Advertisement
Sports News
വിന്‍ഡീസ് പര്യടനത്തിന് ശേഷം രഹാനെ പുതിയ ജേഴ്‌സിയില്‍ പുതിയ ടീമിലേക്ക്; ഇംഗ്ലണ്ടില്‍ ഇത് രണ്ടാമൂഴം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 19, 11:21 am
Monday, 19th June 2023, 4:51 pm

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം കൗണ്ടി മത്സരങ്ങള്‍ കളിക്കാനൊരുങ്ങി അജിന്‍ക്യ രഹാനെ. ലെസ്റ്റര്‍ഷെയറിനായാണ് രഹാനെ കളിക്കാനൊരുങ്ങുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഇന്ത്യയുടെ ആദ്യ പരമ്പരക്ക് ശേഷമാണ് രഹാനെ കൗണ്ടിക്കായി തയ്യാറാകുന്നത്.

ജൂലൈ 12 മുതല്‍ 25 വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

2019ല്‍ രഹാനെ നേരത്തെ കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. അന്ന് ഹാംഷെയറിന് വേണ്ടിയാണ് രഹാനെ ബാറ്റേന്തിയത്.

നേരത്തെ ജനുവരിയില്‍ തന്നെ രഹാനെ ലെസ്റ്റര്‍ഷെയറുമായി കരാറിലെത്തിയിരുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ റോയല്‍ ലണ്ടന്‍ കപ്പില്‍ എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കുന്നതിനായാണ് താരം കൗണ്ടി ടീമുമായി കരാറിലെത്തിയത്.

എന്നാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള രഹാനെയുടെ മടങ്ങി വരവ് കാരണം താരത്തിന് ലെസ്റ്റര്‍ഷെയറിനൊപ്പം ചേരാന്‍ സാധിക്കാതെ വരികയായിരുന്നു. വിന്‍ഡീസിനെതിരായ പരമ്പരക്ക് ശേഷമാകും രഹാനെ ഇനി ലെസ്റ്ററിനൊപ്പം ചേരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്ക് ശേഷം അജിന്‍ക്യ രഹാനെ ഇംഗ്ലണ്ടിലേക്ക് പോകും. ഷോര്‍ട്ടര്‍ ഫോര്‍മാറ്റുകളുടെ ഭാഗമല്ലാത്തതിനാല്‍ ആഗസ്റ്റില്‍ അദ്ദേഹം അവിടെ റോയല്‍ ലണ്ടന്‍ കപ്പും നാല് കൗണ്ടി മത്സരങ്ങളും കളിക്കും,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 12നാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. ഡൊമനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കാണ് വേദി. ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ വെച്ച്, ജൂലൈ 20 മുതലാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം അരങ്ങേറുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെ രഹാനെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. ഡൊമസ്റ്റിക്കിലെയും ഐ.പി.എല്ലിലെയും മികച്ച പ്രകടനത്തിന് പിന്നാലെയാണ് രഹാനെ വീണ്ടും റെഡ്‌ബോള്‍ ടീമിന്റെ ഭാഗമായത്.

ഫൈനലില്‍ ഓസീസിനോട് നാണംകെട്ട പരാജയമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നതെങ്കിലും ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രകടനമായിരുന്നു രഹാനെ പുറത്തെടുത്തത്. മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും രഹാനെ തന്നെയായിരുന്നു.

 

 

ആദ്യ ഇന്നിങ്‌സില്‍ 129 പന്തില്‍ നിന്നും 89 റണ്‍സ് നേടിയ രഹാനെയുടെ ഇന്നിങ്‌സാണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്നും രക്ഷിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 108 പന്തില്‍ നിന്നും 46 റണ്‍സാണ് താരം നേടിയത്.

 

 

Content Highlight: Ajinkya Rahane to play County Cricket