| Monday, 23rd April 2018, 2:47 pm

'ഐ.പി.എല്ലിലല്ല'; '2019 ലോകകപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നറാവുകയാണ് ലക്ഷ്യം'; മനസ് തുറന്ന് അജിങ്ക്യാ രഹാനെ

സ്പോര്‍ട്സ് ഡെസ്‌ക്

ജയ്പൂര്‍: ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കവേയായിരുന്നു ടീം നായകന്‍ സ്റ്റീവ് സ്മിത്ത് ബോള്‍ ടാംപറിങ്ങ് വിവാദത്തില്‍പ്പെട്ട് അന്താരാഷ്ട്ര കരിയറില്‍ നിന്നു വിലക്ക് നേരിടുന്നത്. പിന്നീട് നായകനായി ചുമതലയേറ്റ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ ടീം മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ആറു മത്സരങ്ങളില്‍ മൂന്നു ജയവും മൂന്നു തോല്‍വിയുമാണ് രാജസ്ഥാന് ഈ സീസണില്‍ നേരിടേണ്ടി വന്നത്. ടൂര്‍ണമെന്റില്‍ ബാക്കിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി പോയിന്റ് ടേബിളില്‍ മുന്നേറുക എന്ന ലക്ഷ്യവുമായാണ് രഹാനെയും സംഘവും മുന്നോട്ട് കുതിക്കുന്നത്. എന്നാല്‍ തന്റെ പ്രധാന ലക്ഷ്യം 2019 ലെ ലോകകപ്പ് ആണെന്നാണ് രഹാനെ പറയുന്നത്.

സ്‌പോര്‍ട്‌സ് സ്റ്റാറിനു നല്‍കിയ അഭിമുഖത്തിലാണ് രഹാനെ തന്റെ ലക്ഷ്യത്തെക്കുറിച്ച് മനസ് തുറന്നത്. സൗത്താഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിനു അടുത്ത കാലത്ത് മികച്ച റെക്കോര്‍ഡുള്ളതും ടീമിനു ഗുണം ചെയ്യുമെന്നാണ് താരം പറയുന്നത്.

“സൗത്താഫ്രിക്കയില്‍ ഞങ്ങള്‍ നന്നായി കളിച്ചിരുന്നു. ഓസീസ് പര്യടനത്തിലും ഞങ്ങളുടേത് മികച്ച പ്രകനമാണ്. പ്രത്യേകിച്ച് ഷോര്‍ട് ബോളുകള്‍ ഒരു പ്രശ്‌നമേ അല്ലാതായി തീര്‍ന്നിട്ടുണ്ട്. ഞങ്ങളെല്ലാ മേഖലയിലും മികച്ച് നില്‍ക്കുന്നുണ്ട്, എങ്ങിനെയാണ് വേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. എല്ലാ ബാറ്റ്‌സ്മാന്‍മാരും വ്യത്യസ്തരാണ് അവരുടെ പ്രകടനങ്ങളും അങ്ങിനെതന്നെയാണ്.” രഹാനെ പറഞ്ഞു.

വേള്‍ഡ് കപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് തങ്ങളുടെ അത്യന്തിക ലക്ഷ്യമെന്നും താരം പറയുന്നു. “പരമ്പരകളും മത്സരങ്ങളും തുടരുകയാണ്. ലോകകപ്പാണ് എന്റെ ലക്ഷ്യം, രാജ്യത്തിനായി മികച്ച രീതിയില്‍ കളിക്കുക എന്നത് മാത്രമാണ്. മത്സര വിജയിയാവുകയെന്നതാണ് ഏറ്റവും വലിയ ലക്ഷ്യം” രഹാനെ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more