സൂപ്പര്‍ താരങ്ങളായ ഇഷാന്ത് ശര്‍മയെയും അജിന്‍ക്യ രഹാനെയെയും കേന്ദ്ര കരാറില്‍ നിന്നും പുറത്താക്കാനൊരുങ്ങി ബി.സി.സി.ഐ. വരുന്ന ക്രിക്കറ്റ് കലണ്ടറില്‍ ഇരുവരുടെയും കരാര്‍ പുതുക്കേണ്ടെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബര്‍ 21ന് ചേരുന്ന ബി.സി.സി.ഐ അപെക്‌സ് കൗണ്‍സിലില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടായേക്കും. ഇതിന് ശേഷമായിരിക്കും 2022-23ലെ പുരുഷ-വനിതാ ടീമുകളുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടും റിറ്റെന്‍ഷന്‍ ലിസ്റ്റും പ്രഖ്യാപിക്കുക.
ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ കളിക്കാനോ സ്‌ക്വാഡില്‍ ഉള്‍പ്പെടാനോ സാധിക്കാതെ പോയതടക്കമുള്ള കാര്യമാണ് രഹാനെക്കും ഇഷാന്ത് ശര്‍മക്കും വിനയായത്.
അതേസമയം, സൂപ്പര്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും സൂര്യകുമാര്‍ യാദവിനും പ്രൊമോഷനും ഉണ്ടാകും. സി ലെവലില്‍ നിന്നും ബി ലെവലിലേക്കാണ് ഇരുവരെയും ഉയര്‍ത്തുക. സമീപ കാലങ്ങളില്‍ ഇന്ത്യക്കായി കാഴ്ചവെച്ച മികച്ച പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പ്രൊമോഷന്‍.
രോഹിത് ശര്‍മക്ക് പകരം ഇന്ത്യന്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൂടി പരിഗണിക്കുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനം തന്നെയാണ് പാണ്ഡ്യ കാഴ്ചവെക്കുന്നത്. താരത്തിനൊപ്പം നടത്തിയ പര്യടനങ്ങളെല്ലാം തന്നെ ടീമിന് ഗുണം മാത്രമാണ് നല്‍കിയിട്ടുള്ളത്.
ടി-20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ ടി-20 എക്‌സ്പിരിമെന്റുകളൊന്നും തന്നെ സൂര്യകുമാറില്ലാതെ പൂര്‍ത്തിയാകാറില്ല.
കൂടാതെ ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ കരാര്‍ പട്ടികയില്‍ ഉള്‍പ്പെടും. പുതിയ പട്ടികയില്‍ ശുഭ്മാന്‍ ഗില്ലിനും സ്ഥാനക്കയറ്റം ലഭിച്ചേക്കും.
എന്നാല്‍ മികച്ച ഫോമില്‍ തുടരുമ്പോഴും ടീമില്‍ ഇടം നേടാന്‍ സാധിക്കാത്ത സഞ്ജു സാംസണ്‍ കരാര്‍ നല്‍കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാര്‍ഷിക കരാറില്‍ എ+ കരാര്‍ സ്വന്തമാക്കുന്ന ഒരു കളിക്കാരന് ഏഴ് കോടി രൂപയാണ് ലഭിക്കുക. എ ഗ്രേഡുളള കളിക്കാര്‍ക്ക് അഞ്ച് കോടി രൂപയും ബി ഗ്രേഡ് താരത്തിന് മൂന്ന് കോടി രൂപയും ലഭിക്കും. ഒരു കോടിയാണ് സി ഗ്രേഡ് താരത്തിന്റെ പ്രതിഫലം.
Content Highlight: Ajinkya Rahane and Ishant Sharma may lose central contract