| Friday, 19th January 2024, 12:21 pm

തുടര്‍ച്ചയായ രണ്ടാം ഗോള്‍ഡന്‍ ഡക്ക്; കേരളത്തിന്റെ കരുത്തില്‍ വിറച്ച് ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ മുംബൈ നായകന്‍ അജിന്‍ക്യ രഹാനെക്ക് അക്കൗണ്ട് തുറക്കും മുമ്പ് തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. നേരിട്ട് ആദ്യ പന്തില്‍ തന്നെയായിരുന്നു രഹാനെയുടെ മടക്കം.

തിരുവനന്തപുരെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ രഞ്ജിയിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളുടെ വിജയവുമായി കേരളത്തിനെതിരെ കളത്തിലിറങ്ങിയ മുംബൈക്ക് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ജയ് ബിസ്തയെയാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. ബേസില്‍ തമ്പിയെറിഞ്ഞ ആദ്യ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു ബിസ്തയുടെ മടക്കം.

വണ്‍ ഡൗണായി ക്രീസിലെത്തിയത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളും മുംബൈയുടെ നായകനുമായ അജിന്‍ക്യ രഹാനെയാണ്. എന്നാല്‍ ബിസ്തയുടെ അതേ വിധി തന്നെയാണ് രഹാനെയെയും കാത്തിരുന്നത്.

ബേസില്‍ തമ്പിയെറിഞ്ഞ രണ്ടാം പന്തില്‍ രഹാനെയും പുറത്തായി. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കിയാണ് രഹാനെ പുറത്തായത്.

രഞ്ജിയില്‍ ഇത് രണ്ടാം മത്സരമാണ് രഹാനെ കളിക്കുന്നത്. ബീഹാറിനെതിരായ ആദ്യ മത്സരത്തില്‍ താരം കളത്തിലിറങ്ങിയിരുന്നില്ല. ഷാംസ് മുലാനിയാണ് ആദ്യ മത്സരത്തില്‍ മുംബൈയെ നയിച്ചത്. മത്സരത്തില്‍ മുംബൈ ഇന്നിങ്‌സ് ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

രണ്ടാം മത്സരത്തിലാണ് രഹാനെ മുംബൈക്കൊപ്പം ചേര്‍ന്നത്. നേരിടാനുണ്ടായിരുന്നത് ഹനുമ വിഹാരി അണി നിരന്ന ആന്ധ്രാപ്രദേശിനെയും. മത്സരത്തില്‍ പത്ത് വിക്കറ്റിന് വിജയിച്ചെങ്കിലും സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ നിരാശപ്പെടുത്തി. ഗോള്‍ഡന്‍ ഡക്കായാണ് രഹാനെ പുറത്തായത്. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് രഹാനെ മടങ്ങിയത്.

മത്സരത്തില്‍ ആന്ധ്രാ പ്രദേശിന് ഫോളോ ഓണ്‍ വഴങ്ങേണ്ടി വരികയും 34 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം കുറിക്കുകയും ചെയ്തതോടെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ മുംബൈ വിജയിക്കുകയായിരുന്നു.

കേരളത്തിനെതിരെ സീസണിലെ രണ്ടാം ഇന്നിങ്‌സിലും രഹാനെ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതോടെ മുംബൈ ആരാധകര്‍ നിരാശരാണ്.

അതേസമയം, ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ 117 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ മുംബൈ ബാറ്റിങ് തുടരുകയാണ്. 26 പന്തില്‍ ഒമ്പത് റണ്‍സുമായി ശിവം ദുബെയും 16 പന്തില്‍ രണ്ട് റണ്‍സുമായി ഷാംസ് മുലാനിയുമാണ് ക്രീസില്‍.

ജയ് ബിസ്ത (0), അജിന്‍ക്യ രഹാനെ (0), ഭൂപന്‍ ലാല്‍വാനി (50), സുദേവ് പാര്‍ക്കര്‍ (18), പ്രസാദ് പവാര്‍ (28) എന്നിവരുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്.

കേരളത്തിനായി ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രേയസ് ഗോപാല്‍, എം.ഡി. നിധീഷ്, സുരേഷ് വിശ്വേശ്വര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content highlight: Ajinkya Rahane out for golden duck in consecutive matches

We use cookies to give you the best possible experience. Learn more