| Saturday, 8th April 2023, 10:44 pm

ഫോം ഔട്ട് ഈസ് ടെംപററി, ബട്ട് ക്ലാസ് ഈസ് പെര്‍മെനന്റ്; പലതും മനസില്‍ കണ്ട് രഹാനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ആദ്യ എല്‍ ക്ലാസിക്കോ മത്സരത്തിന് വാംഖഡെ സ്‌റ്റേഡിയം സാക്ഷിയാവുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തേര്‍വാഴ്ചയണ് ആരാധകര്‍ കണ്ടത്.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച സി.എസ്.കെ നായകന്‍ ധോണിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ജഡ്ഡുവും സാന്റ്‌നറും അടങ്ങിയ സ്പിന്‍ നിരയ്‌ക്കൊപ്പം ദേശ്പണ്ഡേയും മഗാലയും പ്ലാനിനനുസരിച്ച് പന്തെറിഞ്ഞപ്പോള്‍ മുംബൈ വമ്പന്‍ സ്‌കോറിലെത്താതെ വീണു.

ബൗളിങ്ങില്‍ ജഡേജയായിരുന്നു ആഞ്ഞടിച്ചതെങ്കില്‍ ബാറ്റിങ്ങില്‍ ആ ഊഴം അജിന്‍ക്യ രഹാനെക്കായിരുന്നു. 19 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി തികച്ച രഹാനെ ചെന്നൈ സ്‌കോറിങ്ങിന്റെ നെടുംതൂണായി.

വെറ്ററന്‍ ബൗളര്‍ പീയൂഷ് ചൗളയെ തുടരെ തുടരെ ബൗണ്ടറിയടിച്ചായിരുന്നു രഹാനെ ഫിഫ്റ്റി തികച്ചത്. ഐ.പി.എല്‍ 2023ലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും സ്വന്തമാക്കിയാണ് താരം തരംഗമായത്.

ഒടുവില്‍ ടീം സ്‌കോര്‍ 82ല്‍ നില്‍ക്കവെയായിരുന്നു രഹാനെ പുറത്തായത്. 27 പന്തില്‍ നിന്നും 61 റണ്‍സ് നേടിയ രഹാനെ പീയൂഷ് ചൗളക്ക് തന്നെയായിരുന്നു തന്റെ വിക്കറ്റ് സമ്മാനിച്ചത്.

ഈ പ്രകടനത്തിന് പിന്നാലെ പലര്‍ക്കുമുള്ള മറുപടി നല്‍കാനും രഹാനെക്ക് സാധിച്ചിരുന്നു. ഫോം ഔട്ടിന്റെ പേരിലും മികച്ച രീതിയില്‍ റണ്‍ കണ്ടെത്താന്‍ സാധിക്കാതെ പോയതിനും നിരന്തരം വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു രഹാനെ നല്‍കിയത്.

ഈ വെടിക്കെട്ടിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രഹാനെ തരംഗമാവുകയണ്.

അതേസമയം, നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ 125 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ചെന്നൈ. 29 പന്തില്‍ പന്തില്‍ നിന്നും 29 റണ്‍സുമായി ഗെയ്ക്വാദും 24 പന്തില്‍ നിന്നും 28 റണ്‍സുമായി ശിവം ദുബെയുമാണ് ക്രീസില്‍.

Content highlight: Ajinkya Rahane’s brilliant Batting performance against Mumbai Indians

We use cookies to give you the best possible experience. Learn more