അജിന്‍ക്യ രഹാനെയുടെ ജീവിതാഭിലാഷം, രണ്ടിലൊന്ന് ആദ്യം സ്വന്തമാക്കുക അശ്വിന്‍; വേണ്ടത് വെറും അഞ്ച് മാച്ച്
Sports News
അജിന്‍ക്യ രഹാനെയുടെ ജീവിതാഭിലാഷം, രണ്ടിലൊന്ന് ആദ്യം സ്വന്തമാക്കുക അശ്വിന്‍; വേണ്ടത് വെറും അഞ്ച് മാച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th January 2024, 3:51 pm

മുന്‍ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെ തനിക്ക് നേടേണ്ട രണ്ട് ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈ തുടര്‍ച്ചയായ രണ്ടാം ജയം നേടിയതിന് പിന്നാലെ മാധ്യമങ്ങളെ കാണവെയാണ് രഹാനെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മുംബൈക്കായി രഞ്ജി ട്രോഫി നേടുക എന്നതാണ് ഇതില്‍ ഒന്നാമത്തെ ആഗ്രഹമായി രഹാനെ പറയുന്നത്. എലീറ്റ് ഗ്രൂപ്പ് ബി-യില്‍ ആന്ധ്രപ്രദേശിനെ തോല്‍പിച്ചതിന് പിന്നാലെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ബോണസ് പോയിന്റടക്കം രണ്ട് മത്സരത്തില്‍ നിന്നും 14 പോയിന്റാണ് മുംബൈക്കുള്ളത്. സസീണിലെ ആദ്യ മത്സരത്തില്‍ ബീഹാറിനെ ഇന്നിങ്‌സിനും 51 റണ്‍സിനും പരാജയപ്പെടുത്തിയാണ് മുംബൈ തുടങ്ങിയത്.

 

ആന്ധ്രാ പ്രദേശിനെതിരെയാണ് രഹാനെ സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താകാനായിരുന്നു മുംബൈ നായകന്റെ വിധി. രഞ്ജിയില്‍ ജനുവരി 19നാണ് മുംബൈയുടെ അടുത്ത മത്സരം. കേരളമാണ് എതിരാളികള്‍.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി 100 ടെസ്റ്റ് മാച്ചുകള്‍ കളിക്കുക എന്നതാണ് തന്റെ രണ്ടാം ആഗ്രഹമായി രഹാനെ പറഞ്ഞത്. നിലവില്‍ 85 ടെസ്റ്റുകളാണ് രഹാനെ കളിച്ചത്. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലാണ് രഹാനെ അവസാനമായി ഇന്ത്യന്‍ ജേഴ്‌സില്‍ ക്രീസിലെത്തിയത്.

പര്യടനത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ രഹാനെ ടീമിന് പുറത്താവുകയായിരുന്നു. ശേഷം നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലും രഹാനെക്ക് ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചില്ല.

അതേസമയം, രഹാനെയുടെ രണ്ടാം ലക്ഷ്യമായ നൂറ് മത്സരം എന്ന നേട്ടത്തിലേക്ക് അതിവേഗം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍ ഓടിയടുക്കുന്നുണ്ട്. നിലവില്‍ 95 മത്സരം കളിച്ച ഈ റൈറ്റ് ആം ഓഫ് ബ്രേക്കര്‍ക്ക് അഞ്ച് മത്സരങ്ങള്‍ കൂടെ കളിച്ചാല്‍ ഈ നേട്ടത്തിലെത്താം.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ആദ്യ രണ്ട് ടെസ്റ്റിലും അശ്വിന്‍ ടീമിന്റെ ഭാഗമാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന അശ്വിന്‍ രണ്ട് മത്സരത്തിലും പ്ലെയിങ് ഇലവന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ശേഷിക്കുന്ന ടെസ്റ്റിലും അശ്വിന് കളത്തിലിറങ്ങാം. അങ്ങനെ ഈ പരമ്പരയിലെ എല്ലാ മത്സരവും കളിക്കാന്‍ സാധിച്ചാല്‍ നൂറ് ടെസ്റ്റ് എന്ന നേട്ടവും അശ്വിന് സ്വന്തമാക്കാം.

നിലവില്‍ വെറും 13 താരങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യക്കായി നൂറ് മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (200), രാഹുല്‍ ദ്രാവിഡ് (163), വി.വി.എസ് ലക്ഷ്മണ്‍ (134), അനില്‍ കുംബ്ലെ (132), കപില്‍ ദേവ് (131), സുനില്‍ ഗവാസ്‌കര്‍ (125), ദിലീപ് വെങ്‌സര്‍ക്കാര്‍ (116), സൗരവ് ഗാംഗുലി (113), വിരാട് കോഹ്‌ലി (113*), ഇഷാന്ത് ശര്‍മ (105), ഹര്‍ഭജന്‍ സിങ് (103), ചേതേശ്വര്‍ പൂജാര (103), വിരേന്ദര്‍ സേവാഗ് (101) എന്നിവര്‍ മാത്രമാണ് ഇന്ത്യക്കായി നൂറ് റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ചത്.

അതേസമയം, ജനുവരി 25നാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

 

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.

ഇംഗ്ലണ്ട് സ്‌ക്വാഡ്:

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, രെഹന്‍ അഹമ്മദ്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ ഫോക്‌സ്, ഒല്ലി പോപ്പ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ടോം ഹാര്‍ട്ലി, ജാക്ക് ലീച്ച്, ഒല്ലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്.

 

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയുടെ ഷെഡ്യൂള്‍

ആദ്യ ടെസ്റ്റ് -ജനുവരി 25-29 – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ഹൈദരാബാദ്

രണ്ടാം ടെസ്റ്റ് – ഫെബ്രുവരി 2-6 – എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം.

മൂന്നാം ടെസ്റ്റ് – ഫെബ്രുവരി 15-19 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

നാലാം ടെസ്റ്റ് – ഫെബ്രുവരി 23-27 – ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്സ്, റാഞ്ചി

അഞ്ചാം ടെസ്റ്റ് – മാര്‍ച്ച് 7-11 – ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ധര്‍മശാല

 

 

Content highlight: Ajinkya Rahane’s ambition, Ashwin to own one of the two first