില്‍ സംസാരിച്ചിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഹര്‍ദിക് പാണ്ഡ്യയാണോ സൂര്യകുമാര്‍ യാദവ് ആണോ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുക എന്ന് എല്ലാവരും വളരെ ആകാംക്ഷയോടെ നോക്കിയ സംഭവമായിരുന്നു. പ്രസ് മീറ്റില്‍ ടി-20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് അഗാക്കര്‍.

‘എന്തുകൊണ്ടാണ് സൂര്യയെ ക്യാപ്റ്റനാക്കിയത് എന്നതിന് ഒറ്റ കാരണമെ ഉള്ളൂ, അവനാണ് അതിന് അര്‍ഹതപ്പെട്ട മികച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍. അവന് മികച്ച ക്രിക്കറ്റിങ് ബ്രെയിന്‍ ഉണ്ടെന്ന് ഡ്രസിങ് റൂമില്‍ നിന്ന് ഞങ്ങള്‍ക്ക് ധാരാളം ഫീഡ്ബാക്ക് ലഭിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റര്‍മാരില്‍ ഒരാളാണ് സൂര്യ. ഒരു നല്ല ക്യാപ്റ്റനാകാന്‍ ആവശ്യമായ എല്ലാ യോഗ്യതകളും സൂര്യക്കുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. എല്ലാ ഗെയിമുകളും കളിക്കാന്‍ സാധ്യതയുള്ള ഒരു ക്യാപ്റ്റനെയാണ് ഞങ്ങള്‍ ആഗ്രഹിച്ചതും,’ സൂര്യകുമാര്‍ യാദവിനെക്കുറിച്ച് അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

Content Highlight: Ajit Agakar Talking About Suryakumar Yadav

We use cookies to give you the best possible experience. Learn more