തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ ലളിത എന്ന അമ്മയുടെ കഥാപാത്രം ശ്രദ്ധിച്ച ആര്‍ക്കും ആ വേഷം ചെയ്തത് സിനിമയിലെ ഒരു തുടക്കക്കാരിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാവും. അത്രയേറെ കയ്യടക്കത്തോടെ ആ കഥാപാത്രം മികവുറ്റതാക്കാന്‍ അജിഷ എന്ന പയ്യന്നൂരുകാരിക്ക് സാധിച്ചിരുന്നു. ആദ്യ സിനിമയുടെ പതര്‍ച്ചയൊന്നുമില്ലാതെ, 33 വയസുള്ള അജിഷ 50 കാരിയായ അമ്മയുടെ വേഷത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തിളങ്ങി. ആദ്യ സിനിമ തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അജിഷ.
എന്നാല്‍ ചിത്രത്തിലെ ബാക്കിയുള്ള എല്ലാവരേയും ആളുകള്‍ തിരിച്ചറിയുന്നുണ്ടെന്നും തന്നെ അടുത്തറിയുന്നവര്‍ക്കല്ലാതെ ലളിത എന്ന കഥാപാത്രം ചെയ്തതെന്ന് താനാണെന്ന് മനസ്സിലായിട്ടില്ലെന്നുമാണ് അജിഷ പറയുന്നത്.
സോഷ്യല്‍ മീഡിയയിലൊക്കെ തന്റെ യഥാര്‍ഥ ചിത്രവും കഥാപാത്രത്തിന്റെ ചിത്രവുമൊക്കെ വെച്ച് പോസ്റ്റുകള്‍ വരുമ്പോഴാണ് പലര്‍ക്കും അത് താനാണെന്ന് മനസ്സിലാവുന്നതെന്നും ആദ്യ ദിവസങ്ങളിലൊക്കെ അതൊരു സങ്കടമായിരുന്നെന്നും അജിഷ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമകളില്‍ അഭിനയിച്ച് പരിചയം പോയിട്ട് ഒരു സിനിമാ ഷൂട്ടിങ് കണ്ടുള്ള പരിചയം പോലും തനിക്ക് ഇല്ലായിരുന്നെന്നും രണ്ട് വര്‍ഷം മുന്‍പ് ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ കണ്ട് ഭര്‍ത്താവ് അരുണ്‍ ഫോട്ടോ അയച്ചുകൊടുക്കുകയായിരുന്നെന്നും അജിഷ പറഞ്ഞു.
പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഭാഗത്തുള്ളവരെ ആവശ്യമുണ്ട് എന്നായിരുന്നു കാസ്റ്റിങ് കോളില്‍ പറഞ്ഞിരുന്നത്. ഓഡിഷനില്‍ തന്ന ഭാഗമൊക്കെ കാഞ്ഞങ്ങാട് ഭാഷയിലുള്ളതായിരുന്നു. പയ്യന്നൂര്‍-കാഞ്ഞങ്ങാട് ഒക്കെ ഏകദേശം ഒരുപോലെ ആയിരുന്നതിനാല്‍ ഭാഷ അത്രയ്‌ക്കൊരു പ്രശ്‌നമല്ലായിരുന്നു. ആ രീതിയില്‍ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് തയ്യാറെടുപ്പൊന്നും വേണ്ടിവന്നിട്ടില്ല. ഞങ്ങളെന്നും പറയുന്ന, അല്ലെങ്കില്‍ ചുറ്റിലും കേള്‍ക്കുന്ന സംസാരരീതിയാണ് ചിത്രത്തിലുള്ളതെന്നും അജിഷ പറഞ്ഞു.
സത്യം പറഞ്ഞാല്‍ അഭിനയിച്ചു തീരും വരെ സിനിമ എന്താണെന്നോ കഥ എന്താണെന്നോ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. ഞങ്ങളാരും സ്‌ക്രിപ്റ്റ് പോലും വായിച്ചിട്ടില്ല. എടുക്കാന്‍ പോകുന്ന സീന്‍ ഇതാണെന്ന് ആദ്യം പറഞ്ഞുതരും. ബാക്കി അഭിനയമൊക്കെ നമ്മള്‍ സ്വന്തമായി ചെയ്യണം.
സിനിമയിലെ പല ഡയലോഗുകളും അങ്ങനെ ഉണ്ടായതാണ്. ക്ലൈമാക്സിലുള്ള ആ അടി സീനിലൊക്കെ ഡയലോഗുകള്‍ ഞങ്ങള്‍ അപ്പോള്‍ തോന്നിയത് വിളിച്ചുപറഞ്ഞതാണ്. അതുകൊണ്ടാവാം സീനുകള്‍ അത്രയും സ്വാഭാവികമായത് എന്ന് തോന്നുന്നു. ഐ.എഫ്.എഫ്.കെയ്ക്ക് പ്രദര്‍ശിപ്പിച്ചപ്പോഴാണ് ‘ഓ സിനിമ ഇങ്ങനെയാണല്ലേ’ എന്നൊക്കെ മനസ്സിലായത്, അജിഷ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ajisha Prabhakar About Thinkalazhcha Nischayam Movie