ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി ഇന്ത്യ. ഒരുവേള ഫോളോ ഓണ്‍ വഴങ്ങേണ്ടി വരുമെന്ന് കരുതിയെങ്കിലും അജിന്‍ക്യ രഹാനെയുടെ ചെറുത്തുനില്‍പാണ് ഇന്ത്യക്ക് തുണയായത്.
അഞ്ചാമനായി ക്രീസിലെത്തിയ അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്. 129 പന്തില്‍ നിന്നും 11 ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 89 റണ്‍സാണ് രഹാനെ സ്വന്തമാക്കിയത്.
ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യചന്‍ഷിപ്പിന്റെ ഫൈനലില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഏക ഇന്ത്യന്‍ താരമെന്ന റെക്കോഡും (ഇതുവരെ) രഹാനെയെ തേടിയെത്തിയിരുന്നു.
ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഫൈനിലേതടക്കം മൂന്ന് ഇന്നിങ്‌സുകളില്‍ ഇന്ത്യ കളിച്ചിട്ടും ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും അര്‍ധ സെഞ്ച്വറി പിറക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021ലെ രണ്ട് ഇന്നിങ്‌സിലും ഒറ്റ ഇന്ത്യന്‍ താരത്തിന് പോലും ഫിഫ്റ്റി തികയ്ക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു.
ഈ നേട്ടത്തിന് പുറമെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് താണ്ടാനും അജിന്‍ക്യ രഹാനെക്ക് സാധിച്ചു. ടെസ്റ്റില്‍ 5,000 റണ്‍സ് എന്ന മാജിക്കല്‍ നമ്പറിലേക്കാണ് രഹാനെ നടന്നുകയറിയത്.
നിലവില്‍ 67 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 282 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്. 11 പന്തില്‍ നിന്നും അഞ്ച് റണ്‍സ് നേടിയ ഉമേഷ് യാദവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.