| Tuesday, 25th April 2023, 12:42 pm

ഇന്ത്യന്‍ ടീമില്‍ ഇടംനേടി രഹാനെ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബി.സി.സി.ഐ പുറത്തുവിട്ട 15 അംഗങ്ങളുടെ പട്ടികയില്‍ അജിന്‍ക്യ രഹാനെയും ഉള്‍പ്പെട്ടിട്ടുണ്ട്. 82 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച രഹാനെ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടീമിനൊപ്പം അവസാനമായി മത്സരിച്ചത്.

തുടര്‍ന്ന് ഫോം ഔട്ട് ആയതിനെ തുടര്‍ന്ന് താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നിരുന്നാലും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന 34കാരനായ താരം ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

അതേസമയം, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ എന്നീ താരങ്ങളെ സ്‌ക്വാഡില്‍ നിന്ന് വിട്ടുനിര്‍ത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്ക് കാരണം സ്‌ക്വാഡില്‍ ഇടം നേടാനായില്ല. രഹാനെക്കൊപ്പം ഓള്‍ റൗണ്ടര്‍ ശര്‍ദുല്‍ താക്കൂറും ഡബ്ല്യൂ.ടി.സി ഫൈനലിലേക്കുള്ള സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. അയ്യര്‍ പരിക്കിന്റെ പിടിയിലായതിന് പിന്നാലെയാണ് രഹാനെ ടീമില്‍ തിരിച്ചെത്തിയത്.

ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിങ്ങനെ മൂന്ന് സ്പിന്നര്‍മാരാണ് സ്‌ക്വാഡിലുള്ളത്. കെ.എസ്. ഭരത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും വിക്കറ്റ് കീപ്പറാകും എന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടം നടക്കുക.

ഇന്ത്യന്‍ ടീം:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, കെ.എല്‍. രാഹുല്‍, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്ഘട്ട്.

Content Highlights: Ajinkya Rahane got placed in Indian team for WTC final against Australia

We use cookies to give you the best possible experience. Learn more