| Tuesday, 11th July 2023, 3:46 pm

അയാളുടെ കീഴില്‍ കളിക്കുന്നത് മഹത്തായ കാര്യമാണ്; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ഉപനായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സമീപ കാലത്ത് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബാറ്റ് കൊണ്ടും ക്യാപ്റ്റന്‍സിയിലും അദ്ദേഹത്തിന് വേണ്ട പോലെ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങാന്‍ സാധിക്കാത്തതും ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌ക്കറടക്കം ഒരുപാട് പേര്‍ രോഹിത്തിനെ വിമര്‍ഷിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ഡബ്ല്യു.ടി.സി ഫൈനലില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരുപാട് പാളിച്ചകള്‍ സംഭവിച്ചിരുന്നു എന്നാണ് നിരീക്ഷണം. പല പ്രമുഖ താരങ്ങളും പരസ്യമായി ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരത്തിന് സപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഉപനായകനായ അജിന്‍ക്യ രഹാനെ. രോഹിത്തിന്റെ കീഴില്‍ കൡക്കുന്നത് വളരെ മഹത്തായതും സന്തോഷം തരുന്നതുമായ കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ടീമില്‍ എല്ലാവര്‍ക്കും ഒരുപാട് പിന്തുണ രോഹിത് നല്‍കുന്നുണ്ടെന്നും രഹാനെ അഭിപ്രായപ്പെട്ടു.

‘രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതൊരും വലിയ കാര്യമാണ്, രോഹിത് എല്ലാ കളിക്കാര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു, അവരെ അദ്ദേഹം ഒരുപാട് പിന്തുണയ്ക്കുന്നു. ഇത് ക്യാപ്റ്റന്‍സിയുടെ നല്ല സൂചനയായിട്ടാണ് ഞാന്‍ കാണുന്നത്,’ രഹാനെ പറഞ്ഞു.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് രഹാനെ മനസ് തുറന്നത്. ജുലൈ 12നാണ് ഇന്ത്യ-വിന്‍ഡീസ് മത്സരം ആരംഭിക്കുന്നത്. ഡബ്ല്യു.ടി.സി ഫൈനലിന് ശേഷം ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണ് വിന്‍ഡീസിനെതിരെയുള്ളത്. ഫൈനലില്‍ ഓസീസിനോട് തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.


CONTENT  HIGHLIGHTS: AJINKYA RAHANE PRAISES ROHIT SHARMA

Latest Stories

We use cookies to give you the best possible experience. Learn more