ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന ഇന്ത്യയെ താങ്ങി നിര്‍ത്തിയത് അജിന്‍ക്യ രഹാനെയുടെ ചെറുത്തുനില്‍പായിരുന്നു. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളടക്കം വളരെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍, ഏറെ നാളുകള്‍ക്ക് ശേഷം ടീമിലെത്തിയ രഹാനെക്കായിരുന്നു ടീമിനെ മുമ്പില്‍ നിന്നും നയിക്കാനുള്ള ചുമതലയുണ്ടായിരുന്നത്.
ഗാബ കീഴടക്കിയ ആ പഴയ ക്യാപ്റ്റനെ ഓസീസ് ഒരിക്കല്‍ക്കൂടി ഓവലില്‍ കാണുകയായിരുന്നു. രണ്ടാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ ടെസ്റ്റ് രീതിയില്‍ കളിച്ചിരുന്ന ജഡേജ തുടര്‍ന്നങ്ങോട്ട് എതിരാളികളെ ആക്രമിച്ചു കളിച്ചു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ പന്തുകള്‍ ബൗണ്ടറി കടന്നപ്പോള്‍ ടീം സ്‌കോറും ഉയര്‍ന്നു.
കൈക്കേറ്റ പരിക്ക് പോലും വകവെക്കാതെയാണ് രഹാനെ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നത്. ഒടുവില്‍ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും ടീമിനെ കരകയറ്റിയ ശേഷം സെഞ്ച്വറിക്ക് 11 റണ്‍സകലെ രഹാനെ കീഴടങ്ങി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അര്‍ധ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്നതടക്കം റെക്കോഡുകളുമായാണ് രഹാനെ ആദ്യ ഇന്നിങ്‌സിന് വിരാമമിട്ടത്.
രഹാനെയുടെ അപരാജിത ഇന്നിങ്‌സിന് പിന്നാലെ അദ്ദേഹത്തിന്റെ പങ്കാളി രാധിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. പരിക്കേറ്റ രഹാനെയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാധിക കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.
‘വിരലിന് പരിക്കേറ്റിട്ടും, തന്റെ മൈന്‍ഡ്‌സെറ്റ് നിലനിര്‍ത്തുന്നതിനായി സ്‌കാനിങ് പോലും വേണ്ടെന്ന് വെച്ച് നിസ്വാര്‍ത്ഥതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നിങ്ങള്‍ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഏറെ പ്രതിബദ്ധതയോടെ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമേകി നിങ്ങള്‍ ക്രീസില്‍ തന്നെ തുടര്‍ന്നു. നിങ്ങളുടെ അചഞ്ചലമായ ടീം സ്പിരിറ്റില്‍ ഞാന്‍ എന്നും അഭിമാനിക്കുന്നു. നിങ്ങളെ എന്നെന്നും സ്‌നേഹിക്കുന്നു,’ രാധിക കുറിച്ചു.
വമ്പന്‍ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസിന് അഞ്ചാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. 126 പന്തില്‍ നിന്നും 41 റണ്‍സ് നേടിയ മാര്‍നസ് ലബുഷാന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായിരിക്കുന്നത്.
നിലവില്‍ 60 ഓവര്‍ പിന്നിടുമ്പോള്‍ 160 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. 82 പന്തില്‍ നിന്നും 21 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 33 പന്തില്‍ നിന്നും 19 റണ്‍സടിച്ച അലക്‌സ് കാരിയുമാണ് ക്രീസില്‍.
Content highlight: Ajinkya Rahane’s partner pens an emotional note after India’s innings