| Thursday, 25th July 2024, 9:12 am

ഇംഗ്ലണ്ടിൽ കൊടുങ്കാറ്റായി ഇന്ത്യൻ സൂപ്പർതാരം; പഴയ വീര്യവുമായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ ലെസ്റ്റര്‍ഷെയറിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ നോട്ടിങ്ഹാംഷെയറിനെ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം 15 റണ്‍സിനാണ് ലെസ്റ്റര്‍ഷെയര്‍ പരാജയപ്പെടുത്തിയത്.

ഗ്രേസ് റോഡില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നോട്ടിങ്ഹാംഷെയര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലെസ്റ്റര്‍ഷെയര്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടല്‍ ആണ് നേടിയത്.

എന്നാല്‍ മഴമൂലം നോട്ടിങ്ഹാം ഷെയറിന് വിജയിക്കാന്‍ 14 ഓവറില്‍ 105 റണ്‍സായിരുന്നു ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ നോട്ടിങ്ഹാംഷെയറിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

ലെസ്റ്റര്‍ഷെയറിനായി ഇന്ത്യന്‍ സൂപ്പര്‍താരം അജിങ്ക്യ രഹാനെ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്. 60 പന്തില്‍ 71 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 118.33 പ്രഹര ശേഷിയില്‍ ഒമ്പത് ഫോറുകളാണ് രഹാനെയുടെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തോടെ തനിക്ക് ഇപ്പോഴും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാന്‍ സാധിക്കുമെന്ന് ശക്തമായ സൂചനയാണ് രഹാനെ ക്രിക്കറ്റ് ലോകത്തിനു മുന്നില്‍ നല്‍കിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് രഹാനെ അവസാനമായി കളിച്ചത്.

ഏകദിനത്തില്‍ 2018ല്‍ സൗത്ത് ആഫ്രിക്കെതിരെയും ടി-20യില്‍ 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുമാണ് താരം അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ യുവതാരങ്ങള്‍ക്കിടയില്‍ തന്നെ കടുത്ത മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രഹാനയുടെ തിരിച്ചുവരവ് എത്രത്തോളം സാധ്യമാണെന്ന് കണ്ടുതന്നെ അറിയണം.

അതേസമയം  മത്സരത്തില്‍ രഹാനെക്ക് പുറമേ ക്യാപ്റ്റന്‍ ലൂയിസ് ഹില്‍ 68 പന്തില്‍ 81 റണ്‍സും സോള്‍ ബുഡിംഗര്‍ 74 പന്തില്‍ 75 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളും ഒരു സിക്‌സും ആണ് ലൂയിസ് നേടിയത്. മറുഭാഗത്ത് 10 ഫോറുകളും ഒരു സോളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

നോട്ടിങ്ഹാംഷെയറിനായി ലിന്‍ഡന്‍ ജെയിംസ് മൂന്ന് വിക്കറ്റും ഫര്‍ഹാന്‍ അഹമ്മദ്, റോബര്‍ട്ട് ലോര്‍ഡ്, ലിയാം പാറ്റേഴ്‌സണ്‍ വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ബാറ്റിങ്ങില്‍ ബെന്‍ സ്ലെറ്റര്‍ 36 പന്തില്‍ 24 റണ്‍സും ടോം മൂര്‍സ് 11 പന്തില്‍ ഫ്രഡി മക്കാന്‍ 25 പന്തില്‍ 23 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും രണ്ടക്കം കാണാൻ സാധിച്ചില്ല.

ലെസ്റ്റെര്‍ഷെയര്‍ ബൗളിങ്ങില്‍ ടോം സ്‌കീവന്‍ മൂന്നു വിക്കറ്റും ബെന്‍ മൈക്ക് ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Ajinkya Rahane Great Performance for Leicestershire

We use cookies to give you the best possible experience. Learn more